കൂർത്ത പല്ലിൽ തിമിംഗല മാംസം കോർത്ത് സ്രാവ്; തൊട്ടടുത്ത് വിഡിയോ പകർത്തി 2 പേർ, ഞെട്ടിക്കും കാഴ്ച!

deep-blue-spotted-hawaii
SHARE

സിനിമകളിൽ മാത്രമേ അത്തരമൊരു കാഴ്ച ഇതിനു മുന്‍പു പലരും കണ്ടിട്ടുള്ളൂ. സിനിമയിൽ പക്ഷേ കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറി(സിജിഐ)യിലൂടെയാണ് അത്തരം ഭീകര രംഗങ്ങൾ സൃഷ്ടിക്കുക. ഇതുപക്ഷേ നേരിട്ടായിരുന്നു! ഏതൊരു ധീരനും ഒരുനിമിഷം വിറച്ചു പോകുന്ന കാഴ്ച. ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ വിഡിയോയാണ് ഇപ്പോൾ ഗവേഷകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ചത്തുമലച്ച ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂർത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുന്ന സ്രാവിന്റെ വിഡിയോ എടുത്തതാകട്ടെ രണ്ടു ഡൈവർമാരും. എന്നാൽ അദ്ഭുതം ഇതൊന്നുമല്ല. തൊട്ടടുത്തു മനുഷ്യരുണ്ടായിട്ടും യാതൊന്നും ചെയ്യാതെയാണ് ഡീപ് ബ്ലൂ എന്നറിയപ്പെടുന്ന ഈ സ്രാവ് കടന്നു പോയത്. സ്രാവുകൾ ചോരക്കൊതിയന്മാരാണെന്ന ധാരണ തിരുത്തുന്നതാണ് പുതിയ വിഡിയോയെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

2013ൽ മെക്സിക്കോയിലാണ് ആദ്യമായി ഡീപ് ബ്ലൂ ലോകത്തിനു മുന്നിലെത്തുന്നത്. ഏകദേശം അൻപതു വയസ്സു പ്രായമുള്ള പെൺ സ്രാവാണിത്. 2.5 ടൺ വരും ഭാരം. ഏകദേശം ഇരുപതടി നീളവും. ഡിസ്കവറി ചാനലിലെ ഡൈവർ മൗറിഷ്യോ ഹോയസ് പാഡില ആണ് സ്രാവിന് ഡീപ് ബ്ലൂ എന്നു പേരിട്ടത്.  ഷാർക് വീക്ക് എന്ന പേരിൽ ചാനൽ ഡോക്യുമെന്ററി തയാറാക്കിയപ്പോൾ മൗറിഷ്യോ ആയിരുന്നു ഡീപ് ബ്ലൂവിനൊപ്പം കടലിൽ കറങ്ങി വിഡിയോ പകർത്തിയത്. എന്നാല്‍ ഇത്തവണ അവസരം ജുവാൻ ഒലിഫന്റ്, ഓസിയാൻ റാംസി എന്നീ ഡൈവർമാർക്കായിരുന്നു. ഡീപ് ബ്ലൂവിനെ കണ്ടതാകട്ടെ ഹവായി തീരത്തിനു സമീപവും. 

മെക്സിക്കോയിൽ കണ്ടെത്തിയതിനു പിന്നാലെ ഇതിന്റെ ശരീരത്തിൽ ട്രാക്കിങ്ങിനുള്ള ഉപകരണം ഘടിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ‘ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ’ അങ്ങനെ വിട്ടുകളയാൻ ഗവേഷകർക്കു സാധിക്കില്ലായിരുന്നുവെന്നു ചുരുക്കം. ഒലിഫന്റാണ് ഇത്തവണ ഈ കൂറ്റൻ സ്രാവിന്റെ വിഡിയോ പകർത്തിയത്. സ്രാവിന്റെ തൊട്ടടുത്ത് റാംസി നീന്തുന്നതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വമ്പത്തി സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തൽ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും ഒലിഫന്റ് പോസ്റ്റ് ചെയ്തു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവൻ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു. 

രക്തക്കൊതിയന്മാരെന്നാണു സ്രാവുകളെ പൊതുവെ വിളിക്കുന്നത്. ഗ്രേറ്റ് വൈറ്റ് ഷാർക്കാകട്ടെ ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന വേട്ടക്കാരെന്നാണ് അറിയപ്പെടുന്നതു തന്നെ. എന്നാൽ തങ്ങൾക്കുണ്ടായ അനുഭവം വിഡിയോ സഹിതം പ്രചരിപ്പിച്ചാണ് ഇതിനെതിരെ ഒലിഫന്റും റാംസിയും സംസാരിക്കുന്നത്. കിംബർലി ജെഫ്രീസ് എന്ന ഡൈവറും ഹവായിയിൽ ഡീപ് ബ്ലൂവിനൊപ്പം നീന്തിയ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെപ്പറ്റി പറഞ്ഞത്. 15 അടി വരെയാണ് സാധാരണ ഗ്രേറ്റ് വൈറ്റ് സ്രാവുകൾ വളരുക. ഡീപ് ബ്ലൂവിനെപ്പോലുള്ള അപൂര്‍വമായി 20 അടി നീളം വരെ കൈവരിക്കും. ഭാരമാകട്ടെ ഏകദേശം 2500 കിലോയോളവും!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA