കോവിലൂരിലേക്ക് ബുള്ളറ്റ് യാത്ര

vattavada
SHARE

ഏറെ നാളത്തെ ആഗ്രഹമായിരുന്നു കുമളി കമ്പം തേനി റൂട്ടിലൂടെയൊരു  ബുള്ളറ്റ് റൈഡ്.  സമയവും സാമ്പത്തികവും ഒത്തുവന്നതോടെ ഒട്ടും താമസിച്ചില്ല. ഞങ്ങൾ നാലു പേരും പിന്നെ രണ്ടു ബുള്ളറ്റും അങ്ങനെയാണ് യാത്രതിരിച്ചത്. തേനിയിലെക്കുള്ള റോഡ്  നല്ലതാണെങ്കിലും കാഴ്ചയ്ക്കായി മുന്തിരി തോപ്പുകൾ  അല്ലാതെ വേറെ എന്താണ് എന്ന അന്വേഷണമാണ് ഞങ്ങളെ മറ്റൊരു സ്ഥലത്തെത്തിച്ചത്. വട്ടവടയും കോവിലൂരും.  കമ്പം തേനി വഴി വട്ടവട അതായിരുന്നു യാത്ര. അതിരാവിലെ ഏതാണ്ട് 4.30 പ്രകൃതിയുടെ സൗന്ദര്യത്തിൽ ലയിച്ച്  യാത്രതിരിച്ചു. വാഗമൺ എപ്പോഴും പോകാറുണ്ടെങ്കിലും ഈ യാത്ര മുണ്ടക്കയം വഴിയായിരുന്നു. മുണ്ടക്കയം എത്തിയപ്പോൾ ഏതാണ്ട് നേരം 7 മണി  കഴിഞ്ഞിരുന്നു.നല്ല തണുപ്പും മൂടൽ മഞ്ഞും. കോടമഞ്ഞു മൂടിയതോടെ മുന്നോട്ടുള്ള വഴിയും കൃത്യമല്ലായിരുന്നു.  വഴി ചോദിച്ചു ചോദിച്ചാണ് മുന്നോട്ട് യാത്രതിരിച്ചത്. 

 കുമളി  കടന്ന് ഞങ്ങൾ തേക്കടിയിലെത്തി. സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളുള്ള  സ്ഥലമാണ് തേക്കടി. ബോട്ടിങ്ങാണ് ആകർഷണം. സമയപരിധിമൂലം തടാകത്തിലൂടെയുള്ള ബോട്ടിങ്ങ് നടത്താനായില്ല. മുന്നോട്ടുള്ള യാത്രക്കായുള്ള വഴി ചോദിച്ചപ്പോഴാണ് സങ്കടകരമായ വാർത്തയറിയുന്നത്. റോ‍‍ഡ് മോശമായതിനാൽ കമ്പം വഴിയുള്ള യാത്ര നടക്കില്ലെന്ന്. നിരാശയോടെയാണെങ്കിലും യാത്രയുടെ പ്ലാൻ മാറ്റാൻ തീരുമാനിച്ചു. അന്നേ ദിവസം തേക്കടിയിൽ തങ്ങിയിട്ട് പിറ്റേന്ന് മൂന്നാറിലേക്ക് തിരിക്കാമെന്ന്. അല്ലെങ്കിൽ നാൽപതു കിലോമീറ്റർ അധികം വണ്ടിയോടിക്കാൻ തയാറാണെങ്കിൽ കമ്പംമേട് ചുറ്റി കമ്പത്ത് എത്താമെന്ന വഴിയാത്രികന്റെ അഭിപ്രായത്തോട് ഒന്നും ആലോചിക്കാതെ സമ്മതം മൂളി. 

യാത്രകള്‍ എപ്പോഴും നൽകുന്നത് പുത്തനുണർവും അനുഭവങ്ങളുമൊക്കെയാണ്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. കമ്പത്തിന്റെ മുഴുവൻ സൗന്ദര്യം ഏറ്റെടുത്ത യാത്രയായിരുന്നു.  അരുവിക്കുഴി വെള്ളച്ചാട്ടമായിരുന്നു അടുത്ത ആകർഷണം. വെള്ളച്ചാട്ടം തുടങ്ങുന്നയിടത്ത് അങ്ങിങ്ങായി

പാറക്കല്ലുകൾ ഉയർന്ന നിൽക്കുന്നു. കല്ലുകളിൽ കയറിനിന്നാൽ തമിഴ്നാടിന്റെ വിദൂരദൃശ്യവും സൗന്ദര്യവും ആസ്വദിക്കാം. ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ കുറച്ചു നേരം വിശ്രമിച്ചു. ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതിനാൽ യാത്ര തുടർന്നു. പതിനെട്ട് ഹെയർപിൻ വളവുകൾ പിന്നിട്ടപ്പോൾ തമിഴ്നാടിന്റെ കാഴ്ചയിലേക്ക് പ്രവേശിച്ചു. കാലാവസ്ഥക്കും കാഴ്ചകൾക്കും വ്യതിയാനം സംഭവിച്ചു. തണുപ്പുമാറി ചൂടുകാറ്റ് വീശുന്നു തനിനാട്ടിൻപുറത്തിന്റെ കാഴ്ച. വിശപ്പിന്റെ വിളി വന്നതോടെ വഴിയരികിൽ കണ്ട ഹോട്ടലിൽ നിർത്തി. ശാപ്പാട് കഴിഞ്ഞിട്ടാവാം ഇനിയുള്ള യാത്ര.  തമിഴ്നാടൻ രുചിയിൽ പാകം ചെയ്ത ബിരിയാണി കഴിച്ചു. തേനിയിലേക്കുള്ള യാത്രതിരിച്ചു. നേരം വൈകുന്നതുകൊണ്ട്  അന്നേ ദിവസം ബോഡിനായ്ക്കന്നൂരിൽ റൂം എടുത്ത് തങ്ങാൻ തീരുമാനിച്ചു. 1200 രൂപയ്ക്ക് തരക്കേടില്ലാത്ത റൂം എടുത്തു. യാത്രയുടെ ക്ഷീണമകറ്റാനായി കുളിയൊക്കെ കഴിഞ്ഞ വിശ്രമശേഷം പുറത്തേക്കിറങ്ങി. വിജയദശമി ദിവസമായതിനാൽ വഴിയിൽ നല്ലതിരക്കുണ്ട്. തമിഴ്നാടിന്റെ ഭംഗി ആസ്വദിച്ച് കുറച്ചുദൂരം നടന്നു.

vattavada-trip

യാത്രയുടെ ക്ഷീണം കാരണം നേരത്തെ തന്നെ റൂമിലെത്തി ഉറക്കത്തിലമർന്നു. കാലത്ത് ആറുമണിക്കു തന്നെ അടുത്തകാഴ്ചയാക്കായി  പൂപ്പാറയിലേക്ക് തിരിച്ചു. ബോഡിനായ്ക്കന്നൂർ  ചുരം കയറി തുടങ്ങിയപ്പോൾ തണുപ്പിന്റെ  കാഠിന്യം  കൂടിവന്നു.

വളഞ്ഞുപുളഞ്ഞ റോ‍ഡും കോടമഞ്ഞു കൂട്ടുവന്ന യാത്രയായിരുന്നു. സിനിമകളിൽ കാണുന്ന ലോക്കേഷൻ പോലെയായിരുന്നു ഒാരോകാഴ്ചയും. കാഴ്ചകൾ കണ്ട് ‘കേരളത്തിലെ തമിഴ് ഗ്രാമം എന്നു പറയാവുന്ന  വട്ടവടയിലെത്തി. ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ആക്രമണത്തിൽ നിന്നു രക്ഷ തേടി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവട നിവാസികൾ. ഒൗദ്യോഗികമായി വട്ടവട കേരളത്തിന്റെ ഭാഗമാണെങ്കിലും മനസ്സുകൊണ്ടിവർ ഇന്നും തമിഴ് മക്കളാണ്. പിന്തുടരുന്നതും തമിഴ് സംസ്കാരമാണ്. തമിഴും മലയാളവും ചേർന്ന ഭാഷയാണ് ഉപയോഗിക്കുന്നത്.

മൂന്നാറിനെ വെല്ലുന്ന തണുപ്പാണ് വട്ടവടയിൽ. കോവിലൂർ എന്നെഴുതിയ ബോർഡിനപ്പുറമാണ് വട്ടവടയുടെ ലോകം. വഴിയരികിൽ നിന്നും നല്ലൊന്നാന്തരം കാരറ്റും വാങ്ങി യാത്ര തടയർന്നു. ചെക്ക്പോസ്റ്റ് കടന്ന് ബോർഡ് വായിച്ചപ്പോള്‍ മനസ്സിലായി പാമ്പാടുംഷോല എത്തിയെന്ന്. ഇരുവശങ്ങളിലും പച്ചപ്പ് നിറഞ്ഞ മരങ്ങളും കാട്ടുവഴിയും. കാണാൻ കൊതിക്കുന്ന കാഴ്ച തന്നെയായിരുന്നു. കോവിലൂരിലേക്ക് കടന്നു. ഓർഗാനിക് വെജിറ്റബിൾസ് ധാരാളം കൃഷി ചെയ്യുന്ന സ്ഥലമാണ് കോവിലൂർ. എല്ലാവിധ പഴ പച്ചക്കറി തോട്ടങ്ങളും അവിടെ കാണാമായിരുന്നു. ഒാർഗാനിക് പച്ചക്കറികളും സ്ട്രോബറിയും വാങ്ങി കോവിലൂരിനോട് മടക്കയാത്ര പറഞ്ഞു. തിരിച്ച് നേര്യമംഗലം വഴി വൈക്കത്തെത്തി.പ്രകൃതിയെ അറിഞ്ഞുള്ള ബുള്ളറ്റ് യാത്ര ശരിക്കും വിസ്മയിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA