കണ്ടെത്തിയത് ദിനോസറുകളുടെ വൻ കാൽപ്പാട് ശേഖരം; പഴക്കം 10 കോടിയിലധികം വർഷം!

Iguanodontian-Footprints
SHARE

തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ഹാസ്റ്റിങ്സ് നഗരത്തിനു സമീപത്തു നിന്നു ഏഴ് വ്യത്യസ്ത വിഭാഗത്തിൽ പെട്ട 85 ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ലോവര്‍ ക്രെറ്റേഷ്യന്‍ യുഗത്തില്‍ നിന്നുള്ള ഈ കാല്‍പ്പാടുകള്‍ക്ക് ചുരുങ്ങിയത് 10 കോടി മുതല്‍ 14 കോടി വരെ വര്‍ഷങ്ങള്‍ പഴക്കം കാണുമെന്നാണു കരുതുന്നത്. ബ്രിട്ടനില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഡിനോസറുകളുടെ ശേഷിപ്പുകളില്‍ ഏറ്റവും വലുതാണ് ഹാസ്റ്റിങ്ങിൽ നിന്നു ലഭിച്ചിട്ടുള്ള ഈ കാല്‍പ്പാടുകള്‍.

ലോകത്ത് ഇന്നു വരെ ലഭിച്ച ദിനോസര്‍ കാല്‍പ്പാടുകളില്‍ ഏറ്റവും വ്യക്തമായവയില്‍ പെടുന്നതാണ് ഹാസ്റ്റിങ്ങിൽ നിന്നു കണ്ടെത്തിയവ. 2 മുതല്‍ 60 സെന്‍റിമീറ്റര്‍ വരെ വലുപ്പമുള്ളവയാണ് ഈ കാല്‍പ്പാടുകള്‍. നഖങ്ങളും, കാല്‍പ്പത്തികളും തോലിയുടെ വിശദാംശങ്ങളും വരെ ഇവയില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാനാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. മാംസഭോജികളായ തെറോപോഡ്സ് മുതല്‍ സസ്യഭോജികളായ ആങ്കിലോസൗറസുകളുടെ വരെ കാല്‍പ്പാടുകള്‍ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവയെ കൂടാതെ സ്റ്റെഗോസൗറസ്, ബ്രാഷിയോസൗറസ്, ബ്രോണ്‍ടോസൗറസ്, ഇഗൗണ്ടോണ്‍ എന്നിവയുടെ കാല്‍പ്പാടുകളും ഹാസ്റ്റിങ്ങില്‍ നിന്നു കണ്ടെത്തി.

ദിനോസറുകള്‍ മുട്ടയിടാന്‍ തിരഞ്ഞെടുത്തിരുന്നു എന്നു കരുതുന്ന പ്രദേശത്തു നിന്നാണ് ഈ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ചുണ്ണാമ്പു കല്ലുകളിലാണ് പ്രധാനമായും ഈ കാല്‍പ്പാടുകള്‍ പതിഞ്ഞു കിടന്നിരുന്നത്. ദിനോസറുകളുടെ കാല്‍പ്പാടുകള്‍ക്കൊപ്പം തന്നെ ഇതേ കാലഘട്ടത്തില്‍ തന്നെയുണ്ടായിരുന്ന ഏതാനും ചെടികളുടെ ഫോസിലുകളും പ്രദേശത്തു നിന്നു ലഭിച്ചിട്ടുണ്ട്. അനുകൂലമായ പരിസ്ഥിതിയാണ് ദിനോസറുകളുടെ കാല്‍പ്പാടുകളും, സസ്യങ്ങളും കേടില്ലാതെ സൂക്ഷിക്കാന്‍ സഹായിച്ചതെന്ന് ഗവേഷകനായ നീല്‍ ഡേവിസ് പറയുന്നു.

കാൽപാടുകള്‍ വ്യക്തമായി പതിയാന്‍ പാകത്തിനുള്ള പശപ്പുള്ള മണ്ണാണ് പ്രദേശത്ത് അക്കാലത്തുണ്ടായിരുന്നത്. അതേസമയം തന്നെ കാൽപാടുകള്‍ മാഞ്ഞു പോകാന്‍ പാകത്തിനുള്ള നനവ് ഉണ്ടായിരുന്നില്ല. ഇത് രണ്ടുമാണ് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ മായാതെ സൂക്ഷിക്കുന്നതില്‍ നിർണായകമായത്. ദിനോസറുകളുടെ ശരീരത്തിന്‍റെ ഫോസില്‍ മുഴുവനായി ലഭിക്കുക എന്നത് അപൂര്‍വ്വമാണ്. ഇതു പോലെ തന്നെയാണ് പൂർണമായി പതിഞ്ഞ കാല്‍പ്പാടുകളും. അതുകൊണ്ട് തന്നെ ദിനോസറുകളെക്കുറിച്ചുള്ള പഠനത്തിന് വിലമതിക്കാനാകാത്ത കണ്ടെത്തലാണെന്ന് നീല്‍ ഡേവീസിന്റേതെന്ന് സഹഗവേഷകനായ ആന്തണി ഷിലിട്ടോയും വ്യക്തമാക്കുന്നു.

160 വര്‍ഷം മുന്‍പാണ് ഹാസ്റ്റിങ് ഉള്‍പ്പെടുന്ന സസക്സ് മേഖലയില്‍ നിന്നു ദിനോസറുകളുടെ ശേഷിപ്പുകള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നൂറോളം മേഖലകളില്‍ നിന്നു പല തവണയായി ദിനോസറുകളുടെ ഫോസിലുകളും, കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷമായി പുതിയ കണ്ടെത്തലുകളൊന്നും തന്നെ പ്രദേശത്തുണ്ടായിട്ടില്ല. ഇതിനൊടുവിലാണ് ഇപ്പോള്‍ പ്രദേശത്തെ തന്നെ ഏറ്റവും വലിയ ദിനോസറുകളുടെ കാല്‍പ്പാട് ശേഖരം ഹാസ്റ്റിങ്ങിൽ നിന്നു ലഭിച്ചിരിക്കുന്നത്. ഈ കാല്‍പ്പാടുകളില്‍ നിന്നു ശേഖരിച്ച ഡിന്‍എ ഇപ്പോഴും പഠന വിധേയമാക്കുകയാണ്.  പുതിയ കണ്ടെത്തലുകളോടെ കിഴക്കന്‍ ഇലക്സിലെ ഡിനോസര്‍ ഗവേഷണം വീണ്ടും സജീവമാക്കാനാണ് ഗവേഷകരുടെ തീരുമാനം. പ്രത്യേകിച്ചും കടല്‍തീരത്തോടു ചേര്‍ന്നുള്ള ചുണ്ണാമ്പു കല്ലുകളില്‍ ദിനോസറുകളുടെ കാല്‍പ്പാടുകള്‍ ഇനിയും ശേഷിക്കുന്നുണ്ടാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA