ഉല്ലാസയാത്ര പോകാൻ കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസ് വാടകയ്ക്ക്

BUS
SHARE

സാധാരണ ബസ് യാത്രകളിൽ നിന്നു വേറിട്ടൊരു യാത്രാസുഖം നൽകുന്നവയാണ് അനന്തപുരിയിലെ ഡബിൾ ഡക്കർ ബസുകൾ. ബസിന്റെ രണ്ടാം നിലയിലിരുന്നുള്ള യാത്ര, അതായത് എരിയൽ വ്യൂവിൽ കാഴ്ചകൾ എല്ലാവരിലും കൗതുകം ഉണർത്തും. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തിൽ നിന്നും വർഷങ്ങൾക്ക് മുൻപ് പിൻവാങ്ങിയ ബസുകളെ 'റീലോഡ്' ചെയ്‌തിറക്കാൻ കെ എസ് ആർ ടി സി യെ പ്രേരിപ്പിച്ചത്.

ആ രണ്ടുനില ബസിലൊന്നു കയറണമെന്നു ബാല്യത്തിൽ മനസിൽ കയറിയ മോഹം പൊടിതട്ടിയെടുത്ത പലരുമിപ്പോൾ തലസ്ഥാന നഗരിയിലെ  ഡബിൾ ഡക്കർ ബസുകളിലെ  സ്ഥിരം യാത്രക്കാരാണ്. യാത്ര ആസ്വദിക്കണമെങ്കിൽ ബസിന്റെ മുകളിലെ നിലയിൽ തന്നെ സ്ഥാനം പിടിക്കണം. അതും മുൻഭാഗത്തു സീറ്റ് കിട്ടുമെങ്കിൽ അത്രയും നല്ലത്. കാറുകളും ബൈക്കുകളും ഓട്ടോറിക്ഷകളുമൊക്കെ അങ്ങ് താഴെ റോ‍‍ഡിലൂടെ പോകുന്ന കാഴ്ച രസകരമാണ്. തലസ്ഥാന നഗരി സന്ദർശിക്കാനെത്തുന്ന വിദ്യാർത്ഥികൾക്കും വിനോദയാത്രികർക്കും കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസുകൾ വാടകയ്ക്ക് എടുത്ത് കാഴ്ചകളുടെ വ്യാപ്തി കൂട്ടാനും സാധിക്കും.

വൺ ഡേ ട്രിപ്പ് ഡബിൾ ഡക്കറിൽ

ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസ് വാടകയ്ക്ക് നൽകുന്നുണ്ട്. പതിനഞ്ചു വർഷം പ്രായമായ ഈ ഡബിൾ ഡക്കർ ബസുകൾ കെ എസ് ആർ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആർ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നൽകുന്ന ബസിൽ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവർ അനുവദിച്ചു നൽകിയിട്ടുള്ള സമയക്രത്തിനുള്ളിൽ നിന്നുകൊണ്ട്, നഗരത്തിനുള്ളിൽ മാത്രമുള്ള സേവനങ്ങൾക്കാണ് വാഹനം വാടകയ്ക്ക് നൽകുന്നത്.

BUS

രണ്ടു തരത്തിലുള്ള പാക്കേജുകൾ

പാക്കേജ് എ (യാത്രയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ) 

തിരുവനന്തപുരം കിഴക്കേ കോട്ടയിൽ നിന്നും ആരംഭിക്കുന്നു.

* പദ്മനാഭ സ്വാമി ക്ഷേത്രം 

* കനകക്കുന്ന് കൊട്ടാരം 

* മൃഗശാലയും മ്യൂസിയം  

* ശാസ്ത്ര സാങ്കേതിക മ്യൂസിയം

* വേളി തടാകം

* ശംഘുമുഖം ബീച്ച് 

* കോവളം ബീച്ച് 

തിരികെ കിഴക്കേ കോട്ട.

പാക്കേജ് ബി 

യാത്ര ബുക്കുചെയ്യുന്ന യാത്രികരുടെ സംഘം ആവശ്യപ്പെടുന്ന പാക്കേജ് എ യിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ മാത്രം. 77 സീറ്റുകളാണുള്ളത്. കാലത്ത് എട്ടുമണിക്ക് ആരംഭിക്കുന്ന യാത്ര വൈകുന്നേരം ആറുമണിവരെ മാത്രമാണ് അനുവദിക്കപ്പെടുക. 

പാക്കേജ് എ പ്രകാരം എട്ടുമണിക്കൂർ ചെലവഴിക്കപ്പെടുന്ന യാത്രയ്ക്ക് 6000 രൂപയാണ് കെ എസ് ആർ ടി സി ഈടാക്കുക. പാക്കേജ് ബി പ്രകാരമുള്ള യാത്രയ്ക്ക് ഓരോ നാലുമണിക്കൂറിനും 4000 രൂപ വീതം വാടക നൽകേണ്ടതാണ്.

ബസ് ലഭ്യമാണോ എന്നറിയാനും മുൻകൂറായി പണമടയ്ക്കാനും ബന്ധപ്പെടേണ്ട വിലാസം:

The District Transport Officer

Office of the District Transport Officer

Fort. Thiruivananthapuram, Kerala

Phone:0471-2461013, 0471-2575495, 0471-2463029

Controlroom:9447071021, 0471-24613799

യാത്ര റദ്ദ് ചെയ്യപ്പെടുകയാണെകിൽ, മുൻകൂറായി നൽകിയ വാടക തുകയിൽ നിന്നും മൂന്ന് ശതമാനം നഷ്ടപരിഹാരമായി ഈടാക്കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA