മഞ്ഞിൻ പട്ടുടുത്ത്, കാറ്റിൻ കൈപിടിച്ച്

kotapara-idukki
SHARE

‘‘സ്വർഗം താണിറങ്ങി വന്നതോ

സ്വപ്നം പീലി നീർത്തി നിന്നതോ

ഈശ്വരന്റെ സൃഷ്ടിയിൽ

അഴകെഴുന്നതത്രയും

ഇവിടെയൊന്നു ചേർന്നലിഞ്ഞതോ’’

തലേദിവസം മഴ പെയ്തതിനു ശേഷമുള്ള ഒരു പ്രഭാതത്തിലാണു നിങ്ങൾ കോട്ടപ്പാറയിലെത്തുന്നതെങ്കിൽ ‘വനദേവത’ സിനിമയിലെ ഈ വരികൾ അറിയാതെ മൂളിപ്പോകുമെന്നുറപ്പ്. തിരമാലകൾ പോലെ അലടയിച്ചുകൊണ്ടിരിക്കുന്ന വെള്ള, നനുത്ത മഞ്ഞിൻമേലാപ്പായിരിക്കും മല മുകളിൽ നിറയെ. 7 മണിയോടെ സൂര്യൻ കിഴക്കേ മലനിരകളിൽ നിന്നു കണ്ണയച്ചു തുടങ്ങുന്നതോടെ മഞ്ഞിൻകൂട്ടങ്ങൾ പതിയെ അലിഞ്ഞലിഞ്ഞില്ലാതായി താഴെ വണ്ണപ്പുറം, കാളിയാർ പട്ടണങ്ങളുടെ മനോഹര ദൃശ്യങ്ങൾ തെളിയും. ഒപ്പം പല അടരുകളായി കണ്ണെത്താദൂരത്തോളം ഇടുക്കി മലനിരകളും. സഞ്ചാരികളുടെ ഹിറ്റ് ലൊക്കേഷനാണു കോട്ടപ്പാറയിന്ന്. കണ്ണൂരും കാസർകോട്ടും തിരുവനന്തപുരത്തു നിന്നുമുള്ള സഞ്ചാരികൾ തലേദിവസം കോട്ടപ്പാറയിലെത്തി ടെന്റ് കെട്ടി താമസിക്കുകയാണ്. പുലരിക്കൊപ്പമെത്തുന്ന മഞ്ഞിൻ ധവളശോഭ നഷ്ടമാകാതിരിക്കാൻ. 

വണ്ണപ്പുറം ടൗണിൽ നിന്നു മുള്ളരിങ്ങാട്ടേക്കുള്ള പാതയിൽ 6 ഹെയർപിൻ വളവുകൾ കയറി വേണം കോട്ടപ്പാറയിലെത്താൻ. പ്രളയത്തിനു ശേഷമാണു കോട്ടപ്പാറ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായി മാറിയതെന്നു സമീപവാസിയായ ഡെനി പറയുന്നു. നിലവിൽ 300 പേരെങ്കിലും ദിവസവും രാവിലെ ഇവിടെയെത്തുന്നു. അവധിദിനങ്ങളിൽ ഇതു പതിന്മടങ്ങാകും. എറണാകുളം ജില്ലാ അതിർത്തിയായ ഞാറക്കാടു നിന്ന് 8 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിലെത്താം. കോതമംഗലം ടൗണിൽ നിന്ന് 28 കിലോമീറ്ററും മൂവാറ്റുപുഴ നിന്ന് 30 കിലോമീറ്ററും. പുലർച്ചെ അഞ്ചരയ്ക്കെങ്കിലും എത്തിയാൽ ഏറ്റവും മികച്ച ദൃശ്യാനുഭവം ലഭിക്കും. സുരക്ഷാ സംവിധാനങ്ങളൊന്നും ഇവിടെയില്ലാത്തതിനാൽ പാറയ്ക്കു മുകളിൽ നിൽക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം. 

miladumpara

ചൂടു ചായയും ചെറു കടിയും ലഭിക്കുന്ന ആറു  മാടക്കടകൾ സഞ്ചാരികളെ കാത്ത് ഇപ്പോൾ കോട്ടപ്പാറയിലുണ്ട്. ഹോട്ടലുകൾ, താഴെ വണ്ണപ്പുറം ടൗണിലേയുള്ളൂ.

അയ്യപ്പൻമുടി

  

‘‘കരിമ്പുലി പോലെ തലപൊക്കി നിൽക്കുന്ന

ഇമ്പമേറിയൊരു പാറമുടി

നേര്യമംഗലം നാടുകാണിയും പിന്നെ

കുട്ടമ്പുഴ തട്ടേക്കാടും കാണാം

ഇടമലയാർ കരിമ്പാനി കോട്ടപ്പാറ

പിന്നെ മലയാറ്റൂർ മലമുകളും ആകെക്കാണാം’’

അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള അറുപത്താറുകാരി മേരി പത്രോസ് ഇമ്പമേറിയ ശബ്ദത്തിലും ഈണത്തിലും അയ്യപ്പൻമുടി മാഹാത്മ്യം വിവരിക്കുമ്പോൾ മനസ് കാലുകൾക്കു മുന്നേ അയ്യപ്പൻമുടി കയറിയിട്ടുണ്ടാകും. കോതമംഗലം നഗരാതിർത്തിയിലുള്ള അയ്യപ്പൻമുടി മലനിരകളിലേക്കുള്ള യാത്ര തുടങ്ങുന്നതു മേരിയുടെ വീടിനു മുന്നിലൂടെയാണ്. മുടിയുടെ ചരിത്രം അൻപതിലേറെ വരികളിൽ നോട്ട്ബുക്കിൽ കുറിച്ചിട്ടതു മേരി അതീവഹൃദ്യമായി പാടിത്തരും. 2 കിലോമീറ്ററിലേറെ പരന്നു കിടക്കുന്ന മുടിയുടെ മുകളിലേക്കുള്ള കയറ്റം ആയാസകരമല്ല. സഞ്ചാരികളുടെ പറുദീസയാണ് അയ്യപ്പൻമുടി. മുകളിൽ ഒരു അയ്യപ്പക്ഷേത്രവും വലിയ വാട്ടർ ടാങ്കുമുണ്ട്. നാലുചുറ്റും കണ്ണെത്താദൂരത്തോളം പച്ചപ്പു മാത്രം. പുലർകാലെയും സായംസന്ധ്യയിലും അയ്യപ്പൻമുടി പകരുന്ന അനുഭൂതി അവർണനീയം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും. കോടമഞ്ഞു പുതച്ചുറങ്ങുന്ന പ്രകൃതിക്കു നടുവിൽ അൽപനേരം ധ്യാനനിമഗ്നനായിരിക്കാം. മഞ്ഞു വകഞ്ഞു മാറ്റി സൂര്യരശ്മികൾ പതിയെ തലനീട്ടുമ്പോൾ നാടുകാണിയും മലയാറ്റൂർ മലയുമെല്ലാം ദൂരെദിക്കുകളിൽ തെളിഞ്ഞുതുടങ്ങും. കോതമംഗലം – ചേലാട് റോഡിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവുംപറമ്പ് ബസ് സ്റ്റോപ്പാകും. അവിടെ നിന്നു വലത്തോട്ടു 2 കിലോമീറ്റർ പോയാൽ മുടിയുടെ അടിവാരത്തെത്താം. 

മൈലാടുംപാറ, ശൂലം

   

മൂവാറ്റുപുഴയ്ക്കടുത്തെ മൈലാടുംപാറയിലേക്കു നേരായ വഴിയില്ലയെന്നു പറയാം. ഒതുക്കുകല്ലുകൾ ചാടിക്കടന്നും കാട്ടുവള്ളികൾ വകഞ്ഞുമാറ്റിയും മരക്കൊമ്പുകളിലൂടെ തൂങ്ങിക്കയറിയും മാത്രമേ, ഒരുകാലത്തു മയിലുകൾ പീലിവിടർത്തിയാടിയിരുന്ന മൈലാടുംപാറയുടെ മുകളിലെത്താനാകൂ. അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്കു മാത്രമാണീ മലകയറ്റം. മലമുകളിലെത്തുമ്പോഴേക്കും അണച്ചു വശംകെടുമെന്നുറപ്പ്. പച്ചപുതച്ച നാട്ടിൻപുറക്കാഴ്ചകളും ശാന്തഗാംഭീര്യത്തോടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ആസ്വദിക്കാം. ശൂലം മലയിൽ നിന്നു 150 അടിയോളം താഴ്ചയിലേക്കു പതിക്കുന്ന ശൂലം വെള്ളച്ചാട്ടവും സമീപം തന്നെ. മലയിറങ്ങി ക്ഷണിച്ചു വരുമ്പോൾ വെള്ളച്ചാട്ടത്തിലെയൊരു കുളി നൽകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. മൂവാറ്റുപുഴ – പിറവം റോഡിൽ ശൂലം കയറ്റത്തിനു മുകളിൽ നിന്നു വലത്തോട്ട് അര കിലോമീറ്റർ പോയാൽ പാറയും വെള്ളച്ചാട്ടവുമായി. 

ayyappanmudi

വനയാത്ര

ഊർത്താൻവാലി ചാറ്റുപാറ തോട്ടിലെ കയത്തിൽ നിന്നുള്ള ഞണ്ടുപിടിത്തം കണ്ടിട്ടുണ്ടോ? കോതമംഗലം ഉരുളൻതണ്ണി മുതൽ ആറാം മൈൽ വരെയുള്ള 10 കിലോമീറ്റർ വനയാത്ര ഇത്തരം അസുലഭ ദൃശ്യങ്ങളാൽ സമ്പുഷ്ടം. വനത്തിനുള്ളിലെ ആദിവാസി കോളനികളിൽ നിന്നുള്ളവർ മീനും ഞണ്ടും പിടിക്കാൻ തോടിന്റെ പലഭാഗങ്ങളിലും പലപ്പോഴുമുണ്ടാകും. ഭാഗ്യമുണ്ടെങ്കിൽ കൂട്ടംതെറ്റിയെത്തിയ ഒറ്റയാനെയോ ആനക്കൂട്ടങ്ങളെയോ കാണാനാകും. വെള്ളംകുറഞ്ഞ തോട്ടിലെ മിനുസമേറിയ പാറപ്പുറത്ത് അൽപനേരമിരുന്നു കാടിന്റെ സംഗീതം ആസ്വദിച്ചിട്ടു യാത്ര തുടരാം. കോതമംഗലത്തു നിന്നു തട്ടേക്കാട് എത്തി പക്ഷി സങ്കേതം സന്ദർശിച്ച ശേഷം കുട്ടമ്പുഴ ടൗണിലെത്താം. ഇവിടെ ഇടമലയാറും പൂയംകുട്ടിപ്പുഴയും കൂടിച്ചേരുന്ന കൂട്ടിക്കൽ തുരുത്ത് കാണാം. തുടർന്നു ഉരുളൻതണ്ണി, പന്തപ്ര, മാമലക്കണ്ടം വഴിയാണു കൊച്ചി – മൂന്നാർ സംസ്ഥാനപാതയിലെ ആറാം മൈൽ വരെയെത്തുന്ന 3 മീറ്റർ വീതിയിൽ കോൺക്രീറ്റിട്ട വനപാത. ഇവിടുന്നു നേര്യമംഗലം വഴി കോതമംഗലത്തേക്കു മടങ്ങുകയോ അടിമാലി വഴി മൂന്നാറിലേക്കു പോകുകയോ ചെയ്യാം.

ഒരു യാത്ര പോയാലോ. നഗരത്തിരക്കുകളെയും ജോലി സമ്മർദങ്ങളെയും വീടകങ്ങളെയുമെല്ലാം തനിച്ചാക്കി ഒരു യാത്ര. കാറ്റിന്റെ ഈണത്തിലേക്ക്, മഞ്ഞിന്റെആലിംഗനത്തിലേക്ക്, കാടിന്റെ വന്യതയിലേക്ക്, മലയുടെ ഏകാന്തതയിലേക്ക്. പുലർകാലെ കരിമ്പടം പോലെ പൊതിയുന്ന കോടമഞ്ഞിൽ 

wildsafari

മൂക്കുരുമ്മിയിട്ടുണ്ടോ? കാടിനുള്ളിൽ കാറ്റും മുളകളും ചെടികളും പക്ഷികളും പുഴയും ചേർന്നൊരുക്കുന്ന ജുഗൽബന്ദിക്ക് ചെവി വട്ടംപിടിച്ചിട്ടുണ്ടോ? അധികം 

ദൂരെയൊന്നും പോകേണ്ട. ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ട് ഹൃദയം കുളിർപ്പിക്കുന്ന ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളും...

ഇവയോർക്കാം:

 ഉച്ചത്തിൽ സംസാരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യരുത്.

പ്ളാസ്റ്റിക്കോ മറ്റു വസ്തുക്കളോ ഉപേക്ഷിക്കരുത്.

 ലഹരിയുപയോഗം അരുത്. 

 മലമുകളിൽ അപകടസാധ്യത ഏറെ. മുനമ്പുകളിൽ ഇറങ്ങി നിൽക്കരുത്.

 കുട്ടികൾ മുതിർന്നവരുടെ ഒപ്പം മാത്രം പോകുക. 

 നിശബ്ദതയുടെ സന്തോഷം തേടിയാണ് ഓരോ സഞ്ചാരിയും എത്തുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA