ബുദ്ധന്റെ പല്ലു സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം

505637931
SHARE

ആരാധിക്കുന്നതും പ്രാർഥിക്കുന്നതും സമാധാനം ഏറ്റവുമധികം കാംക്ഷിച്ച ശ്രീബുദ്ധൻ എന്ന മഹായോഗിയെ ആണെങ്കിലും സമാധാനമെന്നത് ശ്രീലങ്ക എന്ന നാടിന് ഇന്നും അപ്രാപ്യമായ ഒന്നാണ്. വൈരുധ്യമെന്നത് ഏറ്റവും തീവ്രമായ രൂപത്തിൽ ദർശിക്കാൻ കഴിയുന്നതുമിവിടെയാണ്. ഭൂരിപക്ഷം വരുന്ന സിംഹളർ  വിശ്വസിക്കുന്നത് ബുദ്ധന്റെ അനുശാസനങ്ങളാണ്. തമിഴർ ന്യൂനപക്ഷം മാത്രം... എന്നിട്ടും ആഭ്യന്തര കലഹത്തിന് യാതൊരു കുറവുമില്ല. മതങ്ങൾ പഠിപ്പിച്ചത് സ്നേഹിക്കുവാനും സമാധാനത്തിൽ പുലരാനുമാണെങ്കിൽ എന്തിനാണീ കലഹം എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.  

ഇന്ത്യയുടെ കണ്ണീരു പോലൊരു തുള്ളിയാണ് നമുക്കു ശ്രീലങ്ക എന്ന രാജ്യം. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ്. കടലിനു നടുവിലെ ആ ദ്വീപിലേക്കുള്ള യാത്ര ഏറെ കൗതുകകരവും രസകരവുമാണ്. ആരാധ്യനായ ബുദ്ധന്റെ  പല്ലു സൂക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രമുണ്ട് മധ്യ ശ്രീലങ്കയിലെ നഗരമായ കാൻഡിയിൽ. ദളദ മാലിഗാവ എന്ന ആ ക്ഷേത്രമാണ് ശ്രീലങ്കയിലെ മുഖ്യാകർഷണം.

515012090

ഒരു കൊട്ടാരസമുച്ചയത്തിന്റെ രൂപഭാവങ്ങളാണ് ദളദ മാലിഗാവ എന്ന ക്ഷേത്രത്തിന്. ലോകത്തെ തന്റെ തത്വങ്ങളിലൂടെ സ്വാധീനിച്ച ആ മഹാനുഭാവന്റെ ഇന്നും നശിക്കാത്ത ഒരു ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് ഈ ക്ഷേത്രത്തിലാണ്. ശ്രീബുദ്ധന്റെ ചിതയിൽ നിന്നു ലഭിച്ച പല്ല് മുടിക്കെട്ടിൽ ഒളിപ്പിച്ചു  ശ്രീലങ്കയിലേക്കു കൊണ്ടുപോയത് ഹേമമാലി രാജകുമാരിയാണെന്നാണ് പറയപ്പെടുന്നത്.  ബുദ്ധന്റെ ഭൗതികാവശിഷ്ടമായ ഈ ദന്തം പോർച്ചുഗീസുകാർ നശിപ്പിച്ചെന്നും ഇപ്പോഴുള്ളത് കൃത്രിമമാണെന്നു വാദിക്കുന്നവരും കുറവല്ല. 

185277804

ഓഗസ്റ്റിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം. പത്തുദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം അറിയപ്പെടുന്നത് എസല പെരാഹാര എന്നാണ്. വിശ്വാസികൾ വളരെ പരിപാവനമായി കാണുന്ന ബുദ്ധദന്തം ഉത്സവനാളിൽ സ്വർണവും രത്നങ്ങളും കൊണ്ടലങ്കരിച്ച ഒരു പേടകത്തിൽ ആനപ്പുറത്തു താളമേളങ്ങളുടെ അകമ്പടിയോടെ എഴുന്നെള്ളിക്കും. ഈ ദന്തവുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. നൂറ്റാണ്ടുകളായി പല രാജാക്കന്മാരിലൂടെയും രാജവംശങ്ങളിലൂടെയും കൈമാറി ഇന്ത്യയിൽനിന്നു ശ്രീലങ്കയിലെത്തിയതാണ് ഈ ദന്തമെന്നാണ് ചരിത്രം പറയുന്നത്. ഈ പല്ല് ഭാഗ്യം കൊണ്ടുവരുമെന്നു വിശ്വസിച്ചിരുന്നതിനാൽ ഇതു സൂക്ഷിക്കാനായി രാജാക്കന്മാർ പ്രത്യേകം കൊട്ടാരങ്ങൾപോലും പണിതിരുന്നത്രേ. എന്നാൽ പോർച്ചുഗീസുകാർ ഈ ദന്തം കണ്ടെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് പറയപ്പെടുന്നത്.  

482509240

ദളദ മാലിഗാവ എന്ന ഈ  ക്ഷേത്രവും ഒരു കൊട്ടാരത്തിനുള്ളിലാണ്. ക്ഷേത്രത്തിന്റെ മുകൾനില നിറയെ ബുദ്ധന്റെ പ്രതിമകളാണ്. അതിൽ വെളുത്തനിറത്തിലുള്ളവയും സ്വര്‍ണനിറത്തിലുള്ളവയുമുണ്ട്. ബുദ്ധന്റെ ധാരാളം ചിത്രങ്ങളും പെയിന്റിങുകളും അവിടെയുണ്ട്. 1998 ലുണ്ടായ ഒരു സ്‌ഫോടനത്തിൽ ഈ ക്ഷേത്രം തകർന്നുപോയെങ്കിലും പിന്നീട് പുതുക്കിപ്പണിതു. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെട്ടതാണ് ദളദ മാലിഗാവ ഉൾപ്പെടുന്ന കാൻഡി നഗരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA