sections
MORE

ഇടയ്ക്കിടെ വാക്കു മാറ്റാറുണ്ടോ? ജെഫ് ബെസോസ് ജോലി തരാൻ സാധ്യതയുണ്ട്

job
SHARE

ഇന്നു പറഞ്ഞതല്ലേ നാളെ നിങ്ങൾ പറയുന്നത്? ഇടയ്ക്കിടെ വാക്കു മാറുന്നതിൽ എല്ലാവരും നിങ്ങളെ കുറ്റപ്പെടുത്താറുണ്ടോ? നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരാണു നല്ല വ്യക്തികളെന്നു പൊതുബോധം പറഞ്ഞു വയ്ക്കുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ അടുത്തു നിങ്ങൾ ചെന്നാല്‍ ബെസോസ് അപ്പോള്‍ത്തന്നെ ജോലി നൽകാൻ സാധ്യതയുണ്ട്. കാരണം ജെഫ് ബെസോസിന്റെ അഭിപ്രായത്തില്‍ സ്മാര്‍ട്ടായ ആളുകള്‍ തങ്ങളുടെ മനസ്സു മാറ്റാന്‍ എപ്പോഴും തയാറായിരിക്കും. ചിന്തയിലെ സ്ഥിരത പോസിറ്റീവായ ഗുണവിശേഷമാണെന്നു ബെസോസ് കരുതുന്നില്ല. ഇന്നൊരു ആശയമുണ്ടായിരിക്കുന്നതും നാളെ അതിനു കടകവിരുദ്ധമായ ആശയം അവതരിപ്പിക്കുന്നതും തികച്ചും ആരോഗ്യപരമാണെന്നാണു ജെഫിന്റെ അഭിപ്രായം. സാഹചര്യങ്ങള്‍ക്കനുസരിച്ചു തങ്ങളുടെ തീരുമാനങ്ങള്‍ മാറ്റാന്‍ തയാറാവുന്നവരാണു ബിസിനസ്സു വളര്‍ത്താന്‍ നല്ലതെന്നും ബെസോസ് പറയുന്നു. 

ഇത്തരക്കാര്‍ ജോലിക്കുള്ള അഭിമുഖത്തിനെത്തുമ്പോള്‍ത്തന്നെ കണ്ടു പിടിക്കാനൊരു ഉപായവും ബെസോസ് മുന്നോട്ടു വയ്ക്കുന്നു. രണ്ടു ചോദ്യങ്ങളിലൂടെ അനുയോജ്യനായ ഉദ്യോഗാര്‍ഥിയെ കണ്ടെത്താമത്രേ. ആ രണ്ടു ചോദ്യങ്ങള്‍ ഇവയാണ്.

1. നിങ്ങള്‍ അടുത്തിടെ കൈവരിച്ച ഒരു ലക്ഷ്യത്തെക്കുറിച്ചു പറയൂ. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പ്രാരംഭ പദ്ധതി എന്തായിരുന്നു? അതില്‍ എന്തു കാര്യമാണ് നന്നായി പ്രവര്‍ത്തിച്ചത് ?

2. നിങ്ങള്‍ക്കു വിജയിക്കാനാവാതെ പോയ ഒരു ലക്ഷ്യത്തെക്കുറിച്ചു പറയൂ. എന്താണു സംഭവിച്ചത്? അതിനെ തുടര്‍ന്ന് നിങ്ങള്‍ എന്തു ചെയ്തു? ഇതില്‍ നിന്നെല്ലാം നിങ്ങള്‍ എന്തു പഠിച്ചു?

ആദ്യ ചോദ്യം അഭിമുഖത്തിലെ മഞ്ഞുരുക്കുന്നതാണ്. തന്റെ ലക്ഷ്യത്തെപ്പറ്റി വിശദമായി സംസാരിക്കാനറിയാത്തയാള്‍ അത്ര നല്ല ഉദ്യോഗാർഥിയാകാന്‍ സാധ്യതയില്ല. പല ഉദ്യോഗാർഥികളും ഈ ചോദ്യത്തിനു തനിക്കു വേണ്ടി മുന്‍ കമ്പനി നിശ്ചയിച്ച ഒരു ലക്ഷ്യത്തെ കുറിച്ചാകും സംസാരിക്കുക. അതിനു വേണ്ടി അവര്‍ എടുത്ത നടപടികളും വിശദീകരിക്കും. എന്നാല്‍ സ്വന്തമായി ലക്ഷ്യങ്ങള്‍ കുറിക്കുന്നവരും അവരവരുടേതായ പദ്ധതികള്‍ തയാറാക്കുന്നവരും ഇവിടെ പ്രത്യേകം ശ്രദ്ധിക്കപ്പെടും. 

അവര്‍ ഈ പദ്ധതിയെ പിന്തുടര്‍ന്നോ എന്നു മാത്രമല്ല, ആ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ മാറി വന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടോ എന്നു കൂടി ആദ്യ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നറിയാം. പദ്ധതിക്ക് അനുസൃതമായി എന്തു നടന്നില്ല എന്നാണ് അഭിമുഖകര്‍ത്താവ് ഈ ഉത്തരത്തില്‍ നോക്കേണ്ടതെന്നു ജെഫ് ബെസോസ് പറയുന്നു. കാരണം നല്ല ജീവനക്കാര്‍ നല്ല പദ്ധതികള്‍ തയാറാക്കുക മാത്രമല്ല, മികച്ച രീതിയില്‍ പ്രതികരിക്കുകയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വയം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. 

രണ്ടാമത്തെ ചോദ്യം പരാജയത്തെ കുറിച്ചാണ്. പരാജയവും നിരാശയും പ്രതികൂല സാഹചര്യങ്ങളും പ്രഫഷനല്‍, വ്യക്തി ജീവിതങ്ങളുടെ ഭാഗമാണ്. എല്ലാവരും എവിടെയെങ്കിലുമൊക്കെ പരാജയപ്പെട്ടവരായിരിക്കും. നല്ല ഉദ്യോഗാർഥികള്‍ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയും അതൊരു പഠനാവസരമായി കാണുകയും ചെയ്യും. മറ്റുള്ളവരില്‍ പരാജയത്തിന്റെ കുറ്റം ചുമത്താത്ത, വീഴ്ചകളില്‍നിന്നു പാഠം പഠിക്കുന്നവരെ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍നിന്നു കണ്ടെത്താം. 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA