sections
MORE

വിദ്യാർഥികൾക്ക് അറിവിന്റെ വാതായനം തുറന്ന് ഡോ. കെ ശിവൻ

isro-chairman-t
SHARE

കൊച്ചി∙ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തങ്ങളുടെ ഉദ്യമങ്ങളിൽ വിദ്യാർഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവസരങ്ങളുടെ ആകാശം അവരെ കാത്തിരിക്കുന്നുവെന്നും ഐഎസ്ആർ‌ഒ മേധാവി ഡോ.കെ. ശിവൻ. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ  മലയാള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികൾക്ക് അറിവിനോടുള്ള ജിജ്‍ഞാസ പ്രോൽസാഹിപ്പിക്കേണ്ടതാണ്. ഇതു മനസ്സിൽ വച്ചുകൊണ്ടാണ് രാജ്യത്ത് 6 ഇൻകുബേഷൻ സെന്ററുകളുണ്ടാക്കാൻ ഐഎസ്ആർഒ പദ്ധതിയിട്ടത്. ഇവിടെ ആശയങ്ങളെ യാഥാർഥ്യമാക്കാൻ അവസരം ലഭിക്കും. 

അടുത്തയാഴ്ച നടക്കുന്ന പിഎസ്എൽവി സി 44 വിക്ഷേപണത്തിൽ ഹൈസ്കൂൾ വിദ്യാർഥിസംഘം നി‍ർമിച്ച കലാംസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിക്കുന്നുണ്ട്.  ഇത്തരം  ആശയങ്ങൾ പങ്കുവച്ചാൽ അതിന്റെ സാക്ഷാത്കാരത്തിനു വേണ്ട പിന്തുണ നൽകും. വിദ്യാർഥികളുടെ ആശയങ്ങളെ പ്രോൽസാഹിപ്പിക്കാനും അവരിലെ ശാസ്ത്രാഭിമുഖ്യം വർധിപ്പിക്കാനും ഐഎസ്ആർഒ തുടങ്ങിയ യങ് സയന്റിസ്റ്റ് പദ്ധതിയുടെ ലക്ഷ്യവും വിദ്യാർഥികളെ പ്രോത്ഹിപ്പിക്കുകയാണ്  – അദ്ദേഹം പറ​ഞ്ഞു. 

തൊഴിൽ തേടി അലയുകയല്ല,   കയ്യിലുള്ള കഴിവുകൊണ്ട് തൊഴിൽ സൃഷ്ടിക്കുകയാണു വേണ്ടതെന്ന് ഐബിഎസ് വൈസ് പ്രസിഡന്റ് ലതാ റാണി പറഞ്ഞു. പ്രോജക്ട് സഹായധനമുൾപ്പെടെ 3 വിഭാഗങ്ങളിലുമായി ആകെ 10 ലക്ഷം രൂപയാണ്  സമ്മാനമായി നൽകിയത്. സ്കൂൾ, കോളജ്, പൊതു വിഭാഗങ്ങളിലായി മൂവായിരത്തോളം പ്രോജക്ട് നിർദേശങ്ങളിൽനിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്ത 59 എണ്ണമാണ് കൊച്ചിയിൽ നടന്ന ഗ്രാൻഡി ഫിനാലെയിൽ പ്രദർശിപ്പിച്ചത്. 

പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡിന്റെ പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹകരണം നൽകുന്നു. കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ–ഡിസ്ക്) സഹകരണവും ഉണ്ടായിരുന്നു.

ജൂറി അധ്യക്ഷൻ ജി. വിജയരാഘവൻ, അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ സെഡ്.വി. ലാക്കപ്പറമ്പിൽ, മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു, ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ എന്നിവർ പുരസ്കാരച്ചടങ്ങിൽ പ്രസംഗിച്ചു.v

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA