വൃശ്ചിക കാറ്റിനും താളപ്പിഴ; ഗതിമാറി ദക്ഷിണേന്ത്യയിലെത്തിയത് അതിശൈത്യം

coconut-trees-blowing-in-the-wind
SHARE

മാസം ധനുവാണെങ്കിലും ഇപ്പോൾ വീശുന്നത് വൃശ്ചികക്കാറ്റാണ്. വൃശ്ചികക്കാറ്റ് ധനുവിലേക്കും നീളുന്നതു പതിവാണെന്നു കാർഷിക സർവകലാശാലാ അഗ്രിക്കൾച്ചർ മെറ്റീരിയോളജി വിഭാഗം തലവൻ ഡോ.ബി.അജിത് കുമാർ പറയുന്നു. വടക്കുകിഴക്കു നിന്നു പുറപ്പെട്ടു വരുന്ന ഈ കാറ്റ് പാലക്കാടൻ വിടവിലൂടെയാണ് കേരളത്തിലേക്കു കടക്കുന്നത്. തൃശൂരിലെ കഴിമ്പ്രം, എടമുട്ടം, വാടാനപ്പള്ളി, തൃപ്രയാർ, തളിക്കുളം, ചേറ്റുവ എന്നീ തീരദേശ മേഖല വരെയും മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിലും കാറ്റെത്തും.പാലക്കാട്, തൃശൂർ ജില്ലകളിൽ പൂർണമായും മലപ്പുറം ജില്ലയുടെ പകുതിയോളം ഭാഗവും ഈ കാറ്റ് അനുഭവപ്പെടും.

പുല്ലിനു തീ പിടിക്കുന്നതാണ് കാറ്റ് ഉണ്ടാക്കുന്ന വലിയ പൊല്ലാപ്പ്. പുതുവർഷത്തിൽ ഇന്നലെ രാവിലെ 10 വരെ അഗ്നിശമന സേന അണച്ചത് 35 തീപ്പിടിത്തങ്ങളാണ്. 

കർഷകരുടെ വില്ലൻ

കർഷകർക്കു വലിയ വില്ലനാണ് ഇപ്പോഴത്തെ ഈ കാറ്റ്. വാഴക്കർഷകരുടെ നെഞ്ചിൽ തീ കോരിയിട്ടാണ് കാറ്റ് വീശുന്നത്. വാഴകൾക്ക് കുറ്റിയടിക്കാൻ കൃഷിഭവനുകളിൽ നിന്നും മറ്റും നിർദേശം നൽകിയിട്ടുണ്ട്. നെൽപ്പാടങ്ങളിലെ വെള്ളം വറ്റിക്കുന്നതും ഈ കാറ്റാണ്. കാറ്റ് ഇടതടവില്ലാതെ വരുമ്പോൾ പാടശേഖരങ്ങളിലെ നീരു വറ്റുന്നു. മറ്റു ജലസേചന മാർഗങ്ങൾ തേടുകയാണ് നെൽക്കർഷകർ.

തടി കേടാക്കും കാറ്റ്

വൃശ്ചികക്കാറ്റ് ശരീരത്തിനും അത്ര നല്ലതല്ല. മുഖവും തൊലിയുമൊക്കെ വലിഞ്ഞു മുറുകും. ഉപ്പൂറ്റിയിൽ വിണ്ടുകീറുന്ന പ്രശ്നം ഇല്ലാത്തവർ ചുരുക്കം. രാവിലെയാണ് കാറ്റ് കാര്യമായി വീശിയടിക്കുന്നത്. 11 മണിയോടെ കാറ്റിന്റെ ശക്തി കുറയും. ഉച്ചയോടെ കാറ്റ് ഏറെക്കുറെ ഇല്ലാതാവും. പിന്നെ, വൈകിട്ട് കാറ്റ് മെല്ലെ തല പൊക്കുമെങ്കിലും രാവിലത്തെ അത്ര തന്നെ പ്രശ്നക്കാരനാവുന്നില്ല.

തണുപ്പ്, പടിഞ്ഞാറൻ ശല്യം

വർദ്ധിച്ച തണുപ്പ് കാറ്റിനൊപ്പമെത്തുന്നത് പടിഞ്ഞാറൻ ശല്യം എന്ന പ്രതിഭാസമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ശൈത്യകാലത്ത് യൂറോപ്പിൽ നിന്നു മെഡിറ്ററേനിയൻ കടൽ കടന്ന് ഇന്ത്യയിലേക്കു വീശുന്ന കാറ്റിന്റെ ഗതിമാറിയതാണത്രേ ഇത്. സാധാരണ കശ്മീരിലും വടക്കേയിന്ത്യയിലും കടുത്തശൈത്യമുണ്ടാക്കുന്ന ഈ പ്രതിഭാസം ഇത്തവണ ഗതിമാറി ദക്ഷിണേന്ത്യയിലെത്തിയിരിക്കുന്നു. ഇന്തോനീഷ്യയിൽ അടുത്തിടെയുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ അന്തരീക്ഷത്തിലെത്തിയ ധൂളികൾ സൂര്യപ്രകാശത്തിന്റെ അളവു കുറയ്ക്കുന്നുമുണ്ടത്രേ

ഇവർ കാറ്റിനെ പഠിക്കുന്നു

palakkad-wind

ഇവർ വെറുതെ കാറ്റുകൊള്ളാനിരിക്കുകയല്ല, കാറ്റിനെക്കുറിച്ചു പഠിക്കുകയാണ്. കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണ അക്കാദമിയാണ് കാറ്റിന്റെ വേഗവും വ്യതിയാനങ്ങളും പഠിക്കുന്നത്.

കാറ്റിന് അനുസരിച്ചു കറങ്ങുന്ന മാപിനിയാണ് വേഗം അടയാളപ്പെടുത്തുന്നത്. കാറ്റടിച്ച് തിരിയുന്ന കപ്പുകളുടെ കറക്കം മാപിനിയിലെ ഡിജിറ്റൽ മീറ്ററിൽ അടയാളപ്പെടുത്തും. 3 മിനിറ്റു നേരത്തെ കാറ്റാണ് മാപിനി അടയാളപ്പെടുത്തുന്നത്. രാവിലെ 7.30നും ഉച്ചയ്ക്കു 2.30നുമാണു കണക്കെടുക്കുന്നത്. ഒരു ദിവസത്തെ കാറ്റിന്റെ പരമാവധി വേഗത്തെ 24 മണിക്കൂറു കൊണ്ടു ഹരിച്ചാണു ശരാശരി വേഗം കണ്ടെത്തുന്നത്.

∙ ജില്ലയിൽ കാലാവസ്ഥ വ്യതിയാനത്തിനു മുതൽക്കൂട്ടായി കാർഷിക സർവകലാശാലയിൽ രണ്ടു കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കും. വെറ്ററിനറി കോളജിനു കീഴിലെ സെന്റർ ഫോർ അനിമൽ അഡാപ്റ്റേഷൻ ടു ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റ് (കേഡക്സ്) ആണ് ജനുവരി അവസാനത്തിൽ പുതിയ കേന്ദ്രം തുറക്കുന്നത്. സ്വയം നിയന്ത്രിത കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാലാവസ്ഥ വ്യതിയാന പഠനഗവേഷണ അക്കാദമിക്കു കീഴിൽ മാർച്ചിൽ കമ്മിഷൻ ചെയ്യും.

കാറ്റു പോകുന്നുണ്ട്; കാറ്റിന്റെയും

വൃശ്ചിക കാറ്റിനും താളപ്പിഴ. മഴപോലെ വൃശ്ചികക്കാറ്റും കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയിൽ അകപ്പെട്ടെന്നാണു പഠനങ്ങൾ. കഴിഞ്ഞ ദശകത്തിലെ കാറ്റിന്റെ വേഗക്കണക്കിൽ ( കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠനഗവേഷണ കേന്ദ്രം പഠനം) ഉണ്ടായത് കാര്യമായ ഏറ്റക്കുറച്ചിൽ.

∙ കാറ്റിന്റെ തുടക്കം, ഒടുക്കം, പരമാവധി വേഗം എന്നിവയാണ് പ്രധാനമായി നിരീക്ഷിക്കുന്നത്.

∙ കിഴക്കൻ മേഖല കടന്നുവരുന്ന കാറ്റിനു വേഗം നൽകുന്നത് പാലക്കാടൻ ചുരങ്ങളാണ്. ചുരങ്ങൾക്കിടയിലൂടെ കടക്കുമ്പോൾ മർദം കൂടുന്നതിനനുസരിച്ച് (ടണൽ ഇഫക്ട്) വേഗവും കൈവരും.

∙ നവംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെയാണ് സാധാരണ വൃശ്ചിക കാറ്റിന്റെ കാലം. 

∙ വൃശ്ചിക കാറ്റിന്റെ സ്വാഭാവിക താളക്രമം (Rhythamic Pattern) തെറ്റാൻ തുടങ്ങിയത് കഴിഞ്ഞ ദശകത്തിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഡിസംബറിൽ ആരംഭിച്ച് മാർച്ച് വരെ കാറ്റടിച്ച വർഷങ്ങളുമുണ്ട്. പതിവിനു വിപരീതമായി ഒക്ടോബർ അവസാനത്തോടെ കാറ്റു വീശി നേരത്തെ പിൻവാങ്ങിയ ചരിത്രവും ഇതിൽപെടും.

∙ 2009–10 കാലഘട്ടത്തിൽ മണിക്കൂറിൽ 15 കിലോമീറ്ററാണ് വൃശ്ചിക കാറ്റിന്റെ ശരാശരി വേഗം അടയാളപ്പെടുത്തിയത്. തുടർ വർഷങ്ങളിൽ കാറ്റിന്റെ വേഗം താഴോട്ടുപോയി. പൊതുവേ വേഗം കൂടുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പോലും പഴയ ആ വേഗം വൃശ്ചിക കാറ്റു നൽകിയില്ല.

∙ 2016–17 വർഷങ്ങളിൽ രണ്ടു ദിവസങ്ങളിൽ മാത്രമാണ് 12 കിലോമീറ്റർ വേഗത്തിലെങ്കിലും കാറ്റടിച്ചത്.

∙ കശുമാവ് പൂക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ കേന്ദ്രം വൃശ്ചിക കാറ്റിന്റെ പഠനം നടത്തിയിരുന്നു. 1983–84 മുതൽ 2008–09 വരെ ആദ്യ ഘട്ടവും 1996–97 മുതൽ 2008–09 വരെ രണ്ടാംഘട്ടവും. 

∙ രണ്ടാംഘട്ടത്തിലെ കണക്കിൽ പ്രതിവർഷം കാറ്റിന്റെ വേഗം കുറയുന്നതായാണ് കണ്ടെത്തിയത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GREEN HEROES
SHOW MORE
FROM ONMANORAMA