sections
MORE

വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല; പ്രസവം വൈകിപ്പിച്ച് എംപി

tulip-siddiq-666
SHARE

രാജ്യത്തിന്റെ ഭാവിയുടെ പ്രശ്നം വരുമ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് രണ്ടാം സ്ഥാനം മാത്രമേയുള്ളുവെന്ന് പലരും പറയാറുണ്ടെങ്കിലും സ്വന്തം ജീവിതത്തിലൂടെ അതു തെളിയിച്ചിരിക്കുകയാണ് ബ്രിട്ടനിലെ ഒരു പാര്‍ലമെന്റംഗം. ബംഗ്ലാദേശിന്റെ ആദ്യപ്രസിഡന്റ് മുജിബുര്‍ റഹ്മാന്റെ കൊച്ചുമകള്‍ തുലിപ് സിദ്ദിഖാണ് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന പ്രസവം ഡോക്ടര്‍മാരുടെ സഹായത്തോടെ മറ്റൊരു ദിവസത്തേക്കു മാറ്റുന്നത്.

ചൊവ്വാഴ്ചയാണ് യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്റെ പിന്‍മാറ്റം രേഖപ്പെടുത്തുന്ന ബില്ലില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. അന്ന് ആശുപത്രിയിലായാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. ഒരു വോട്ടിന്റെ പേരില്‍ ബില്‍ പരാജയപ്പെട്ടാലോ. അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് വിചാരിക്കുന്നതുകൊണ്ടാണ് പ്രസവം മാറ്റിവച്ചും നിറവയറുമായി വീല്‍ചെയറില്‍ പാര്‍ലമെന്റില്‍ എത്താനും വോട്ടു ചെയ്യാനും തുലിപ് തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച വരെ പ്രസവം മാറ്റിവയ്ക്കാമെന്ന് ഡോക്ടര്‍മാരും സമ്മതിച്ചിട്ടുണ്ട്. 

എന്റെ കുട്ടി ജനിക്കുന്നത് ഒന്നോ രണ്ടോ ദിവസം വൈകിയേക്കാം. എന്നാല്‍ ബ്രിട്ടനും യൂറോപ്പും തമ്മില്‍ ആരോഗ്യകരവും സൗഹൃദത്തിലധിഷ്ഠിതവുമായ ഒരു ബന്ധം നിലനില്‍ക്കുന്ന ലോകത്ത് ആ കുട്ടി ജനിച്ചു വീഴണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ജനനം ചില ദിവസങ്ങള്‍ വൈകിപ്പിച്ചും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.ആവേശഭരിതയായി തുലിപ് പറയുന്നു. 

പൂര്‍ണഗര്‍ഭിണിയായ തുലിപിനുവേണ്ടി പ്രോക്സി വോട്ട് ഏര്‍പ്പെടുത്തണമെന്ന് ലേബര്‍ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ നേരത്തെ സ്പീക്കറോട് അപേക്ഷിച്ചിരുന്നു. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ തനിക്ക് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കഴിവില്ലെന്നു വിശദീകരിച്ചുകൊണ്ട് സ്പീക്കര്‍ നിര്‍ദേശം തള്ളി. ഇതോടെയാണ് വീല്‍ചെയറില്‍ തുലിപിനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും തുലിപ് സന്തോഷത്തോടെ തീരുമാനത്തില്‍ പങ്കാളിയായതും. ജനിക്കാനിരിക്കുന്ന കുട്ടി ബംഗ്ലാദേശിന്റെ എല്ലാമെല്ലാമായ മുജിബുര്‍ റഹ്മാന്റെ പ്രപൗത്രനായിരിക്കും. തുലിപിന്റെ ബന്ധുവാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ അധികാരത്തിലെത്തിയ ഷെയ്ഖ് ഹസീന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA