sections
MORE

ഒരു ചൂടൻ രാത്രി

Ukrin1
SHARE

ഉക്രെയ്ൻ ഡയറി: അദ്ധ്യായം 2 

എയർപോർട്ടിൽ നിന്നുള്ള ടാക്‌സി, ഞങ്ങൾ ബുക്ക് ചെയ്തിരുന്ന കൊസാത്‌സ്‌കി ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. സമയം വെളുപ്പാൻകാലം രണ്ടുമണി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കീവ് എയർപോർട്ടിൽ വന്നിറങ്ങിയതാണെന്നോർക്കണം! വിശപ്പും ദാഹവും ക്ഷീണവും കാരണം പാതി മയക്കത്തിലാണ് ഞങ്ങൾ രണ്ടുപേരും. എയർപോർട്ടിൽ നിന്ന് 20കി.മീറ്ററിലധികം ദൂരമുണ്ട്  കൊസാത്‌സ്‌കി ഹോട്ടലിലേക്ക്. നഗരഹൃദയമെന്നു വിളിക്കാവുന്ന മിഖായ് ലോവ്‌സ്‌കയ സ്‌ക്വയറിൽ തന്നെയാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. സിറ്റി സെന്ററിൽത്തന്നെ താമസിക്കണമെന്നുറപ്പിച്ച്, കുറേ വെബ്‌സൈറ്റുകൾ തെരഞ്ഞാണ് കൊസാത്‌സ്‌കി ഹോട്ടൽ കണ്ടെത്തിയത്.

കീവ് നഗരം
കീവ് നഗരം

പാതിമയക്കത്തിലാണെങ്കിലും, ഇടയ്ക്കിടെ കണ്ണുതുറക്കുമ്പോൾ കീവ് നഗരത്തിന്റെ രാത്രി ദൃശ്യങ്ങൾ എന്നെ വിസ്മയിപ്പിക്കുന്നുണ്ടായിരുന്നു. കരിങ്കല്ലിൽ പടുത്തുയർത്തിയ, ശിൽപചാതുരിയാർന്ന കെട്ടിടങ്ങളും കരിങ്കൽ പാകിയ നടപ്പാതകളും അതീവസുന്ദരങ്ങളായ പള്ളികളുടെ എടുപ്പുകളുമെല്ലാം നിയോൺ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. വെളുപ്പാൻ കാലമാണെങ്കിലും റോഡുകൾ തീരെ വിജനമല്ല. നൈറ്റ് ക്ലബുകളിൽ നിന്നും മറ്റും ആഘോഷം കഴിഞ്ഞിറങ്ങിയ യുവതീ യുവാക്കളാവാം വഴിയിൽ കാണുന്നവരെന്നു ഞാൻ ഊഹിച്ചു.വീണ്ടും ഉറങ്ങിപ്പോയി. ഏതോ ഒരു നിമിഷത്തിൽ ഡ്രൈവർ ഞങ്ങളെ കുലുക്കി ഉണർത്തി. 'ഹോട്ടലെത്തി'- അയാൾ റഷ്യൻ ചുവയുള്ള ഇംഗ്ലീഷിൽ പറഞ്ഞു. കാറിനു പുറത്തിറങ്ങിയപ്പോഴാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന ചത്വരം കണ്ടത്. കീവ് നഗരത്തിന്റെ ലാൻഡ് മാർക്കെന്നു പറയാവുന്ന സ്ഥലത്തു തന്നെയാണ് ഹോട്ടൽ. ഏറ്റവും പ്രൈം ലൊക്കേഷൻ. എന്നാൽ വലിയ വാടകയുമില്ല.

ഞങ്ങൾ ഉറക്കച്ചടവോടെ ഹോട്ടലിനെയൊന്ന് കണ്ണാലുഴിഞ്ഞു. കൊള്ളാം, പ്രൗഢഗംഭീരൻ. മിനിമം രണ്ടുനൂറ്റാണ്ടു പഴക്കമുണ്ടാകും. ഒരു ഹെറിറ്റേജ് ലുക്ക്.

ഡ്രൈവർക്ക് പണം നൽകി, ലഗേജും വലിച്ച് ഹോട്ടലിനുള്ളിൽ കടന്നു. പഴയ റഷ്യൻ ഹോട്ടലുകളുടെ തനിപ്പകർപ്പ്. മോസ്‌കോയിലെ ഹോട്ടൽ സ്പുട്‌നിക്കാണ് എനിക്കോർമ വന്നത്. 

കീവ് നഗരം

അച്യുതമേനോനും ഇഎംഎസ്സും ഉൾപ്പെടെയുള്ള പഴയകാല കമ്യൂണിസ്റ്റ് നേതാക്കൾ റഷ്യയിലെത്തുമ്പോൾ സ്പുട്‌നിക്കിലേ താമസിക്കുമായിരുന്നുള്ളു. ഇപ്പോൾ മലയാളിയായ രാജുനായരാണ് ആ ഹോട്ടലിന്റെ ഉടമ. കൊച്ചി-ലണ്ടൻ റോഡ് യാത്രയ്ക്കിടയിൽ ഞങ്ങൾ താമസിച്ചത് സ്പുട്‌നിക്കിലാണ്. 

പഴയ റഷ്യൻ സാമ്രാജ്യം വിശ്വസിച്ചിരുന്നത് 'വലുപ്പ'ത്തിലായിരുന്നെന്നു തോന്നുന്നു. അവർ നിർമിക്കുന്നതെല്ലാം വലുതായിരുന്നു. ഒരു വിളക്കുകാൽ നിർമിച്ചാലും അതിനു ആനക്കാലിന്റെ വലുപ്പമുണ്ടാകും. കൊട്ടാരങ്ങൾ, ഷാന്റ്‌ലിയറുകൾ, പ്രതിമകൾ, ചത്വരങ്ങൾ- ഇങ്ങനെ റഷ്യയിലും പഴയ റഷ്യൻ രാജ്യങ്ങളിലുമുള്ള എല്ലാ നിർമ്മിതികൾക്കും ആ വലുപ്പവും പ്രൗഢിയുമുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ അധിപന്മാർ എല്ലാം 'വലുതാ'യല്ലേ ചിന്തിക്കുകയുള്ളൂ!

കൊസാത്‌സ്‌കിയുടെ റിസപ്ഷനിൽ ഒരു റഷ്യൻ സുന്ദരിയിരുന്ന് ഉറങ്ങുന്നുണ്ട്. (റഷ്യൻ സുന്ദരി എന്ന് പറയേണ്ട കാര്യമുണ്ടോ? റഷ്യയിലെ എല്ലാ സ്ത്രീകളും അതീവ സുന്ദരിമാരാണ്. അതിനാൽ അടുത്ത അദ്ധ്യായം  മുതൽ ഈ യാത്രാവിവരണത്തിൽ റഷ്യൻ സ്ത്രീ എന്നു മാത്രമേ എഴുതുകയുള്ളൂ. സുന്ദരിയാണെന്ന് വായനക്കാർ ഊഹിച്ചുകൊള്ളണം!)ഞങ്ങളുടെ മുരടനക്കം കേട്ട് സുന്ദരി ഉണർന്നു. ഊഷ്മളമായ സ്വീകരണമോ സ്വാഗതമോതുന്ന ചലനങ്ങളോ ഒന്നുമില്ല. റൂം ബുക്കിങ്ങിന്റെ പേപ്പർ ചോദിച്ചു. ഞങ്ങൾ കൊടുത്തു. പാസ്‌പോർട്ട് ചോദിച്ചു. അതു കൊടുത്തു. റൂം റെഡി.

കീവ് നഗരം

സുന്ദരി ബെല്ലടിച്ചപ്പോൾ ഒരു റൂംബോയ് പ്രത്യക്ഷപ്പെട്ടു. ലഗേജ് കാരിയർ തള്ളിക്കൊണ്ടുവന്ന്  പെട്ടികളും കയറ്റി അയാൾ നടന്നു. ഞങ്ങളുടെ നന്ദി പ്രകടനത്തിനു പോലും മുഖം തരാതെ സുന്ദരി വായ് കോട്ടയിട്ട് മേശമേൽ ചെരിഞ്ഞു.

ചുവന്ന പരവതാനി വിരിച്ച ഫ്‌ളോറാണ് ഹോട്ടലിന്.  ചുവരുകളും മച്ചും തടികൊണ്ട് പൊതിഞ്ഞിരിക്കുന്നു. ലിഫ്റ്റിന് ജോസഫ് സ്റ്റാലിനോളം പഴക്കമുണ്ടെന്നു തോന്നി. സ്റ്റാലിനൊക്കെ കയറിയിട്ടുള്ള ലിഫ്റ്റായിരിക്കുമെന്ന് ഞങ്ങൾ ആശ്വസിച്ചു. കാരണം, യുഎസ്എസ്ആർ ലോകം അടക്കി വാണിരുന്ന കാലത്ത് കീവിലെത്തുന്ന പ്രമുഖരെല്ലാം താമസിച്ചിരുന്നത് ഈ ചത്വരത്തിനു ചുറ്റുമുള്ള വമ്പൻ ഹോട്ടലുകളിലാണ്. ചെറിയ മുറി. രണ്ട് കട്ടിലും മേശയും ഏസിയും മാത്രമാണ് ആഢംബരങ്ങൾ, വൃത്തിയുള്ള ടോയ്‌ലറ്റ്. കിടക്ക കണ്ടതും ഞങ്ങളുടെ പിടിവിട്ടുപോയി. 25 മണിക്കൂറിലധികം നീണ്ട യാത്രയും വിസയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പും ക്ഷീണവുമെല്ലാം സുനാമി പോലെ ശരീരത്തിൽ വന്നലച്ചു. കുറേ വെള്ളം മടമടാന്ന് കുടിച്ചിട്ട് ഞങ്ങൾ കിടക്കയിലേക്ക് ചാടിവീണു. ആഹാരം കഴിച്ചിട്ടില്ല എന്നതു പോലും മറന്നു. എങ്ങനെയും ഒന്നുറങ്ങിയാൽ മതി.

ഏസിയുടെ ഫാൻ ഫുൾസ്പീഡിലിട്ട്, തണുപ്പ് കൂട്ടി വെച്ചാണ് കിടന്നത്. ഉക്രെയ്‌നിൽ ചൂടുകാലമാണ്. പകൽ 35 ഡിഗ്രിയൊക്കെ ചൂടുണ്ട്. നമ്മുടെ നാട്ടിലെ കാലാവസ്ഥ പോലെ തന്നെ എന്നു പറയാം. മുറിയ്ക്കുള്ളിലും സാമാന്യം ചൂടുണ്ട്. എസി റൂമായതിനാൽ ഫാനുമില്ല.

കീവ് നഗരം

ഏസിയുടെ തണുപ്പ് വന്ന് എന്നെ മൂടുന്നതും കാത്തുകിടക്കുകയാണ് ഞാൻ. നിയാസ് ചെറുതായി കൂർക്കം വലിച്ച് ഉറങ്ങിത്തുടങ്ങി. പത്തുമിനിറ്റു കഴിഞ്ഞിട്ടും ഏസിയിൽ നിന്ന് തണുപ്പൊന്നും വരുന്നില്ല. എഴുന്നേറ്റ് ഏസിയുടെ റിമോട്ട് പരിശോധിച്ചു. സെറ്റിങ്‌സ് ഒക്കെ കൃത്യമാണ്. വീണ്ടും അഡ്ജസ്റ്റുമെന്റുകൾ നടത്തി. ഏസി ഓഫ് ചെയ്ത്, ഒന്നു കൂടി  ഓൺ ചെയ്ത് കിടന്നു. തണുപ്പ് വരുന്നില്ല. എന്നു തന്നെയുമല്ല, ഫാൻ പോലുമില്ലാത്തതു കൊണ്ട് വിയർത്തൊഴുകാനും തുടങ്ങി. അതിനിടയ്ക്ക് എന്നെ കൊതിപ്പിച്ചു കൊണ്ടുള്ള നിയാസിന്റെ കൂർക്കംവലിയും! അങ്ങനെ എനിക്കു കിട്ടാത്ത നിദ്രാസുഖം നിയാസിന് കിട്ടാൻ പാടില്ലല്ലോ. വിളിച്ചെഴുന്നേൽപ്പിച്ചു. പാതി ഉറക്കത്തിൽ എഴുന്നേറ്റിരുന്ന് നിയാസ് ചോദിച്ചു.

'എന്താ പ്രശ്‌നം?'

'ഏസി വർക്കു ചെയ്യുന്നില്ല. വിയർത്തൊഴുകുന്നു. എന്തു ചെയ്യണം?'

അതോടെ നിയാസിന്റെ ഉറക്കവും പോയി. ചൂട് നിയാസിനെയും പൊതിഞ്ഞു. റിമോട്ട് എടുത്ത് ചില അഭ്യാസപ്രകടനങ്ങൾ നിയാസും നടത്തി.

കിം ഫലം!

ഒടുവിൽ ഞാൻ താഴെ പോയി സുന്ദരിയോട് സംസാരിച്ച് പുതിയ റൂം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഏസി മുറി ബുക്ക് ചെയ്തിട്ട് അതിലെ ഏസി പ്രവർത്തിച്ചില്ലെങ്കിൽ പുതിയ മുറി തരിക എന്നത് ന്യായമായ ആവശ്യമാണല്ലോ.

വെളുപ്പിനെ നാലു മണിയായിട്ടുണ്ടാവും. ക്ഷീണം കൊണ്ട് വിറയ്ക്കുന്ന കാലടികളോടെ ഞാൻ ലിഫ്റ്റിറങ്ങി സുന്ദരിയുടെ സവിധത്തിലെത്തി. സുഖസുഷുപ്തിയിലാണ് യുവതി. ഞാൻ മുരടനക്കി ആഗമനമറിയിച്ചു. പ്രകടമായ നീരസത്തോടെ സുന്ദരി കണ്ണുതുറന്നു.

'എവനൊന്നും ഉറക്കവുമില്ലേടേ' എന്ന മട്ട്.

ഞാൻ പ്രശ്‌നം അവതരിപ്പിച്ചു. 'ഏസി പ്രവർത്തിക്കുന്നില്ല. ഫാനുമില്ലല്ലോ.. ഉറങ്ങാൻ പറ്റുന്നില്ല!'

'ഏസി മെക്കാനിക്ക് നാളെ രാവിലെ പത്തുമണിക്കേ വരൂ. എന്നിട്ട് ശരിയാക്കാം'-മറുപടി.

'അത് അങ്ങനെ തന്നെ നടക്കട്ടെ. ഇപ്പോൾ ഏസി പ്രവർത്തിക്കുന്ന ഒരു മുറിയിലേക്ക് ഞങ്ങളെ മാറ്റിത്തരണം' - ഞാൻ.

'പറ്റില്ല. ഏസി പ്രവർത്തിക്കുന്നില്ലെങ്കിൽ മെക്കാനിക്ക് വരുമ്പോൾ ഏസി നന്നാക്കിത്തരും. അതല്ലാതെ മുറി വേറെ തരാൻ പറ്റില്ല. ബുദ്ധിമുട്ടാണെങ്കിൽ ഇപ്പോൾ തന്നെ മുറി ഒഴിയുക. എനിക്ക് ഉറങ്ങണം'- കർക്കശമായ മറുപടി.

എന്റെ മുന്നിലെ സുന്ദരിയുടെ രൂപം മാഞ്ഞ് അവിടെ ഭീകരരൂപിയായ വടയക്ഷി പ്രത്യക്ഷപ്പെട്ടതു പോലെ എനിക്ക് തോന്നി. തള്ളി നിൽക്കുന്ന ദംഷ്ട്രകളോടെ അവൾ എന്നെ നോക്കി അലറുകയാണ്. 'ഒഴിഞ്ഞു പോ.. അല്ലെങ്കിൽ നിന്റെ ചോര ഞാൻ കുടിക്കും..''

ഞാൻ തിരിഞ്ഞോടി, ലിഫ്റ്റ് കയറി മുറിയിലെത്തി കിടക്കയിലേക്ക് വീണു.

'എന്തായി? മുറി മാറ്റി കിട്ടിയോ' - നിയാസ് ചോദിച്ചു. പുറത്തെടുത്ത സാധനങ്ങളൊക്കെ തിരിച്ചു കയറ്റി പെട്ടിയൊക്കെ അടച്ച് അടുത്ത മുറിയിലേക്കു പോകാൻ റെഡിയായി നിൽക്കുകയാണ് കക്ഷി.

'ഇല്ല.. അവൾ യക്ഷിയാണ്.. മിണ്ടാതെ കിടന്നുറങ്ങിക്കോ' - ഞാൻ പറഞ്ഞു.

നിയാസിനൊന്നും മനസ്സിലായില്ല. പഴയ റഷ്യൻ രാജ്യമല്ലേ , പ്രത്യയശാസ്ത്രപരമായ സംഘട്ടനമെന്തെങ്കിലും നടന്നു കാണുമെന്ന് നിയാസ് വിചാരിച്ചു കാണും.

സമയം 4. 30. എങ്ങനെയും നേരം വെളുപ്പിക്കണം. എന്നിട്ട് ഈ ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് വേറെ എവിടെക്കെങ്കിലും മാറണം. വിയർത്തൊഴുകുകയാണ്. പക്ഷേ ചൂട് സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്കപ്പുറമായിരുന്നു ശരീരത്തിന്റെ ക്ഷീണം.

എപ്പോഴോ, എങ്ങനെയോ, ഉറങ്ങിപ്പോയി. രാവിലെ 8ന് എഴുന്നേറ്റു. ഉക്രെയ്‌നിലെ ദിവസങ്ങൾ ഉറങ്ങി നഷ്ടപ്പെടുത്താൻ പറ്റില്ലല്ലോ. പത്തുമണിയോടെ ഹോട്ടലിനു പുറത്തിറങ്ങി. അതിനു മുമ്പ് മറ്റൊരു ഹോട്ടൽ കണ്ടുപിടിച്ച് ബുക്ക് ചെയ്തിരുന്നു. റിസപ്ഷനിലെ താടക അത്രയധികം ഞങ്ങളെ വെറുപ്പിച്ചിരുന്നു. കൊസാത്‌സ്‌കി ഹോട്ടൽ ചെക്ക് ഔട്ട് ചെയ്ത് ലഗേജുകളെല്ലാം അവിടെത്തന്നെ വെച്ച ശേഷമാണ് പുറത്തിറങ്ങിയത്. വൈകുന്നേരം വരെ കാഴ്ചകൾ കണ്ടിട്ട് ,വൈകിട്ട് പുതിയ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാമെന്നു കരുതി.

പുറത്തിറങ്ങിയപ്പോൾ കണ്ടത് 'ഹോപ്പ്  ഇൻ -ഹോപ്പ് ഓഫ്' ബസിന്റെ ബോർഡാണ്. മേൽഭാഗം തുറന്ന രണ്ടുനില ബസ്സിൽ കയറി നഗരം മുഴുവൻ ചുറ്റിക്കാണിക്കുന്ന ഏർപ്പാടാണിത്. കടന്നു പോകുന്ന ഓരോ സ്ഥലത്തെപ്പറ്റിയും വിശദീകരിക്കുന്നത് കേൾക്കാൻ ഹെഡ്‌ഫോണും തരും.  സന്ദർശിക്കുന്ന ഒരു സ്ഥലത്തെക്കുറിച്ച് ഒരേകദേശ  ഐഡിയ  കിട്ടാൻ ഹോപ്പ് - ഓൺ - ഹോപ്പ്  ഓഫ് ബസ് നല്ലൊരുപായമാണ്.

ഞങ്ങൾ തൊട്ടടുത്തുള്ള കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് ബസ് കാത്തു നിന്നു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA