sections
MORE

സാങ്കേതിക വിസ്മയങ്ങളുടെ പൂരവുമായി ‘ന്യൂട്ടന്മാർ’ കൊച്ചിയിൽ

yuva1-t
SHARE

യുവ മാസ്റ്റർ മൈൻഡിൽ അണിനിരക്കുന്നതു കൗതുകകരമായ സാങ്കേതിക സംവിധാനങ്ങൾ

കൊച്ചി∙ ഷട്ടിൽ ബാഡ്മിൻഡനും ബാസ്‌കറ്റ്‌ബോൾ മത്സരങ്ങളും നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ (റീജനൽ സ്‌പോർട്‌സ് സെന്റർ) ഇന്നുമുതൽ അരങ്ങുതകർക്കുന്നതു സാങ്കേതിക വിസ്മയങ്ങളുടെ പൂരം.

യുവ മാസ്റ്റർ മൈൻഡിൽ കൗതുകം മാത്രമല്ല, ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ കണ്ടുപിടിത്തങ്ങളും  കാണാൻ അവസരമുണ്ട്. 60 സ്റ്റാളുകളിലായി സ്‌കൂൾ, കോളജ്, പബ്ലിക് തലത്തിൽ നിന്നുള്ളവരുടെ ആശയങ്ങൾ പ്രായോഗിക രൂപത്തിൽ അണിനിരക്കുന്നു. 

ഇവയെക്കുറിച്ചു കൃത്യമായ വിവരണം നൽകാൻ ടീമംഗങ്ങളും റെഡി. പുതിയ തലമുറ സാങ്കേതിക വിദ്യയെ എങ്ങനെ സമീപിക്കുന്നു എന്നറിയാൻ ഇന്ന് ഇൻഡോർ സ്‌റ്റേഡിയം സന്ദർശിക്കാം. മാസ്റ്റർ മൈൻഡിലേക്കുള്ള പ്രവേശനം സൗജന്യം.

ആംഗ്യങ്ങൾ അറിയാൻ കയ്യുറ

ഭിന്നശേഷിക്കാർക്ക് ആംഗ്യഭാഷയിലൂടെ സംവദിക്കാൻ അവസരമൊരുക്കുന്ന സ്മാർട് കയ്യുറ  പ്രദർശന ശാലയിലുണ്ട്. ആംഗ്യങ്ങൾ കാട്ടുന്നതിനനുസരിച്ച് കയ്യുറയിലെ സെൻസറുകൾ വിവരം മനസ്സിലാക്കി അതു വാക്കുകളാക്കി മാറ്റും. തുടർന്ന് ഈ വാക്കുകൾ സംസാരഭാഷയാക്കി മാറ്റും. ഇപ്രകാരം, ആംഗ്യഭാഷ അറിയാത്തവർക്കും ഭിന്നശേഷിക്കാരുമായി ആശയവിനിമയം സാധ്യമാകും.

കടൽവെള്ളത്തിൽ നിന്ന് ശുദ്ധജലം

ജലദൗർലഭ്യം രൂക്ഷമായ ഇക്കാലത്ത്  ഇതിനു നിർദേശിക്കുന്ന പരിഹാരമാർഗങ്ങളിലൊന്നാണു കടൽവെള്ളത്തിൽ നിന്നു ശുദ്ധജലം വേർതിരിച്ചെടുക്കുന്നത്. പരമ്പരാഗത രീതിയിൽ ഇതു ചെയ്യാനുള്ള ചെലവു വളരെക്കൂടുതലാണ്. ഇതിനു ബദൽ സംവിധാനം മാസ്റ്റർ മൈൻഡിൽ അണിനിരക്കുന്നു. ഇതിലൂടെ ശുദ്ധജലം ഉൽപന്നമായി പുറത്തുവരും.

വെള്ളം ശുദ്ധമാക്കാൻ പേരയില സൂത്രം

കുടിക്കാനുള്ള ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പലമാതിരി സൂത്രങ്ങൾ നമുക്കറിയാം. എന്നാൽ ഈ ഫിൽട്ടറിൽ ദൗത്യം നിർവഹിക്കുന്നത് ഇലകളാണ്... 

നമ്മുടെ സ്വന്തം പേരയില. പേരയിലയിലുള്ള പോളിഫിനോൾ രാസസംയുക്തങ്ങൾ വെള്ളത്തിലെ പല മലിനവസ്തുക്കളെയും പിടികൂടും. മാത്രമല്ല, ഇതുവഴി വരുന്ന ഹെർബൽ കുടിവെള്ളം രോഗാണുക്കളിൽ നിന്നു മുക്തവുമായിരിക്കും.

പാമ്പുണ്ടോ, പിടികൂടും

പ്രളയം കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയവർക്ക് ഏറ്റവും പണിവച്ചതു വീട്ടിനുള്ളിൽ പതിയിരുന്ന പാമ്പുകളുൾപ്പെടെയുള്ള ഇഴജന്തുക്കളാണ്. വീടു വൃത്തിയാക്കുന്നതിടെയാണു പലർക്കും ഇവയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇതിനു പരിഹാരമാണു സ്മാർട് മോപ്. 

തറ വൃത്തിയാക്കുന്ന മോപ്പിൽ ഘടിപ്പിച്ച തെർമോഗ്രഫിക് സംവിധാനം, ഇഴജന്തുക്കളുടെ ദേഹത്തെ താപനില തിരിച്ചറിഞ്ഞു വിവരം നൽകും. പാമ്പു കടിയേൽക്കാതെ വീട്ടുകാർക്കു രക്ഷപ്പെടാം.

എത്ര ദോശ വേണം?

ദോശയുണ്ടാക്കുന്നത് ഇത്തിരി ശ്രമകരമായ ജോലിയാണ്. എന്നാൽ ഇതു ലളിതമാക്കുന്ന ദോശ മേക്കർ പരിചയപ്പെടാം. ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണത്തിൽ ഏതു കട്ടിയിലും ദോശയുണ്ടാക്കാം. 

തിരിച്ചിട്ടു തരികയും ചെയ്യും.  ദോശമാത്രമല്ല, പുട്ടും നല്ല സ്മാർട്ടായി ഉണ്ടാക്കിത്തരുന്ന യന്ത്രം  പ്രദർശനത്തിലുണ്ട്. ഒറ്റയടിക്ക് ഒട്ടേറെ കുറ്റി പുട്ടു തയാർ ചെയ്തുതരുന്ന രീതിയിലാണു പ്രവർത്തനം.

ചക്ക പൊളിക്കാം

ചക്ക കഴിക്കാനൊക്കെ എല്ലാവർക്കും ഇഷ്ടം. എന്നാൽ പൊളിച്ചെടുക്കുന്ന കാര്യമോ? മിനക്കേടാണ്, നല്ല ക്ഷമയും വേണം. 

ചക്ക സൂപ്പറായി പൊളിച്ചു തരുന്ന യന്ത്രം പ്രദർശനത്തിൽ കാണാം. തൊലിപൊളിച്ചു നീക്കിയാലും ചുളകൾക്കു കുഴപ്പം സംഭവിക്കില്ലെന്ന് ഇതുണ്ടാക്കിയവർ  അവകാശപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA