തീ കാഞ്ഞ് തെക്കിന്‍റെ മൂന്നാർ; വരാനിരിക്കുന്നത് കൊടും വേനലോ?

pathanamthitta-fog
SHARE

അന്ന് തീപ്പെട്ടിയൊന്നുമില്ല. തലേദിവസത്തെ തീ കെടുത്താതെ ചാരത്തിനുള്ളിൽ മൂടിയിടും. ഈ കനൽ കടഞ്ഞുവേണം തീ ഉണ്ടാക്കാൻ. കരിയില തലേന്നു തന്നെ തടുത്തുകൂട്ടും. അതിനു ചൂലൊന്നും വേണ്ട.  തെങ്ങിന്റെ കുലമതി.  ഉണങ്ങിയ തൊണ്ടിനകത്ത് വച്ചാണു കനൽ കൊണ്ടുവരുന്നത്.  ആദ്യം  പുക. പിന്നെ ഊതി ഊതി  തീപിടിപ്പിക്കും. തീവെട്ടം മാത്രമല്ല കരിയില കത്തുന്ന ഗന്ധവും പച്ച ഭാഗം വേകുന്നതിന്റെ പട പട ശബ്ദവും.  പുതപ്പു മാറ്റാതെ കത്തുന്ന കൂനയ്ക്കു ചുറ്റും കുത്തിയിരുന്നു കയ്യും കാലും തീയ്ക്കു മുകളിലേക്കു പിടിക്കും.

കേരളം ഒരു കാലത്ത് കൊടുംതണുപ്പിനെ തോൽപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു: തീ കാഞ്ഞ്.  കപ്പയോ കാച്ചിലോ ശീമച്ചേമ്പോ പച്ച ഏത്തയ്ക്കായോ  ഉള്ളിലേക്കു പൂഴ്ത്തി വയ്ക്കും. തീ കെടുമ്പോഴേക്കും ചുട്ടത് റെഡി. ചുട്ടതിന്റെ രുചിയാണ് രുചി. ശരിക്കും തീയുടെ രുചി. തീർഥാടകരും തീ കായാനെത്തും. അന്നു കാൽനടയാണ്.  വലിയ റോഡൊന്നും നിർമിച്ചിട്ടില്ല. ഒരു കാലത്ത് മിലിട്ടറിയിൽ പോകുന്നവർ കാരണവന്മാർക്ക് നൽകുന്ന പ്രധാന സമ്മാനം കമ്പിളിയായിരുന്നു.

പശ്ചിമഘട്ടം അന്ന് നിബിഢവനം. ജനവാസം കുറവ്. തണുപ്പും കഠിനം. 99ലെ വെള്ളപ്പൊക്കം കഴിഞ്ഞ്  2018ലെ വെള്ളപ്പൊക്കം വന്നതുപോലെ പഴയ കാലത്തെ തണുപ്പ് വീണ്ടും ആവർത്തിക്കുകയാണ്. ഹിമാലയവും ഗംഗാസമതലവും ഡെക്കാൻ പീഠഭൂമിയും പശ്ചിമഘട്ടവും കടന്ന് ധ്രുവത്തിൽ നിന്നെത്തുന്ന തണുപ്പ് ഇക്കുറി കേരളമെങ്ങും  റെക്കോർഡ് കുളിരിട്ടു മുന്നേറുന്നു. ഈ കുളിർമ ജില്ലയുടെ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്നു. അതിനു പിന്നിൽ അധികൃതരുടെ അനാസ്ഥ മൂടിപ്പുതച്ചുറങ്ങുന്നു. 

ഗവി– പച്ചക്കാനത്ത് 10 ഡിഗ്രിയിലും താഴെ

ജില്ലയിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന ഗവി–പച്ചക്കാനം മേഖലയിൽ രാവിലത്തെ ശരാശരി താപനില 10 ഡിഗ്രിക്കും താഴെയാണെന്നാണ് സൂചന. ശബരിമലയിൽ വനം വകുപ്പ്  അളവെടുക്കുന്നുണ്ട്. ശരാശരി 20 ഡിഗ്രിക്കു താഴേക്കു പോകാറില്ല. 

പത്തനംതിട്ട ടൗണിൽ പാടങ്ങൾ ഉള്ളതിനാൽ 16 ഡിഗ്രിയും കോന്നിയുടെ ഉൾപ്രദേശങ്ങളിൽ 15 ഡിഗ്രിയും അനുഭവപ്പെടുന്നതായാണ് ചില സ്വകാര്യ എസ്റ്റേറ്റുകളിലെ രസമാപിനികളിൽ നിന്നുള്ള സൂചന. ളാഹ മലയാളം പ്ലാന്റേഷനിൽ കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്നു. 

മ‍ഞ്ഞുമൂടിയ മലനിരകൾ

മഞ്ഞിന്റെ കച്ചയണിയുമ്പോഴാണ് മലകൾ സുന്ദരികളാകുന്നത്. ശബരിമല റൂട്ടിലാണ്  മ‍ഞ്ഞുമൂടിയ മാമലകൾ ഒരുക്കുന്ന ഏറ്റവും മനോഹര ദൃശ്യം. ടികെ റോഡിലൂടെ പോകുമ്പോൾ അഞ്ചക്കാലാ– തോന്ന്യാമല–നാരങ്ങാനം മലനിരകളിലും  ചരൽക്കുന്ന്– പൊന്മല ഭാഗത്തും  മല്ലപ്പള്ളി തുരുത്തിക്കാട്, കരുവള്ളിക്കാട് തുടങ്ങിയ മലനിരകളിലും  സമാനദൃശ്യങ്ങൾ കാണാം. പമ്പാനദിയിലും മഞ്ഞിന്റെ ആവരണമുണ്ട്. ശബരിഗിരി പദ്ധതിയിൽ 20 ഡാം പ്രദേശങ്ങൾ. ഇവയെല്ലാം ചേർന്ന് ജില്ലയെ തെക്കിന്റെ മൂന്നാറാക്കി മാറ്റുന്നു.  

വരാനിരിക്കുന്നത് കൊടും വേനലോ?

പ്രളയം  ഇളക്കിയതിനാൽ ജില്ലയിലെ നദികളുടെ അടിത്തട്ട് താണിട്ടുണ്ട്.  ഭൂഗർഭ ജലനിരപ്പും താഴുന്നതായാണ് സൂചന. മഞ്ഞുകാലം കഴിയുമ്പോൾ കഠിന വേനലാണോ കാത്തിരിക്കുന്നതെന്ന ചോദ്യം ഈ കുളിരിലും  കനൽ കോരിയിടുന്നു. കടുത്ത ചൂടും  തണുപ്പും ഫലവൃക്ഷങ്ങൾ നന്നായി പൂക്കാൻ സഹായിക്കുമെന്ന പ്രതീക്ഷ വരാനിരിക്കുന്ന ഗ്രീഷ്മ–വസന്തത്തിനു മാധുര്യവുമേകുന്നു. 

താപനില അളക്കാൻ സംവിധാനമില്ല

മൂന്നാറിൽ മൈനസ് 3 ഡിഗ്രി. കോട്ടയത്ത് 16 , പുനലൂരിൽ 15  എന്നൊക്കെ കേൾക്കുമ്പോൾ   ഒരു ചോദ്യമുണ്ട്? ഇവിടെ എത്ര ? ഉത്തരമില്ല. പ്രളയകാലത്ത് ജില്ലയിൽ എത്ര മഴ പെയ്തു എന്ന് അറിയാൻ കഴിയാഞ്ഞതുപോലെ വിറങ്ങലിച്ച സ്ഥിതി.  അതിശൈത്യം അളക്കാൻ പത്തനംതിട്ടയ്ക്കു സംവിധാനമില്ല. കാലാവസ്ഥാ വകുപ്പ് തീർത്തും അവഗണിച്ചിരിക്കുന്നു.  കാലാവസ്ഥാ നിരീക്ഷണത്തിന് തെള്ളിയൂർ കാർഡ് കൃഷിവിജ്ഞാന കേന്ദ്രം അനുയോജ്യമാണെന്നു കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) കണ്ടെത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഇവിടെ മഴമാപിനിയും താപമാപിനിയും സ്ഥാപിക്കണമെന്നതാണ് ജില്ലയിലെ കർഷകരുടെ ആവശ്യം.

മഴ, താപനില, ശൈത്യം എന്നിവ സംബന്ധിച്ച  25–50 വർഷത്തെ വിവരം (ഡേറ്റ)  കേന്ദ്ര സർക്കാരും നിതി ആയോഗും ഓരോ പ്രോജക്ടിനോടൊപ്പവും ചോദിക്കും.   കോന്നിയിലും അയിരൂരിലും മഴ അളവ് എടുക്കുന്നത് ഒഴിച്ചാൽ യാതൊരു കാലാവസ്ഥാ ഡേറ്റയും ജില്ലയിൽ ശേഖരിക്കുകയോ സമാഹരിക്കുകയോ ചെയ്യുന്നില്ല. കൃഷി ഇൻഷുറൻസ് ലഭിക്കാനും ഇത് അത്യാവശ്യമാണ്. 8 വർഷമായി തിരുവല്ല മഴമാപിനി അടഞ്ഞുകിടക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GLOBAL WARMING
SHOW MORE
FROM ONMANORAMA