sections
MORE

നന്നായി ഒരുങ്ങാം; പരീക്ഷക്കായി

student
SHARE

പരീക്ഷ ഇങ്ങെത്താറായി. ഈ ഘട്ടത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഇതുവരെ നാം എന്തു പഠിച്ചെന്നും എന്തുപഠിക്കണമെന്നും ഓരോ പരീക്ഷയും കാട്ടിത്തരുന്നു. പക്ഷേ പരീക്ഷയെ ഭൂരിപക്ഷം പേർക്കും ഭയമാണ്. അതെന്തുകൊണ്ടായിരിക്കും?

അതിന്റെ പ്രഥമ കാരണം പരീക്ഷാഫലം എന്താവുമെന്ന, നാം സ്വയം വളർത്തിയെടുക്കുന്ന ‘അസ്വാഭാവിക’ ചിന്തയാണ്. അസ്വാഭാവിക ചിന്തയെന്നു പറയാൻ കാരണം, പരീക്ഷാഫലം എന്നത് ഉടനടി സംഭവിക്കുന്നതല്ലല്ലോ. പഠനം, തയാറെടുപ്പുകൾ, പരീക്ഷ ഇവയ്ക്കുശേഷം മാത്രമാണ് റിസൽറ്റ്. അതുകൊണ്ടുതന്നെ നാം സ്വയം സൃഷ്ടിക്കുന്ന പരീക്ഷാഭയം പഠനം, ഒരുക്കം, പരീക്ഷ ഇവയ്ക്കുവേണ്ട ആത്മവിശ്വാസത്തെയും ആരോഗ്യകരമായ മാനസിക നിലയെയും തികച്ചും പ്രതികൂലമായി ബാധിക്കുന്ന ഒരസ്വാഭാവിക ചിന്തയല്ലേ.

മറ്റൊന്ന്: പരീക്ഷാഫലം, തുടർപഠനം ഇവയെപ്പറ്റി നമ്മളോ മാതാപിതാക്കളോ അധ്യാപകരോ പുലർത്തുന്ന പ്രതീക്ഷകളുടെ (അമിത) ഭാരം. നമ്മെപ്പറ്റി, നമ്മുടെ യഥാർഥ കഴിവുകളെപ്പറ്റി നാം തന്നെ വളർത്തിയെടുക്കുന്ന സ്വയബോധ്യത്തിനു മാത്രമേ ഈ അമിത പ്രതീക്ഷകളുടെ ഭാരത്തെ അതിജീവിക്കാനാവൂ. 

(മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കുക- ഈ ഘട്ടത്തിലെങ്കിലും എരിതീയിൽ എണ്ണ ഒഴിക്കരുതേ. കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യങ്ങളിൽ മാത്രം ഏർപ്പെടൂ. എന്തു സംഭവിച്ചാലും നിങ്ങൾ അവരോടൊപ്പമുണ്ടെന്ന ഉറപ്പും നൽകൂ.)

ഇനി പറയുന്ന കാരണം ഒരുപക്ഷേ അവിശ്വസനീയമായിത്തോന്നാം. ആവശ്യത്തിനുള്ള തയാറെടുപ്പുകളുടെ കുറവു പോലെ, ആവശ്യത്തിലേറെയുള്ള പരീക്ഷാ ഒരുക്കങ്ങളും പരീക്ഷപ്പേടിക്കു കാരണമാവാറുണ്ട്. ഇതു നമ്മളിൽ ആശങ്കയും ആധിയുമേറ്റും. യാഥാർഥ്യബോധത്തിലുറച്ചുള്ള പ്രായോഗിക തയാറെടുപ്പുകളാണ് ഇതിനു പരിഹാരം. മേൽ പരാമർശിച്ച മൂന്നു കാരണങ്ങളും നമ്മിൽ സൃഷ്ടിക്കുന്ന ഫലം പക്ഷേ ഒന്നു തന്നെ- കടുത്ത മാനസിക സമ്മർദ്ദം. 

പൊതുവിൽ ചില കാര്യങ്ങൾ: മാനസികസമ്മർദ്ദത്തെപ്പറ്റി ചുരുക്കിപ്പറഞ്ഞുകൊണ്ടു തുടങ്ങാം. പരീക്ഷക്കാലത്താണെങ്കിലും ഇത്തരം മനോഭാവത്തിനടിപ്പെട്ടാൽ ഓർക്കുക, ഈ സമ്മർദ്ദം തികച്ചും മനുഷ്യസഹജമാണ്. പരിധി ലംഘിക്കാത്ത മാനസികസമ്മർദ്ദം, പരീക്ഷയെ നമ്മൾ ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നും നാം പൂർണ ഉത്തരവാദിത്തമുളളവരാണെന്നും തെളിയിക്കുന്നു. കൂടുതൽ ലക്ഷ്യബോധം ഉളവാക്കാൻ പര്യാപ്തമായ ആരോഗ്യകരമായ സമീപനമാണിത്. 

മറിച്ച് ഇത്തരം മാനസികസമ്മർദ്ദം പരിധിവിട്ട് നമ്മെ കീഴ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്താൽ അതു നെഗറ്റീവാണ്. അതുമൂലം, നമ്മൾ നന്നായി പഠിച്ച കാര്യങ്ങൾ പോലും പെട്ടെന്നു മറക്കുകയും പഠിച്ചൊരുങ്ങുവാനും പരീക്ഷ എഴുതാനുള്ള ഉത്സാഹം നശിക്കുകയും ചെയ്യാം. അങ്ങനെ, പരീക്ഷയിൽ നല്ല ജയം നേടാനാവാതെ പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടിയും വന്നേക്കാം. ഈ നെഗറ്റീവ് മനോഭാവം നമ്മുടെ സ്വഭാവികമായ പ്രകടനത്തിൽനിന്നും അർഹിക്കുന്ന വിജയത്തിൽനിന്നും നമ്മെ അകറ്റിക്കളയുന്നത്ര അപകടകരമാണ്. അതിനാൽ എന്തു വിലകൊടുത്തും ഈ സമ്മർദത്തെ അതിജീവിച്ചേ മതിയാവൂ.

ഇതിനു സഹായകമായ 5 കാര്യങ്ങളാണ് ഇനി:

1. നാം നേടാനാഗ്രഹിക്കുന്ന വിജയം - ഫലപ്രഖ്യാപന നിമിഷം പോലും-  വ്യക്തമായ ഒരു ചിത്രം കണക്കെ പതിവായി മനസ്സിൽ കണ്ടു തുടങ്ങൂ. ലോകോത്തര കായിക താരങ്ങൾ- ഉസൈൻബോൾട്ട് ഉൾപ്പെടെ- പ്രയോഗിച്ചു ഫലം കൊയ്തിട്ടുളള അതിശക്തിയാർന്നൊരു അത്ഭുത മനോവ്യാപാരമാണിത്. 

2. പരീക്ഷാസമ്മർദം - ബുദ്ധിയോടെ ക്രിയാത്മകമായി തരണം ചെയ്താൽ അർഹിക്കുന്ന, ആഗ്രഹിക്കുന്ന വിജയം കൈപ്പിടിയിൽ ഒതുക്കാൻ നമ്മെ സഹായിക്കുന്ന ഒരത്ഭുതശക്തിയാണത്. ഇംഗ്ലിഷിലെ STRESSED എന്ന വാക്കിനെ തിരിച്ചെഴുതുമ്പോൾ DESSERTS എന്നാകും.  DESSERTS കൂട്ടുകാർക്കെല്ലാം വളരെ ഇഷ്ടവുമാണല്ലോ. ഇപ്രകാരം നമ്മുടെ മനോഭാവത്തിൽത്തന്നെ ഒരു ക്രിയാത്മകമായ പുനഃക്രമീകരണം വരുത്തിയാൽ ഒരിക്കലും പരീക്ഷ ഭയപ്പെടുത്തില്ല, മറിച്ച് ഭയരഹിതമായ ഒരു പ്രവൃത്തിയാകും, തീർച്ച!

ഭയം, ആശങ്ക, ആകുലത എന്നീ നിഷേധ വികാരങ്ങൾ നമ്മുടെ പ്രകടനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇത്തരം നെഗറ്റീവ് ചിന്തകൾക്കു പകരം ധൈര്യം, ആത്മവിശ്വാസം, ശുഭപ്രതീക്ഷകൾ തുടങ്ങിയ പ്രത്യാശാഭരിതമായ ചിന്തകൾ കൊണ്ടു മനസ്സു നിറയ്ക്കൂ.

3. പ്രാർഥനയും ധ്യാനവും പോലെ മനസ്സിനെ വളരെ ശാന്തമാക്കുന്ന പ്രവൃത്തികൾ ഈ ഘട്ടങ്ങളിൽ പ്രയോജനപ്രദമാവാറുണ്ട്.

4. സ്വയ സാന്ത്വനഭാഷണം (Self-Counselling)  ആത്മവിശ്വാസം കൈവരിക്കാനും നിലനിർത്താനുമുള്ള മറ്റൊരു നല്ല മാർഗ്ഗമാണ്. ഇതു നമുക്കു തനിയേ ചെയ്യാം. ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന് ഏറ്റവും അടുത്ത കൂട്ടുകാരനോടെന്ന പോലെ സ്വയം സംസാരിക്കൂ. ഒപ്പം നമ്മിൽത്തന്നെ ശ്രദ്ധയർപ്പിച്ച് അതു കേൾക്കണം. അപ്പോൾ മനസ്സ് കാറും കോളുമൊഴിഞ്ഞ് ശാന്തമാകും. നമുക്കാവശ്യമായ പരിഹാരങ്ങൾ സ്വയം കണ്ടെത്താനും കഴിയും. 

5. ഇനിയുള്ളതും മനഃശാസ്ത്രപരമായൊരു പ്രതിവിധിയാണ്. ഇംഗ്ലിഷിൽ പറഞ്ഞാൽ Bridging Persons or Object എന്ന സങ്കേതമാണിത്. നമ്മുടെ മനസ്സിനെ വളരെവേഗം  ഉത്സാഹഭരിതമാക്കാൻ കഴിവുള്ളതാണ് ഈ ‘ബന്ധിപ്പിക്കൽ’. പരീക്ഷാഹാളിനുള്ളിൽ പ്രവേശിച്ചാൽ ഉടൻ ചെയ്യേണ്ടതാണിത്.

സീറ്റിൽ ഇരുന്നാൽ ശാന്തമായി കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കുക. തുടർന്ന് നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട, അടുപ്പമുള്ള, ഓർക്കുന്ന മാത്രയിൽത്തന്നെ സന്തോഷം തരുന്ന ഒരു വ്യക്തിയോ വസ്തുവോ സ്ഥലമോ സന്ദർഭമോ മനസ്സിൽ കാണുക. മറ്റു ചിന്തകളിൽനിന്ന് അകന്ന് ഈ ഏകചിന്തയുമായി മനസ്സിനെ ‘ബന്ധിപ്പിച്ച്’ ഒരു മാനസിക സല്ലാപത്തിൽ അല്പസമയം ഏർപ്പെടുക. ഇതിനായി കൂടിപ്പോയാൽ രണ്ടു മിനിറ്റു വരെ നീക്കി വച്ചാൽ മതി. ഒട്ടും താമസിയാതെ നിങ്ങളുടെ മനസ്സ് എല്ലാതരം ആകുലതകളും അകന്നു മാറി ഉത്സാഹഭരിതമാകുന്നത് അനുഭവിക്കാം. സന്തോഷത്തോടെ നിങ്ങൾക്കു പരീക്ഷപൂർത്തികരിക്കാൻ കഴിയും. ഉറപ്പ്.

അനുബന്ധമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി: 

1. പരീക്ഷയുടെ തലേദിവസം തന്നെ എഴുത്തുപകരണങ്ങൾ, ഹാൾടിക്കറ്റ് ഇവ മറക്കാതെ ഒരുക്കിവെക്കണം. കാരണം പരീക്ഷയ്ക്കു പോകുമ്പോൾ ഇവ തേടി അലഞ്ഞാൽ മനസ്സു കൂടുതൽ ആകുലമാകും. 

2. ചോദ്യപേപ്പർ ലഭിച്ചാൽ ‘ബന്ധിപ്പിക്കൽ’ എന്ന മാർഗത്തിലൂടെ ലഭിച്ച ഉത്സാഹത്തോടെ പൂർണ ശ്രദ്ധയോടെ വായിച്ചു തുടങ്ങാം. ചോദ്യങ്ങളെ മൂന്നായി തരം തിരിക്കാം; നന്നായി അറിയാവുന്ന ചോദ്യങ്ങൾക്കു വൃത്തങ്ങൾ, അറിയാം പക്ഷേ അല്പം ആലോചിച്ചു മാത്രം എഴുതേണ്ടവയ്ക്ക് ചതുരങ്ങൾ, നന്നായി പഠിച്ചതാണെങ്കിലും ഇപ്പോൾ ഓർത്തെടുക്കാൻ പ്രയാസമായവയ്ക്ക് ത്രികോണങ്ങൾ എന്നിങ്ങനെ പ്രത്യേകം അടയാളപ്പെടുത്താം. 

എഴുത്തിനൊരു സമയക്രമവും നിശ്ചയിക്കണം. വൃത്തങ്ങളിലുള്ളവയ്ക്ക് ഏറ്റവും കുറഞ്ഞ സമയമേ നീക്കിവെക്കാവൂ. എന്നാൽമാത്രമേ ത്രികോണങ്ങളാൽ അടയാളപ്പെടുത്തിയ ചോദ്യങ്ങൾ ഓർത്തെടുക്കാൻ വേണ്ട സാവകാശവും സമയവും ലഭിക്കുകയുള്ളു. പരീക്ഷക്കനുവദിച്ചിരിക്കുന്നതിന്റെ 4-5 % സമയം (ഒരു 10 മിനിറ്റെങ്കിലും) ഇതിനായി നീക്കി വെക്കണം. പരീക്ഷ എഴുതിക്കഴിഞ്ഞാൽ ഇനിയൊരു ഒരു 10 മിനിറ്റു കൂടി വേണം. എഴുതിയെതെല്ലാം ഒന്നുകൂടി ശ്രദ്ധയോടെ വായിച്ച് തെറ്റുകൾ തിരുത്തണം, എതെങ്കിലും പോയിന്റുകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ കൂട്ടിച്ചേർക്കണം. ചുരുക്കത്തിൽ ആകെ ലഭിക്കുന്ന സമയത്തിൽ 80% മാത്രമേ പരീക്ഷ എഴുതാൻ കിട്ടൂ.

3. അവസാനമായി, പരീക്ഷ കഴിഞ്ഞാൽ കൂട്ടുകാരുമായും മറ്റും ചെയ്യാറുള്ള ‘പോസ്റ്റുമോർട്ടം’ തീർത്തും ഒഴിവാക്കേണ്ടതാണ്. ഈ ‘ചോദ്യപേപ്പർ വിശകലനം’ ഒരു ഗുണവും ചെയ്യില്ല എന്നുമാത്രമല്ല, മിക്കപ്പോഴും തുടർന്നുള്ള പരീക്ഷയ്ക്കു വേണ്ട ഒരുക്കത്തെ സാരമായി ബാധിക്കുകയും ചെയ്യും. പരീക്ഷ എഴുതിക്കഴിഞ്ഞാൽ തൽക്കാലം അതേപ്പറ്റി മറന്നേക്കൂ. റിസൽറ്റ് അതിന്റെ സമയത്തു വന്നോളും.  ഇപ്പോഴേ അതോർത്ത് അനാവശ്യമായ ആധിവേണ്ട. ”കർമത്തിൽ ശ്രദ്ധയർപ്പിക്കൂ, ഫലത്തെപ്പറ്റി ആശങ്ക വേണ്ടാ” എന്ന ഗീതോപദേശം ഇവിടെ വളരെ പ്രസക്തമാണ്.

വാലറ്റം: ക്രമമായ പരിശീലനം, ആവശ്യത്തിനു വിശ്രമം, പോഷകപ്രദമായ ഭക്ഷണം, മനസ്സിന് ഊർജം പ്രദാനം ചെയ്യുന്ന നന്മയുള്ള പ്രവൃത്തി- ചിന്ത, ഇവയൊക്കെ യുക്തിയോടെ യോജിപ്പിച്ചുള്ള ഒരു തികഞ്ഞ പ്രായോഗിക ജീവിതശൈലി ഏത്രയും വേഗം സ്വീകരിക്കൂ, നിങ്ങൾ ആഗ്രഹിക്കുന്ന വിജയം കൈപ്പിടിയിലൊതുക്കൂ. വിജയാശംസകൾ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA