sections
MORE

ഇവയൊക്കെയും ചെയ്യേണ്ടത് വീട് വയ്ക്കുന്നതിന് മുൻപ്, ശേഷമല്ല!

house-vastu
SHARE

വീട് വയ്ക്കാൻ തീരുമാനിച്ചാൽ പിന്നെ പെട്ടെന്ന് പണി തീർക്കണം എന്നാണ് പലർക്കും. ഈ പെട്ടെന്ന് എന്ന ത്വര അത്യാവശ്യം ശ്രദ്ധിക്കേണ്ട പലതും വിട്ടായിരിക്കും നടപ്പാക്കുക. ഇവർ വീട് പൂർത്തിയാക്കി താമസം തുടങ്ങിക്കഴിയുമ്പോൾ, താമസം വിനാ – അവിടുത്തെ താമസം ഒരു വിനയായി മാറുന്നത് അനുഭവത്തിൽ അറിയുന്നു. തുടർന്ന് അശാന്തരായ ഇവർ പരിഹാരമന്വേഷിച്ചു നെട്ടോട്ടമാണ്. ഇതിനൊടുവിൽ പരിഹരിച്ചെന്ന് മനസ്സാ സമാധാനിക്കാമെങ്കിലും പൂർത്തിയാക്കിയ ഗൃഹത്തിന്റെ പരിഹാരം പലപ്പോഴും ഒട്ടൊക്കും ഒട്ട് ഒക്കാതെ കിടക്കുകയേ ഉള്ളൂ. 

ഇതിന് എന്താ ഒരു പോംവഴി? ഗൃഹനിർമ്മാണം എന്ന ആശയം മനസ്സിലുദിച്ചാൽ സ്വീകാര്യമായ സ്ഥലം ഒന്നോ അതിൽ കൂടുതലോ മനസ്സിൽ സങ്കല്‍പ്പിക്കുക. എന്നിട്ട് ഭവനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ദുരാഗ്രഹിയല്ലാത്ത, സാത്വികനായ, കമ്മീഷൻ പറ്റാത്ത സത്യസന്ധനായ ഒരു വാസ്തുവിദഗ്ദ്ധനെ കൊണ്ട് വിലയിരുത്തുക. ആ വിലയിരുത്തലിൽ അദ്ദേഹം നിർദ്ദേശിക്കുന്ന രൂപഭാവങ്ങളോടെ ഭവനവും പശ്ചാത്തലവും തയാറാക്കാന്‍ പ്ലാൻ വരയ്ക്കാൻ നൽകുക. പലരും പ്ലാൻ വരച്ചതിനു ശേഷവും അതിലുപരി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുമതിയും വാങ്ങിയ ശേഷമായിരിക്കും വാസ്തു നിർണ്ണയം നടത്തുന്നത്. ഇങ്ങനെയായാൽ അപൂർണ്ണത വീണ്ടും കിടക്കും. പ്ലാനിലെ പലതും മാറ്റിയെടുക്കാൻ പ്രായോഗികമായി സാധിക്കാതെ വരും.

അതിനാൽ ഭവന നിർമ്മാണത്തിന്റെ ആശയം മനസ്സിൽ ഉദിച്ചാലുടൻ ആ വെറും മണ്ണിനെ ശരിയാംവണ്ണം വിലയിരുത്തുക. അതിൽ നിർദ്ദേശിക്കുന്ന ദോഷപരിഹാരവും നടത്തിയ ശേഷം ആ ഭൂഭാഗത്തിൽ എങ്ങനെയാണോ നിർമ്മിതി നടത്തി കൂടുതൽ അനുകൂലോർജ്ജം വരുത്തേണ്ടത് ആ രീതിയിൽ തുടർന്ന് കാര്യങ്ങൾ നീക്കി, നിർമ്മിതി പൂർത്തിയാക്കിയാൽ, ശുഭമുഹൂർത്തത്തില്‍ ഗൃഹപ്രവേശവും കൂടി നടത്തിയാൽ ആ ഭവനം അവിടെ വസിക്കുന്നവർക്ക് വിപരീതങ്ങൾ ഏശാത്ത ഒരു രക്ഷാകവചവും, ഒപ്പം അവിടേക്ക് വരുന്ന ആസ്തികൾ സംരക്ഷിക്കപ്പെടുന്ന ഖജനാവുമായി ഭവനം മാറും. ഇത്രത്തോളം തലമുറകളോളം അനുകൂല ഊർജപ്രസരണം നിലനിൽക്കുന്ന ഒരു ഊർജ്ജ പ്രസരണിയാക്കി പുതിയ ഭവനത്തെ പ്രയോജനപ്പെടുത്താൻ ശരിയായ വാസ്തു നിർണ്ണയം സഹായിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTU
SHOW MORE
FROM ONMANORAMA