17 വയസ്സിനുള്ളിൽ എന്‍ജിനീയറിങ് ബിരുദം, ക്യാറ്റ്...പുലിയാണ് സംഹിത!

samhitha
SHARE

പത്താം വയസ്സില്‍ പത്താം ക്ലാസിന്റെ കടമ്പ കടന്ന ഒരു പെണ്‍കുട്ടി. പന്ത്രണ്ടു വയസ്സില്‍ പ്ലസ്ടുവും കടന്ന് നേരെ എന്‍ജിനീയറിങ് കോളജിലേക്ക്. അവിടെ നിന്ന് 16-ാം വയസ്സില്‍ ഗോള്‍ഡ് മെഡലോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം. പിച്ചവച്ചു നടന്ന കാലം മുതലേ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വണ്ടര്‍ കിഡായ സംഹിത കസിഭട്ട ഏറ്റവുമൊടുവില്‍ ഞെട്ടിച്ചിരിക്കുന്നത് ക്യാറ്റ് പരീക്ഷാ ഫലത്തിലാണ്. 

17-ാം വയസ്സില്‍ ക്യാറ്റ് പരീക്ഷ വിജയിച്ച് ഈ പരീക്ഷ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് ഈ തെലങ്കാനക്കാരി. തന്റെ ആദ്യ ശ്രമത്തില്‍ 95.95 പേര്‍സന്റൈല്‍ മാര്‍ക്കോടെയാണ് സംഹിത ക്യാറ്റ് പരീക്ഷ വിജയിച്ചത്. 

മൂന്നാം വയസ്സില്‍ സാധാരണ കുട്ടികള്‍ വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പഠിക്കുന്നതേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ആ പ്രായത്തില്‍ സംഹിത ഭൂപടത്തിലെ രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ മനപ്പാഠം പഠിച്ച് അവയുടെ കൊടികള്‍ തിരിച്ചറിയാന്‍ തുടങ്ങി. അഞ്ചു വയസ്സായപ്പോഴേക്കും പടം വരയ്ക്കാനും ലേഖനങ്ങള്‍ എഴുതാനും ആരംഭിച്ചു. സൗരയുധത്തെ കുറിച്ചു സംഹിത എഴുതിയ ലേഖനത്തിനു മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അടക്കം അഭിനന്ദനങ്ങള്‍ ലഭിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ചെഴുതിയ ലേഖനത്തിനു കയ്യടികള്‍ ലഭിച്ചതാകട്ടെ ലോകം കണ്ട മികച്ച സാമ്പത്തികശാസ്ത്രജ്ഞന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങില്‍ നിന്ന്. 

samhitha2

പത്താം വയസ്സില്‍ 8.8 ഗ്രേഡ് പോയിന്റുകളോടെയാണു സംഹിത പത്താം ക്ലാസ് പാസ്സായത്. കണക്കിനും സയന്‍സിനും 10-ഗ്രേഡ് പോയിന്റ്ും ലഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് സ്ട്രീമില്‍ 88.6 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിക്കുമ്പോള്‍ പ്രായം 12. ആ പ്രായത്തിലുള്ളവര്‍ക്ക് എന്‍ജിനീയറിങ്ങ് കോളജ് അഡ്മിഷന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ സംഹിതയുടെ പഠനശേഷിക്കു മുന്നില്‍ നിയമങ്ങള്‍ വഴിമാറി. 16-ാം വയസ്സില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി. സ്വര്‍ണ്ണ മെഡലും അവസാന സെമസ്റ്ററിലെ 9.5 സിജിപിഎ വിജയവുമായാണു സംഹിത കോളജ് വിട്ടത്. ഫിനാന്‍സില്‍ എംബിഎ ആണു സംഹിതയുടെ അടുത്ത ലക്ഷ്യം. മുന്‍ ആര്‍ബിഎ ഗവര്‍ണര്‍ ഡോ. രഘുറാം രാജനാണ് സംഹിതയുടെ റോള്‍ മോഡല്‍. 


More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA