മുറിഞ്ഞുപോയ ആ യാത്ര പൂർത്തിയാക്കണം: വിൻസി

SHARE
vincy travel5

ലാൽ ജോസിന്റെ പുതിയ സിനിമയിലേക്കുള്ള പുതുമുഖത്തെ കണ്ടെത്തുന്ന ഷോ നായികാ നായകനിലെ സൂപ്പർസ്റ്റാറാണ് മലപ്പുറംകാരി വിൻസി. ജീവിതത്തിലും പഠനത്തിലും ഒതുങ്ങികൂടി കഴിഞ്ഞിരുന്ന താരത്തിന് ‍ഇപ്പോൾ ആഗ്രഹങ്ങൾ ഒരുപാടാണ്. മറ്റൊന്നുമല്ല, പുതിയ സിനിമയിലൂടെ യാത്രകളും കാഴ്ചകളും ആസ്വദിക്കുന്നതിലുള്ള ത്രില്ലിലാണ് വിൻസി. വിൻസിയുടെ യാത്ര വിശേഷങ്ങളറിയാം.

സുഹൃത്തുക്കള്‍ അധികമില്ലാത്ത വിന്‍സിക്ക് യാത്രപോകാൻ ഇഷ്ടമാണെങ്കിലും പലപ്പോഴും അവസരം ഒത്തുകിട്ടാറില്ല. കുട്ടിക്കാലം മുതൽ ഒറ്റയ്ക്ക് എങ്ങോട്ടും പോകുവാനുള്ള അനുമതി വീട്ടിൽ നിന്നും കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ യാത്രാമോഹങ്ങളൊക്കെയും ഉള്ളിലൊതുക്കി. എങ്കിലും വീണുകിട്ടുന്ന അവസരങ്ങളിൽ കുടുംബവുമായി ട്രിപ്പ് പോകാറുണ്ടെന്ന് വിൻസി പറയുന്നു.

vincy-travel4
കോളേജ് ട്രിപ്പ്

ഫാമിലി ട്രിപ്

ബംഗുളൂരു അങ്കിളിന്റെ വീടുണ്ട് അവിടേക്കുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവിടെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദർശിച്ചിട്ടുണ്ട്. ബംഗുളൂരുവിലെ ഷോപ്പിങാണ് എനിക്കേറ്റവും ഇഷ്ടം. യാത്രകളിൽ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട സ്ഥലം അതിരപ്പിള്ളി-വാഴച്ചാല്‍ ആയിരുന്നു. നായിക നായകൻ പ്രോഗ്രാമിന്റെ ഭാഗമായി വന്നപ്പോഴാണ് മനംകുളിര്‍ക്കുന്ന ഇവിടം കാണാൻ സാധിച്ചത്. നിറഞ്ഞൊഴുകി സുന്ദരിയായി നിൽക്കുന്ന അതിരപ്പിള്ളി ആദ്യകാഴ്ചയിൽ തന്നെ ആരും ഇഷ്ടപ്പെടും. അതിരപ്പിള്ളിയിലെത്തുന്നവര്‍ മുകളില്‍ നിന്നുള്ള കാഴ്ച കണ്ട് തിരിച്ചു പോവുകയാണ് പതിവ്. ഈ ജലപാതത്തിന്റെ സൗന്ദര്യം ഒരിക്കലും മായാതെ മനസ്സില്‍ നിറയണമെങ്കില്‍ വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലത്തേക്ക് പോകണം. ചില സിനിമകളിലൂടെ അതിരപ്പിള്ളിയുടെ സൗന്ദര്യം ഞാൻ കണ്ടിട്ടുണ്ട്. അന്നുതൊട്ടുള്ള ആഗ്രഹമായിരുന്നു. നേരിൽ കാണണമെന്നത്. നല്ലൊരു യാത്രയായിരുന്നു. ഇടയ്ക്ക് വേളാങ്കണ്ണി യാത്രയും പോകാറുണ്ട്.

vincy-travel3
അതിരപ്പിള്ളി യാത്രയിൽ

ജീവിതത്തിൽ മറക്കാനാവാത്ത ആദ്യയാത്ര

ആർക്കിടെക്ചർ വിദ്യാർത്ഥിനിയായതുകൊണ്ട്  കോട്ടകളോടും പുരാതന ക്ഷേത്രങ്ങളോടും വല്ലാത്ത ഇഷ്ടമാണ്. അവയുടെ നിർമാണ കലയും കൊത്തുപണികളും കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടവുമാണ്. അങ്ങനെയാണ് എന്റെ ജീവിതത്തിലെ ഒറ്റയ്ക്കുള്ള ആദ്യയാത്രയ്ക്ക് തുടക്കമാകുന്നത്. എല്ലാവർഷവും കോളേജിൽ നിന്നും സ്റ്റ‍‍‍ഡിടൂർ ഉണ്ടായിരുന്നു. അതിൽ നിന്നും സാധാരണ ഒഴിവാകാറാണ് പതിവ്. കമ്പനിയടിച്ചുള്ള കൂടുതൽ കൂട്ടുകാരൊന്നുമില്ലാത്തതാണ് കാരണം. എല്ലാവരും ഒരുമിച്ച് അടിച്ചുപൊളിച്ചൊക്കെ നടക്കുമ്പോൾ ഞാൻ എപ്പോഴും ഒറ്റക്കായിരുന്നു. എന്റെ ഇൗ ചിന്താഗതിയെ മാറ്റിമറിച്ച യാത്രയായിരുന്നു കോളേജ് യാത്ര. കോഴ്സിന്റെ അഞ്ചാംവർഷം നിർബന്ധമായും എല്ലാവരും പങ്കെടുക്കണ്ട യാത്രയായിരുന്നു അഹമ്മദാബാദ് ടു ‍ഡൽഹി യാത്ര.

രസകരമായിരുന്നു യാത്ര. അഹമ്മദാബാദിൽ എന്നെ ഏറെ ആകര്‍ഷിച്ചത് ദാദ ഹരീര്‍ വാവ് എന്ന സവിശേഷമായ കിണറാണ്. ധാരാളം പടവുകള്‍ ഇറങ്ങിവേണം ആഴമുള്ള ഈ കിണറിന്‍റെ ജലോപരിതലത്തിലെത്താന്‍. ഇൗ പടവുകളത്രയും കൊത്തുപണികളാല്‍ അലംകൃതമാണ്. ഈ ഘടനയെ താങ്ങിനിര്‍ത്തുന്ന തൂണുകളിലും അസാമാന്യമായ കരവിരുതുകള്‍ കാണാം. കിണറിന്‍റെ ചുവരുകളില്‍ അറബ്-സംസ്കൃത ലിഖിതങ്ങള്‍ കോറിവെച്ചിട്ടുണ്ട്. കിണറിന്റെ ചരിത്രകഥകളും അറിയാൻ സാധിച്ചു. അവിടുത്തെ പ്രധാന മസ്ജിദുകളും കാഴ്ചകളുമൊക്കെ കാണാനും പഠിക്കാനും സാധിച്ചു.

vincy-travel
നോർത്തിന്ത്യൻ യാത്രയിൽ

ജയ്സാല്‍മീര്‍ സുവർണ നഗരം

vincy-travel1

പിന്നീടുള്ള യാത്രയിൽ എനിക്ക് കൗതുകമായി തോന്നിയത് ജയ്സാല്‍മീര്‍ കാഴ്ചകളായിരുന്നു. രാജകൊട്ടാരങ്ങളുടെ പ്രൗഢി പേറുന്ന രാജസ്ഥാനിലെ സുവർണനഗരമായിരുന്നു ജയ്സാല്‍മീര്‍. രാജകൊട്ടാരങ്ങളും മാളികകളും കോട്ടകളും പുരാവസ്തുകേന്ദ്രങ്ങളും അമ്പലങ്ങളും അങ്ങനെ പലതും. 'ജയ്സാല്‍മീറിന്‍റെ സുന്ദരകാഴ്ചകളായിരുന്നു. ജയ്സാല്‍മീര്‍ കോട്ടയും ഏറെ കൗതുകമായി തോന്നി.

vincy-travel2
കോളേജ് ട്രിപ്പ്

ജയ്പൂർ കാഴ്ചകൾ തേടിയുള്ള യാത്രയ്ക്കിടെ എനിക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടു. പകുതിക്ക് വച്ച് യാത്ര നിർത്തി തിരിച്ച് നാട്ടിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു. ചിക്കൻപോക്സിന്റെ വേദനയെക്കാൾ എന്റെ മനസ്സിനെ വേദനിപ്പിച്ചത് പകുതിക്കവച്ച് നിർത്തിയ യാത്രയായിരുന്നു. എന്റെ ആദ്യത്തെ ഒറ്റക്കുള്ള യാത്ര അതും എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റും ചിക്കൻപോക്സ് തകർത്തുകളഞ്ഞു. യാത്ര പൂർത്തിയാക്കാത്ത വിഷമം ഇപ്പോഴുമുണ്ട്. ഇൗ സങ്കടത്തിൽ നിന്നും ഉയർത്തേഴുന്നേൽപ്പിച്ചത് ലാൽ ജോസ് സാറിന്റെ നായികാ നായികൻ ഷോ തന്നെയായിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. എന്നുകരുതി എന്റെ ആർക്കിടെക്ചർ പഠനം ഉപേക്ഷിച്ചിട്ടില്ല. ആർക്കിടെക്ചർ പ്രഫഷനും അഭിനയം പാഷനുമായി കൊണ്ടുപോകാനാണ് എന്റെ ആഗ്രഹം.

നായികാനായകൻ ഷൂട്ട് ലൊക്കേഷനിലൂടെ...

ഷോയുടെ ഭാഗമായുള്ള ഷൂട്ട് കൂടുതലും ഫോർട്ട്കൊച്ചിയായിരുന്നു. അറബികടലിന്റെ റാണിയായ കൊച്ചി സുന്ദരിയാണ്. കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്. ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ ഒരുപാട് ഇഷ്ടമായി. ഫാമിലിയായി വരാൻ പറ്റിയ ബീച്ചാണ് മാരാരികുളത്തിനടുത്തുള്ള ചെത്തി ബീച്ച്. ആഢംബര സൗകര്യങ്ങൾ കുറവാണെങ്കിലും കാഴ്ചയിൽ സംഗതി ജോറാണ്. ഞങ്ങളുടെ പ്രേമം റൗണ്ടിന്റെ ഷൂട്ടിങ്ങിനായി ചെത്തി ബീച്ചാണ് തിരഞ്ഞെടുത്തത്.

ത്രില്ലിലാണ് ഞാൻ

ലാൽ ജോസ് സാറിന്റെ പുതിയ സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് ഞാൻ. സിനിമയുടെ ഷൂട്ടിങ് ബീഹാറിലാണ്. അവിടേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. പകുതി വച്ച് മുറിഞ്ഞുപോയ യാത്ര പൂർത്തിയാക്കണമെന്നുമുണ്ടെന്നും വിൻസി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA