sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – ഭരണി : കാണിപ്പയ്യൂർ

bharani-varshapham
SHARE

വിദ്യാർഥികൾക്ക് ഉദാസീനമനോഭാവം, ഉത്സാഹക്കുറവ് എന്നിവ ഉണ്ടാവാനിടയുള്ളതിനാൽ പലപ്പോഴും ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരാൻ സാധിക്കുകയില്ല. നിശ്ചയിച്ച പല കാര്യങ്ങൾക്കും വ്യതിചലനം വന്നു ചേരുന്നതുവഴി പലപ്പോഴും ആത്മവിശ്വാസം കുറയും. ഉദ്യോഗത്തിൽ അധ്വാനഭാരവും ചുമതലകളും വർധിക്കും. അധികാരപരിധി വർധിക്കും. പലപ്പോഴും കീഴ്ജീവനക്കാര്‍ മറ്റൊരു ജോലി നേടി പോവുകയും മേലധികാരികളിൽ നിന്നും അതൃപ്തിയുള്ള ചില സമീപനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്, പ്രസ്ഥാനത്തിന്റെ ലക്ഷ്യം മനസ്സിൽ കരുതി കൊണ്ട് ആത്മാർഥമായി പ്രവർത്തിക്കേണ്ടതായ സാഹചര്യങ്ങളോ അനുഭവജ്ഞാനമുള്ള വിഷയങ്ങൾ കൃത്യമായ രീതിയിൽ അവലംബിക്കാനോ ഉള്ള സാഹചര്യങ്ങൾ എല്ലാ പ്രകാരത്തിലും വന്നുചേരും. 

വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ലാഭശതമാനമില്ലാത്ത വിഭാഗങ്ങൾ തൽക്കാലത്തേക്ക് ഉപേക്ഷിച്ച് ലാഭം ഉള്ള മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം. നിർത്തിവച്ച കർമ്മപദ്ധതികൾ പുനരാരംഭിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെങ്കിലും സാമ്പത്തികമായ സഹായം കുറവുള്ളതിനാൽ തൽക്കാലത്തേക്ക് പുനരാരംഭിക്കുവാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറേണ്ടതായ സാഹചര്യങ്ങള്‍ വരും. 

വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കാൻ ഉള്ള അവസരം ലഭിക്കാത്തതുവഴി കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കുവാനോ, ജീവിതച്ചെലവു വർധിക്കുന്നതു വഴി നാട്ടിലേക്ക് മാറ്റി പാർപ്പിക്കുവാനോ സാധ്യതയുണ്ട്. മറ്റു ചിലർക്ക് അവിചാരിതമായി ജോലി നഷ്ടപ്പെടും. എന്നാൽ നിലനിൽപിന് അനുകൂലമായ ചില സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള ഒരു ഉദ്യോഗം സുഹൃത്തുക്കൾ മുഖാന്തരം വന്നുചേരും. സാമ്പത്തികമായിട്ടുള്ള വരുമാനമാർഗമോ സ്ഥാനമാനങ്ങളോ ആനുകൂല്യങ്ങളോ ഒന്നും മുമ്പുണ്ടായിരുന്ന പോലെ ലഭിക്കുകയില്ല എന്നിരുന്നാലും ഒരു വർഷത്തിനു ശേഷം  നേട്ടത്തിലെത്തുന്ന ഒരു സ്ഥാപനമായതുകൊണ്ട് അതിൽ തുടരുവാനുള്ള തീരുമാനം കൈക്കൊള്ളുവാനും യോഗമുണ്ട്. 

വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. തീരുമാനങ്ങളില്‍ പല ഔചിത്യങ്ങളുണ്ടാകുമെങ്കിലും പലപ്പോഴും വേണ്ടപ്പെട്ടവരെ  ബോധിപ്പിക്കാനുള്ള സാധ്യതകൾ കുറവായതിനാൽ ചില നല്ല അവസരങ്ങള്‍ നഷ്ടപ്പെടുവാനും യോഗയുണ്ട്. പരീക്ഷ, ഇന്റർവ്യൂ, കലാകായിക മത്സരങ്ങൾ, കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെല്ലാം തന്നെ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാൻ സാധ്യത ഇല്ലാത്തതിനാൽ ഈ മേഖലകളിൽ പണം മുതൽ മുടക്കുന്നതോ അശ്രാന്ത പരിശ്രമം ചെയ്യുന്നതോ ഉചിതമല്ല. തൽക്കാലത്തേക്ക് ഈ  വിഷയങ്ങളിൽ നിന്നും പിന്മാറി കുടുംബാംഗങ്ങൾ നിർദേശിക്കുന്നതും അവർ താൽപര്യപ്പെടുന്നതുമായിട്ടുള്ള വിഷയങ്ങളിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.

പ്രായോഗികവശം ശരിയല്ലാത്തതുകൊണ്ട് പല ശാസ്ത്രീയവശങ്ങൾ ചിന്തിച്ചു കൊണ്ടു പ്രവർത്തിക്കുന്ന കാര്യങ്ങളിൽ നിന്ന് താത്കാലികമായി മാറി ഒതുങ്ങിയ ജീവിതം നയിക്കേണ്ടതായ സാഹചര്യങ്ങളാണ് ഉണ്ടാവുക. നീർദോഷ നാഡീ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യമനുഭവപ്പെടുവാനുള്ള സാധ്യത ഉള്ളതിനാൽ  പ്രകൃതിദത്തമായിട്ടുള്ള ഔഷധ രീതികളെല്ലാം വേണ്ടിവരുവാൻ യോഗമുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കായിട്ട് വിദേശത്ത് താമസിക്കുന്നവർക്കാണെങ്കിലും അവരുടെ അസുഖാവസ്ഥകൾ കണക്കിലെടുത്തുകൊണ്ട് അവരെ ഒരുമിച്ചു താമസിപ്പിക്കാനുള്ള സാഹചര്യങ്ങളോ ഒരു പക്ഷേ രണ്ടുമൂന്നു മാസം കൂടുമ്പോൾ ജന്മനാട്ടിൽ വന്നു പോകേണ്ടതായ സാഹചര്യങ്ങളോ ഉണ്ടായിത്തീരും.  പതുക്കെ അവരെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കേണ്ടതായ സാഹചര്യങ്ങൾ കൂടി ഈ വര്‍ഷത്തിന്റെ ഒടുവിൽ വേണ്ടി വരുവാനുള്ള യോഗം കാണുന്നുണ്ട്. 

പലപ്പോഴും ആദ്ധ്യാത്മികമായിട്ടുള്ള  ചിന്തകളും ഏതൊരു മാനസികമായിട്ടുള്ള സമ്മർദ്ദത്തെയും അതിജീവിക്കുന്നതിന് വഴിയൊരുക്കുവാനുള്ള സാധ്യത കാണുന്നു. വ്യവസ്ഥകൾ പലപ്പോഴും പാലിക്കുന്ന കാര്യങ്ങളാണെങ്കിൽ പോലും അതിനനുസരിച്ചുള്ള ഒരു അംഗീകാരം ലഭിക്കാത്തതുവഴി  മാനസികമായിട്ടുള്ള വിമ്മിഷ്ടം അനുഭവപ്പെടും. 

പൊതുവേ ഈശ്വരപ്രാർഥനകളോടു കൂടി അനുഭവജ്ഞാനമുള്ളവരും ഗുരുകാരണവന്മാരും നിർദേശിക്കുന്ന കാര്യങ്ങളും മേലധികാരികളുടെ നിർദേശങ്ങളും  ഒരു പരിധി വരെ പരിഗണിക്കുന്നതു വഴി  ഫലപ്രാപ്തി നേടുവാൻ ഈയൊരു വർഷം യോഗം കാണുന്നുണ്ട്. അമിതമായ ആത്മവിശ്വാസവും അമിതമായ ആവേശവും ഒഴിവാക്കി ആത്മസംയമനം പാലിച്ചു കൊണ്ടുള്ള സമീപനം ഈ വർഷം നിർബന്ധമായും ഭരണി നക്ഷത്രക്കാർക്ക് 2019 ൽ വേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA