മണിച്ചിത്രത്താഴിലെ ‘ഗംഗ’ ആകാറുണ്ടോ?

shobana
SHARE

മണിച്ചിത്രത്താഴിലെ ഗംഗയെ ഓർക്കുന്നില്ലേ? ഇതുപോലെ എത്രയെത്ര കഥാപാത്രങ്ങളെയാണ് പഴ്സണാലിറ്റി ഡിസ്ഓർഡറുമായി സിനിമകളിൽ നാം പരിചയപ്പെട്ടിട്ടുള്ളത്. എന്നാൽ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും തരത്തിലുള്ള പഴ്സണാലിറ്റി ഡിസ്ഓർഡറുകൾ ഉണ്ടോ എന്നു സ്വയം പരിശോധിച്ചു നോക്കിയിട്ടുണ്ടോ? യുവതലമുറയ്ക്കിടയിൽ ഇത്തരം വ്യക്തിത്വ വൈകല്യങ്ങളുടെ നിരക്ക് താരതമ്യേന വർധിക്കുന്നതായാണ് മനഃശാസ്ത്രപഠനങ്ങൾ അവകാശപ്പെടുന്നത്. താഴെപ്പറയുന്ന എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ എന്നു സ്വയം വിലയിരുത്തിനോക്കൂ.

∙സുഹൃത്തുക്കൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും ഒറ്റപ്പെടുന്നതായി തോന്നലുണ്ടോ? ഇതു ചിലപ്പോൾ നിങ്ങളുടെ സങ്കൽപം മാത്രമായിരിക്കും.

∙തനിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് നിഷേധാത്മകമായ ചിന്തകൾ ഇരച്ചുകയറുന്നുണ്ടോ? ചിലപ്പോൾ ഇത് കരച്ചിലിലേക്കും ആത്മഹത്യാപരമായ ചിന്തകളിലേക്കും നിങ്ങളെ കൊണ്ടെത്തിക്കും.

∙ഇടവിട്ടിടവിട്ട് മൂഡ് വ്യതിയാനം ഉണ്ടാകാറുണ്ടോ? സന്തോഷം പെട്ടെന്ന് സങ്കടത്തിലേക്കും ആശങ്കയിലേക്കും വഴിമാറുന്നുണ്ടോ?

∙ മെച്ചപ്പെട്ട ജോലിയും സാമ്പത്തിക വരുമാനവും സൗഹൃദങ്ങളും എല്ലാം ഉണ്ടായിട്ടും വല്ലാത്തൊരു ശൂന്യതാ ബോധം നിങ്ങളെ അലട്ടുന്നുണ്ടോ?

∙ സുഹൃത് ബന്ധങ്ങളിൽ നിന്ന് അകാരണമായി അകന്നുനിൽക്കാറുണ്ടോ? ഒരു സുഹൃത്തിനോടും പ്രത്യേകിച്ച് അടുപ്പം തോന്നായ്ക ഉണ്ടോ?

∙മറ്റുള്ളവരെ അനാവശ്യമായി സംശയിക്കുന്ന സ്വഭാവമുണ്ടോ? അനാവശ്യമായി മറ്റുള്ളവരോട് ശത്രുത തോന്നുകയും അത് മനസ്സിൽ വച്ചു പെരുമാറുകയും ചെയ്യാറുണ്ടോ?

∙സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാൻ മറ്റുള്ളവരെ പഴി ചാരുന്ന രീതിയുണ്ടോ? മറ്റുള്ളവരുടെ നേട്ടങ്ങൾ സ്വന്തം ക്രെഡിറ്റ് എന്ന് അവകാശപ്പെടാൻ ശ്രമിക്കാറുണ്ടോ?

∙സ്വയം ശരീരത്തയും മനസ്സിനെയും ശിക്ഷിക്കുന്ന സ്വഭാവമുണ്ടോ? മറ്റുള്ളവരുടെ കുറ്റങ്ങൾ കൂടി സ്വന്തമെന്നു കരുതി ആത്മപീഡ നടത്താറുണ്ടോ?

മേൽപ്പറഞ്ഞവയിൽ തൊണ്ണൂറു ശതമാനത്തിനും നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കിൽ നിങ്ങളുടെ മനസ്സിന് എന്തോ ചെറിയ തകരാർ തുടങ്ങിയിരിക്കുന്നു. ഇത് മാനസിക രോഗമല്ല, മറിച്ച് പഴ്സണാലിറ്റി ഡിസ്ഓർഡർ മാത്രമാണെന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം ഒരു കൗണ്‍സിലറെ സമീപിക്കുക.

Read More: Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA