തമിഴകം ഇനി മുതൽ പ്ലാസ്റ്റിക് മുക്തം

Plastic-Ban
SHARE

തമിഴകം ഇനി മുതൽ പ്ലാസ്റ്റിക് നിരോധിത മേഖല. ഒറ്റത്തവണ  ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ജനുവരി ഒന്നു മുതൽ നിലവിൽ വന്നു. നിരോധനം കർശനമായി നടപ്പാക്കുന്നുവെന്നു ഉറപ്പാക്കാൻ 10000 സ്ക്വാഡുകൾ രൂപീകരിച്ചു. നിരോധനം ലംഘിക്കുന്നവർക്കു ശക്തമായ ശിക്ഷ നൽകുമെന്നാണു സർക്കാർ പ്രഖ്യാപനം. 5000 രൂപ വരെ പിഴ ഈടാക്കാനാണു നിർദേശമെന്നാണു സൂചന. കഴിഞ്ഞ ജൂണിലാണു സംസ്ഥാന സർക്കാർ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് നിർമാതാക്കൾ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചു.

ഹോട്ടലുകളിലെ പരിഹാര മാർഗം

∙ നിരോധനം ഏറ്റവു കൂടുതൽ ബാധിക്കുന്ന മേഖലകളിലൊന്നു ഹോട്ടലുകളാണ്. പാഴ്സൽ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ഉപഭോക്താക്കൾക്കു നൽകുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയെല്ലാം നിരോധനത്തിന്റെ പട്ടികയിൽ വരും.

ഭക്ഷണം പൊതിയാൻ അലൂമിനിയം ഫോയിലുകൾ പല ഹോട്ടലുകളും ഉപയോഗിച്ചു തുടങ്ങി. എന്നാൽ, പ്ലാസ്റ്റിക് കവറിനു പകരം എന്തുപയോഗിക്കുമെന്ന ആശയക്കുഴപ്പം പല ഹോട്ടലുകളിലും ഇനിയും മാറിയിട്ടില്ല. ചില ഹോട്ടലുകൾ പുതുമയുള്ള പരീക്ഷണങ്ങളും നടത്തുന്നു.പ്ലാസ്റ്റിക് ഷീറ്റിനു പകരം അലൂമിനിയം ഫോയിലുകളിലേക്കു മാറുമ്പോൾ പാഴ്സലിന്റെ വില വർധിപ്പിക്കേണ്ടിവരുമെന്നു ഹോട്ടലുകാർ പറയുന്നു.

∙പാഴ്സൽ വാങ്ങാൻ പാത്രവുമായി വരുന്നവർക്കു വിലക്കുറവ്

∙ പാഴ്സലുകൾ അലൂമിനിയം പാത്രങ്ങളിൽ നൽകും. ഭക്ഷണത്തിനൊപ്പം പാത്രത്തിന്റെ വില കൂടി ഉപഭോക്താവിൽ നിന്നു ഈടാക്കും. മടക്കി നൽകിയാൽ പണം തിരിച്ചുനൽകും.

∙ ഭക്ഷണം പൊതിയാൻ വാഴയിലയും താമരയിലയും ചിലർ പരീക്ഷിക്കുന്നു. എന്നാൽ, ഇവ വൻതോതിൽ ലഭിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. ആവശ്യക്കാർ കൂടിയതോടെ  വാഴയിലയ്ക്കും താമരയിലയ്ക്കും ചെറിയ തോതിൽ വില കൂടിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇതു വൻതോതിൽ കൂടുമെന്നാണു കച്ചടവക്കാരുടെ നിഗമനം.

കടകളിൽ  ബദൽ മാർഗങ്ങൾ

∙ പച്ചക്കറി, പല ചരക്കു സാധനങ്ങൾ, ഇറച്ചി, കോഴി എന്നിവ വാങ്ങാൻ പോകുമ്പോൾ തുണി, ചണം, പേപ്പർ  ബാഗുകൾ ഉപയോഗിക്കുക. ചില കടക്കാർ ഇങ്ങനെ വരുന്നവർക്കു പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

∙ ഭാരം കൂടിയാലും പ്രശ്നമില്ലാത്തതിനാൽ തുണി ബാഗുകൾക്കാണു ആവശ്യക്കാർ കൂടുതൽ

മറ്റു  ബദലുകൾ

∙പ്രകൃതിദത്ത വസ്തുക്കളിൽ നിന്നു നിർമിക്കുന്ന പ്ലേറ്റുകൾ (ഉദാ: പാള പ്ലേറ്റ്)

∙മുളയിൽ നിർമിച്ച  പാത്രങ്ങൾ, പേപ്പർ സ്ട്രോ, പേപ്പർ/തുണി കൊടികൾ, മൺ പാത്രങ്ങളും കപ്പുകളും, ചിരട്ട കൊണ്ടുള്ള സ്പൂണുകൾ.

ചെറുകിടക്കാർക്ക് ആശയക്കുഴപ്പം

∙ വൻകിട ഷോപ്പിങ് മാളുകളും  ഹോട്ടലുകളും ബദൽ മാർഗങ്ങൾ സ്വീകരിച്ചെങ്കിലും ചെറുകിടക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

പാഴ്സൽ നൽകുന്നതിനു എന്തു  മാർഗം സ്വീകരിക്കുമെന്നാണുപ്രധാന  ആശങ്ക. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നൽകിയിരുന്ന കടകളിലൊന്നും ബദൽ ഉൽപ്പന്നങ്ങൾ ലഭ്യമല്ലെന്നു ഇവർ പറയുന്നു. നിരോധനം നടപ്പാക്കുന്നതോടെ  എന്തെങ്കിലും മാർഗം തെളിയുമെന്ന പ്രതീക്ഷയിലാണു  അവർ.

ബാറുകളിൽ പ്രവേശന ഫീസ്

∙ പ്ലാസ്റ്റിക് നിരോധനം മദ്യപന്മാർക്കു ഇരുട്ടടിയാകും.നിരോധനത്തിന്റെ പശ്ചാലത്തലത്തിൽ ടാസ്മാക്  ബാറുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തും. നിലവിൽ പ്ലാസ്റ്റിക് കപ്പുകൾ, ചെറിയ പ്ലാസ്റ്റിക് പൗച്ചുകൾ എന്നിവയിലാണു ബാറിനുള്ളിൽ വെള്ളം നൽകുന്നത്. ഇവയ്ക്കു ചെറിയ നിരക്ക് ഈടാക്കിയിരുന്നു. ഇതു നിലയ്ക്കുന്നതോടെ  അതിൽ നിന്നു ലഭിച്ച പണം നഷ്ടമാകും.ഇതു പരിഹരിക്കുന്നതിനാണു പ്രവേശന നിരക്ക് ഈടാക്കാൻ ബാറുകൾ അനുമതി ചോദിച്ചത്.

സഹായിക്കാനൊരു  വെബ്സൈറ്റ്

∙ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ചെറുകിട വ്യാപാരികളെയും പൊതുജനത്തെയും ബദൽ മാർഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനു വെബ്സൈറ്റുമായി കൂട്ടായ്മ. www.chennaiagainstplastic.com എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യം.

ചെക്ക് പോസ്റ്റിൽ പരിശോധന

∙ കേരളമുൾപ്പെടെ  അയൽ  സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിലേക്കു നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കടത്തുന്നതു തടയാൻ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന

∙ 1400 പ്ലാസ്റ്റിക്  ഉൽപന്ന നിർമാതാക്കൾക്കു  മലിനീകരണ  നിയന്ത്രണ ബോർഡ് നോട്ടിസ് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA