sections
MORE

ദൈവപുത്രന്റെ ബദ്‍‍ലഹേം

SHARE

ക്രിസ്മസ് എന്ന് പറയുമ്പോൾ ബദ്‍‍ലഹേമും അവിടെയുള്ള തിരുപ്പിറവി ദേവാലയവുമാണ് ആദ്യം നമ്മുടെ ഓർമ്മയിൽ എത്തുക. അപ്പത്തിന്റെ വീട് എന്നാണ് ബദ്‍‍ലഹേം എന്ന പദത്തിന്റെ അർത്ഥം. ജീവന്റെ അപ്പം എന്നാണല്ലോ യേശു അറിയപ്പെട്ടിരുന്നത്. പലസ്തീൻ അതോറിറ്റിയുടെ അധീനതയിലാണ് ഇപ്പോൾ ബദ്‍‍ലഹേം സ്ഥിതി ചെയ്യുന്നത്. നഗര മധ്യത്തില്‍ തന്നെ അതിവിശാലമായ ഒരു മൈതാനമുണ്ട്. പുൽക്കൂട് ചത്വരം എന്നാണ് ഇതിന്റെ പേര്. യേശു പിറന്നു വീണതെന്ന് കരുതപ്പെടുന്ന ഗുഹാമുറിയുടെ മുൻപിലാണ് ഈ മൈതാനമുള്ളത്. നഗരത്തിലെ പ്രസിദ്ധമായ ‘ഓമറിന്റെ മോസ്ക്കും’ ഇതിന് തോളോട് തോൾ ചേർന്ന് കാണാം. മേൻജർ സ്ക്വയറിനു മുൻപിലുള്ള പ്രധാന തെരുവ്, നക്ഷത്രത്തെരുവ് എന്നും തിരുപ്പിറവി തെരുവ് എന്നും അറിയപ്പെടുന്നു. 

jingle-bells2

ക്രിസ്മസ് ആഘോഷങ്ങൾ പൂർണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നത് പുൽക്കൂട് ചത്വരത്തിലാണ്. ഈ നാളുകളിൽ നക്ഷത്രാലംകൃതമായ ഒരു പൈൻമരമാണ് മൈതാനത്തിന്റെ കവാടത്തിലുള്ളത്. അതാണ് ഏറ്റവും ശ്രദ്ധേയമായ ക്രിസ്മസ് ട്രീ. കരോൾ സംഗീതം തുടങ്ങുന്നത് ഇതിന്റെ ചുവട്ടിൽ നിന്നാണ്.

റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റയിന്റെ മാതാവ് ഹെലനയുടെ നേതൃത്വത്തിൽ എ.ഡി. 327 ലാണ് ഇവിടെയുള്ള നേറ്റിവിറ്റി ചർച്ച് ആദ്യം പണിതത്. ഇസ്രായേലിലെ ഒട്ടുമിക്ക ദേവാലയങ്ങളും കാലാകാലങ്ങളിൽ ശത്രുക്കളാൽ നശിപ്പിക്ക പ്പെട്ടുവെങ്കിലും ആരും തകർക്കുവാൻ തുനിയാതിരുന്ന ഒരേയൊരു ദേവാലയം ഇതാണ്. പിന്നീട് അഗ്നിബാധയിലും ഭൂകമ്പങ്ങളിലുമൊക്കെ നാശനഷ്ടങ്ങൾ നേരിട്ടെങ്കിലും ആറാം നൂറ്റാണ്ടിൽ ഏറെക്കുറേ അതേ ശൈലിയിൽ പുനർനിർമ്മിക്കപ്പെട്ടു. 

തിരുപ്പിറവി ദേവാലയത്തിന്റെ ഉൾവശം അതിവിശാലമാണെങ്കിലും അതിന്റെ ഉള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ നന്നായി കുനിയണം. കഷ്ടിച്ച് നാലടി മാത്രമാണ് പ്രധാന കവാടത്തിന്റെ ഉയരം. ആക്രമണകാരികൾ അശ്വാരൂഢരായും, യുദ്ധ വാഹനങ്ങളിലും നേരെ വന്ന് ഇടിച്ചു കയറാതിരിക്കാൻ വേണ്ടിയായിരുന്നു, കവാടത്തിന്റെ വലിപ്പം കുറച്ചു പണിതത്. ഇന്ന് അധികൃതർക്ക് അങ്ങനെയുള്ള ആരെയും തടയേണ്ട ആവശ്യമില്ല. എന്നാൽ ഈ താഴ്മയുടെ വാതിൽ മറ്റു ചിലതിനെ തടയുന്നുണ്ട്, നമ്മുടെ മനസ്സിലെ സ്വാർഥതയെയും അഹങ്കാരത്തെയും മറ്റും. യേശുവിനെ കാണാൻ, നെഞ്ചും വിരിച്ച് ചെല്ലുന്ന അതികായന്മാർക്ക് ആവില്ല. തലകുനിച്ച് കയറാനും മാത്രം വിനയം ഉണ്ടെങ്കിലേ അകത്ത് കയറാനാവൂ...2012 ൽ യുനെസ്കോ ഈ ദേവാലയത്തെ ലോക പൈതൃക ഭൂമിയായി പ്രഖ്യാപിക്കുകയുണ്ടായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA