sections
MORE

റെസ്യൂമേയ്ക്ക് മരണമണി, ജോലി കിട്ടാന്‍ ഇനി ഗെയിം കളിക്കാം

Resume
SHARE

പുതിയൊരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ എല്ലാവരും ആദ്യം ചെയ്യുക റെസ്യൂമേ പൊടി തട്ടിയെടുക്കുകയാണ്. പഠിത്തം കഴിഞ്ഞു ചെയ്ത ഇന്റേണ്‍ഷിപ്പ് മുതലുള്ള സകലമാന തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയുമൊക്കെ നിരത്തി റെസ്യൂമേ തയ്യാറാക്കും. റെസ്യൂമേ കഴിഞ്ഞാല്‍ പിന്നെ കവറിങ് ലെറ്ററായി. അവയുടെ സോഫ്ട്, ഹാര്‍ഡ് കോപ്പികളായി, എന്നു വേണ്ട ആകെ ഒരു മേളമാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇനി അതിന്റെ ഒന്നും ആവശ്യം വരില്ല. റെസ്യൂമേ ഒക്കെ കുറച്ചു കാലത്തിനുള്ളില്‍ തന്നെ തട്ടിന്‍പുറങ്ങളിലേക്കു തള്ളപ്പെടുമെന്നാണ് എച്ച്ആര്‍ രംഗത്തുള്ളവര്‍ പറയുന്നത്. നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ റിക്രൂട്ട്‌മെന്റ് പ്രക്രിയയാണ് റെസ്യൂമേയുടെ മരണമണി മുഴക്കുന്നത്. 

ടെസ്‌ല, ആക്‌സെഞ്ച്വര്‍, ലിങ്ക്ഡ്ഇന്‍ തുടങ്ങി നിരവധി കമ്പനികള്‍ ന്യൂറോസയന്‍സും നിര്‍മ്മിത ബുദ്ധിയും കൈകോര്‍ക്കുന്ന പുത്തന്‍ റിക്രൂട്ട്‌മെന്റ് രീതിയിലേക്കു മാറിക്കൊണ്ടിരിക്കുന്നതായാണ് വാര്‍ത്തകള്‍. ഒരു പ്രത്യേക ജോലിയിലേക്ക് ഒരു ഉദ്യോഗാർഥി അനുയോജ്യനാണോ എന്നു കൃത്യമായി ഈ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും. 

ഉദ്യോഗാർഥിയുടെ ധാരണാശക്തിയും വൈകാരിക ശേഷിയും അര മണിക്കൂര്‍ നീളുന്ന ഒരു ഗെയിമിലൂടെ അളക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ ടെസ്‌ല അടക്കമുള്ള കമ്പനികള്‍ പിന്തുടരുന്നത്. ഹയറിങ് സ്റ്റാര്‍ട്ട്അപ്പായ പൈമെട്രിക്‌സാണ് ഈ റിക്രൂട്ട്‌മെന്റ് രീതിക്കു രൂപം നല്‍കിയത്.

പസിലുകളും ക്വിസ്സുകളും അടങ്ങുന്ന ഈ ഗെയിമില്‍ ഉദ്യോഗാർഥി പങ്കെടുക്കണം. വ്യക്തിയുടെ പ്രശ്‌നപരിഹാര ശേഷി, മള്‍ട്ടിടാസ്‌കിങ് കഴിവ്, പരോപകാര ശീലം തുടങ്ങിയവയെല്ലാം ഈ ഗെയിമിലൂടെ അളക്കും. ഉദ്യോഗാർഥിക്കു ലഭിക്കുന്ന സ്കോർ ആ സ്ഥാപനത്തിലെ ഏറ്റവും മിടുക്കരായ ജോലിക്കാരുടെ സ്കോറിന്റെ ശരാശരിയുമായി നിർമ്മിത ബുദ്ധി ഉപയോഗിച്ചു താരതമ്യം ചെയ്യും. ഏറ്റവും മികച്ച 50 ജീവനക്കാരെ ഈ പ്രക്രിയയിലൂടെ കടത്തി വിട്ടാണു പൈമെട്രിക്സ് ഓരോ കമ്പനിക്കു വേണ്ടിയും കസ്റ്റമൈസ്ഡ് അൽഗോരിതം സൃഷ്ടിക്കുന്നത്. കമ്പനിക്ക് ആവശ്യമായ മാതൃകാ ജീവനക്കാരനു വേണ്ടുന്ന സ്കോർ സിസ്റ്റം ഇതു വഴി നിശ്ചയിക്കും. അപേക്ഷിക്കുന്ന തസ്തികയിലേക്ക് ഈ സ്കോർ പ്രകാരം ഉദ്യോഗാർഥി യോഗ്യനാണോ എന്നും സിസ്റ്റം കണക്കാക്കും. അപേക്ഷിച്ച തസ്തികയിലേക്ക്‌ അനുയോജ്യനല്ലെങ്കിൽ മറ്റേതെങ്കിലും തസ്തികയ്ക്ക് ഇണങ്ങുമോ ഉദ്യോഗാർഥിയുടെ കഴിവുകളെന്നും സിസ്റ്റം പരിശോധിക്കും. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ കമ്പനികൾ ഈ പുതിയ റിക്രൂട്ട്മെൻറ് രീതിയിലേക്ക് മാറുകയാണെന്നാണു റിപ്പോർട്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA