sections
MORE

സമ്പൂർണ നക്ഷത്രഫലം 2019 – അത്തം : കാണിപ്പയ്യൂർ

Atham Nakshathra Phalam
SHARE

അത്തം നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ല്‍ ആരോഗ്യപരമായ കാര്യങ്ങളിൽ ആശങ്ക വർധിക്കുകയും വിദഗ്ധ പരിശോധനകൾ  നടത്തുകയും ചെയ്യും എന്നാൽ മാരകമായിട്ടുള്ള യാതൊരു അസുഖങ്ങളും ഇല്ലെന്നറിഞ്ഞതിനാൽ നേർന്നു കിടപ്പുള്ള വഴിപാടുകളെല്ലാം ചെയ്തു തീർക്കാൻ അവസരം ഉണ്ടാവും . പുണ്യതീർഥ ഉല്ലാസ യാത്രകളാണെങ്കിലും സ്വതന്ത്രമായിട്ടുള്ള യാത്രകളാണെങ്കിലും അസമയത്തുള്ള യാത്രകളും അതിവേഗത്തിലുള്ള യാത്രകളും ഈ വർഷം ഒഴിവാക്കുന്നത് നന്നായിരിക്കും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിവയ്ക്കാനിടവരുമെങ്കിലും വാസ്തുശാസ്ത്ര പ്രകാരം  വളരെയധികം നിർണായകമായ മാറ്റങ്ങൾ വരുത്തേണ്ടതായ സാഹചര്യങ്ങളെക്കൊണ്ട് തൽക്കാലത്തേക്ക് ഉപേക്ഷിച്ച് പട്ടണത്തിലെ ഗൃഹത്തിലേക്ക് മാറിത്താമസിക്കേണ്ടതായ സാഹചര്യം ഉണ്ടാവും . മറ്റു ചിലർക്ക്  വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കുവാനുള്ള അവസരം ഉണ്ടാവാം . 2021 ലേ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. 

വ്യവസായിക മേഖലകളിൽ ജോലിക്കാരുടെ ശ്രദ്ധക്കുറവുമൂലം യന്ത്രത്തകരാറ് സംഭവിക്കുന്നതു വഴി പലപ്പോഴും ഉത്പാദനമേഖലകളെ ബാധിക്കും. തന്മൂലം ഈ ഉത്പന്നങ്ങളെല്ലാം മറ്റൊരു സ്ഥാപനത്തിൽ വികസിപ്പിച്ചെടുക്കുവാനും നിലവിലുള്ളതിനേക്കാൾ നല്ല നിലയിൽ ഒരു പ്രചാരമുണ്ടാക്കുവാനുമുള്ള സാധ്യതയുണ്ട്.  പ്രചാരമുണ്ടാക്കുന്നതിന്റെ സാമ്പത്തികമായിട്ടുള്ള നേട്ടം 2020 ലോ 21ലോ ഉണ്ടായിരിക്കുകയുള്ളൂ.  മനസ്സിന് വിമ്മിഷ്ടമുണ്ടാകുന്ന ആശയങ്ങൾ പലരിൽ നിന്നും വന്നുചേരുമെങ്കിലും തീരുമാനം കൈക്കൊള്ളുവാൻ വിദഗ്ധ നിർദേശം സ്വീകരിക്കേണ്ടതായ സാഹചര്യം വരും . 

ബന്ധുമിത്രാദികളിൽ നിന്നും അപ്രീതികരമായിട്ടുള്ള വചനങ്ങൾ കേൾക്കുവാൻ ഇടവരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാവും  നന്ന് . ഓർമശക്തിക്കുറവിനാൽ പല കാര്യങ്ങളും എഴുതി വയ്ക്കേണ്ടതായ സാഹചര്യം ഉണ്ടാവാം. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി വർധിക്കും. നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റൊന്ന് ശ്രമിക്കുന്നത് നന്നല്ല . വ്യാപാര വിപണന വിതരണ മേഖലകളിൽ കടം കൊടുത്തു കൊണ്ടോ ജാമ്യം നിന്നും കൊണ്ടോ പ്രവർത്തിക്കുന്ന മണ്ഡലങ്ങളിലെല്ലാം  തൽക്കാലത്തേക്ക് ഉപേക്ഷിക്കുന്നത് നന്നായിരിക്കും. സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം നിർബന്ധമായും ഉപേക്ഷിക്കേണ്ടതാണ്. 

 നിലവിലുള്ള ജോലി ഉപേക്ഷിക്കുക ,വ്യാപാരത്തിൽ ഉൾപ്പെടുക ,  ഭൂമി പണയം വയ്ക്കുക എന്ന ആശയത്തോടു കൂടി  മക്കൾ  വന്നുചേരുമെങ്കിലും തൽക്കാലത്തേക്ക് ഈ  വിഷയങ്ങളിൽ നിന്നും പിന്മാറുന്നത് അബദ്ധങ്ങളെ അതിജീവിക്കാൻ വഴിയൊരുക്കും. ഏതൊരു കാര്യവും അർദ്ധ മനസ്സോടുകൂടി ഏറ്റെടുത്ത് 2020 ലും 2021 ലും പൂർത്തീകരിക്കത്തക്ക വിധത്തിലുള്ള ചില സാഹചര്യങ്ങൾ ഉണ്ടാവും.  ഈയൊരു വർഷം അവധി ദിവസങ്ങളും  വിശേഷ ദിവസങ്ങളും ഉൾപ്പെടെ  മിക്ക ദിവസങ്ങളിലും അധികമായി  സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും ജോലി കൂടി ചെയ്തു തീർക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാവാം . 

ക്ഷമ, വിനയം, പക്വത, ആത്മസംയമനം ഇതിനെല്ലാമുപരിയായി ഈശ്വരപ്രാർഥനകളോടു കൂടിയതായിട്ടുള്ള സമീപനം സ്വീകരിച്ചും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിച്ചും  അനുചിത പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞുമാറിയും  ഏതു  കാര്യത്തേയും സമീപിക്കുന്നത്തിലൂടെ   നല്ല നിലയിലുള്ള ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാവും. ഈശ്വരപ്രാർഥനകള്‍ക്കും ആരാധനാ കാര്യങ്ങൾക്കും കൂടുതൽ സമയം കണ്ടെത്തേണ്ടതാണ്. ഇങ്ങനെയൊക്കെ ചെയ്യുന്ന പക്ഷം കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ  വന്നുചേരുവാൻ യോഗമുണ്ട്. 

പുതിയ പ്രസ്ഥാനങ്ങൾക്ക് പണം മുതൽ മുടക്കുന്നത് അത്ര നന്നല്ല . കാർഷിക മേഖലയിൽ നിന്നുള്ള  വരവും ചെലവും തുല്യമായിരിക്കും. നിർണ്ണായക കാര്യങ്ങൾക്ക് വിദഗ്ധ നിർദേശം തേടാതെ  ഒരു കാര്യത്തിനും ഈയൊരു വർഷം ഇറങ്ങിപ്പുറപ്പെടരുത് എന്നു കൂടിയാണ് അത്തം നക്ഷത്രക്കാരുടെ ഈയൊരു വർഷത്തെ അനുഭവയോഗ്യമായിട്ടുള്ള ഫലമായി പറയേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA