ലോകത്തിലെ ഏറ്റവും സാഹസിക തേൻവേട്ട കാണാം

img-475487
SHARE

വ്യവസായികാടിസ്ഥാനത്തിലുള്ള തേനുൽപ്പാദനം നമ്മുടെ നാട്ടിൽ ഇപ്പോൾ സുപരിചിതമായ കാഴ്ചയാണ്. റബര്‍ തോട്ടങ്ങളിൽ കൂടുകൾ സ്ഥാപിച്ചു വളർത്തുന്ന തേനീച്ചകളിൽ നിന്ന് തേൻ സംഭരിക്കുന്നത് വലിയ അപകടകരമായ ഒരു പ്രക്രിയയൊന്നുമല്ല. എന്നാൽ...യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളുടെ അകമ്പടിയുമില്ലാതെ, മുന്നൂറു അടി മുകളിലുള്ള പാറക്കെട്ടുകളിൽ തൂങ്ങിനിൽക്കുന്ന തേനീച്ചക്കൂടുകളിൽ നിന്ന്, ഏണികളിൽ കയറി അതിസാഹസികമായി തേനെടുക്കുന്നത് കണ്ടിട്ടുണ്ടോ?  ഇതുവരെ കണ്ടിട്ടില്ലെങ്കിൽ...ഈ  തേനെടുക്കൽ പ്രക്രിയ തത്സമയം കാണാൻ താൽപര്യമുണ്ടെങ്കിൽ, സെപ്റ്റംബർ മുതൽ ഡിസംബർ വരെയും മാർച്ച് മുതൽ മെയ് വരെയും നേപ്പാൾ സന്ദർശിച്ചാൽ മതി.

honey-hunt-nepal6
Image captured by youtube

കുത്തനെയുള്ള കൊടുമുടികളിൽ നിന്നുള്ള തേൻ ശേഖരണം അതിസാഹസികമാണ്. വെറും കൗതുകത്തിനു വേണ്ടി ചെയ്യുന്നതല്ല ഈ സാഹസികത. നേപ്പാളിലെ ഗുരുങ്, മഗ്രാസ് വിഭാഗത്തിൽപ്പെട്ടവർക്ക് തേൻ വേട്ട ഉപജീവന മാർഗമാണ്. പരമ്പരാഗതമായ രീതികൾ ഉപയോഗിച്ച് തന്നെയാണ് ഇപ്പോഴും ഇവരുടെ തേൻശേഖരണം. അതുകൊണ്ടു തന്നെ ഈ കാഴ്ച കണ്ടുനിൽക്കുന്നവർക്ക് ഭയം തോന്നുക സ്വാഭാവികം മാത്രം.

വലിയ പാറകളുടെ മുകളിൽ തൂങ്ങിക്കിടക്കുന്ന തേനീച്ചക്കൂടുകളിൽ നിന്നാണ് തേൻ സംഭരണം. മുളകൊണ്ടും കയറുകൊണ്ടുമുള്ള ഏണികളിൽ കയറിനിന്ന്  മുന്നൂറ് അടിവരെ മുകളിൽ തൂങ്ങി കിടക്കുന്ന തേനീച്ചക്കൂടുകളിൽ നിന്നും ഇവർ തേൻ ശേഖരിക്കും. തേനീച്ചക്കൂടുകൾക്കു സമീപം ചെന്നതിന് ശേഷം, പുകയിട്ട് തേനീച്ചകളെ ഓടിക്കുന്നു.

honey-hunt-nepal5
Image captured by youtube

അതിനുശേഷം നീളമുള്ള മുളവടിയിൽ മൂർച്ചയേറിയ ആയുധം കെട്ടിവെച്ച്, തേനീച്ചക്കൂടുകൾ അരിഞ്ഞെടുത്ത്  കുട്ടകളിൽ ശേഖരിക്കുന്നു. പിന്നീട് പിഴിഞ്ഞെടുക്കുന്നു. കാലൊന്നു തെറ്റിയാൽ അഗാധമായ താഴ്ചയിലേക്ക് പതിക്കുമെന്നത് കൊണ്ട് തന്നെ ഏറെ സാഹസികമാണ് ഈ വേട്ട. ഒരു തേൻ വേട്ടയിൽ നിന്നും ചിലപ്പോൾ 20-25 കിലോഗ്രാം വരെ തേൻ ലഭിക്കും. ഏറെ ഔഷധ ഗുണമുള്ളതു കൊണ്ട് തന്നെ പലവിധ അസുഖങ്ങൾക്കും ഈ തേൻ മരുന്നായി ഉപയോഗിക്കുന്നുണ്ട്.

img-878515
Image captured by youtube

തേൻവേട്ട കാണാൻ സഞ്ചാരികൾക്ക് അവസരമുണ്ട്. അതിനായി നേപ്പാൾ സർക്കാർ നടപ്പിലാക്കുന്ന നിരവധി യാത്രാപാക്കേജുകൾ ഇപ്പോഴുണ്ട്. അഞ്ചു ദിവസത്തെ ട്രെക്കിങ് പാക്കേജ് ആണിത്. ബേസിഷെറിൽ നിന്നാരംഭിക്കുന്ന യാത്ര, ഏകദേശം എട്ടു മണിക്കൂർ പിന്നിട്ടു കഴിയുമ്പോൾ ഖുദി എന്ന സ്ഥലത്ത് എത്തിച്ചേരും. മനോഹരമായ ഗ്രാമങ്ങളും താഴ‍‍‍‍‍്‍വരകളും നദികളുമൊക്കെയുള്ള  ഖുദി സഞ്ചാരികളുടെ മനസ് കവരുന്ന ഒരു ഗ്രാമമാണ്.

honeyhunt-nepal
Image captured by youtube

പിറ്റേന്ന് രാവിലെയാണ് ട്രെക്കിങ് ആരംഭിക്കുന്നത്. ഏകദേശം 6-7 മണിക്കൂർ  ദൂരം താണ്ടിയാൽ  മാത്രമേ തേൻ വേട്ട നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളൂ. സുന്ദരമായ പ്രകൃതിയും കാഴ്ചകളും ആ യാത്രയെയും ഒട്ടും മുഷിപ്പിക്കില്ല. അന്നുരാത്രി അവിടെയുള്ള ഹോം സ്റ്റേകളിൽ താമസിച്ചതിനു ശേഷം കാലത്തു കാട്ടിലൂടെ കുറച്ചുദൂരം കൂടി സഞ്ചരിക്കണം. ഒരു മണിക്കൂർ നീളുന്ന ആ കാനനകാഴ്ചകൾ പിന്നിട്ടു കഴിയുമ്പോൾ മലയടിവാരത്തിലെത്തും. അവിടെ നിന്നും നോക്കിയാൽ, ഹൃദയം നിലച്ചുപോകുന്ന തരത്തിലുള്ള തേൻവേട്ട കാണുവാൻ കഴിയും. നല്ല വില ലഭിക്കുന്ന ഈ തേനിന് ചൈനയിലും ജപ്പാനിലുമൊക്കെ ആവശ്യക്കാർ ഏറെയാണ്. മാത്രമല്ല, ഇത് കാണാനായി നേപ്പാളിലെത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA