ഒടുവിൽ ചിന്നത്തമ്പി മുട്ടുമടക്കി; മയക്കുവെടിക്കു മുന്നിൽ!

Coimbatore-wild-elephent1
SHARE

കോയമ്പത്തൂരിനു സമീപം തടാകം ഭാഗത്ത് നാട്ടിലിറങ്ങി നാശം വിതച്ച കാട്ടാന ചിന്നത്തമ്പിയെ വനം വകുപ്പ് മയക്കു വെടിവച്ച് കീഴ്പ്പെടുത്തി.  ആറുമാസത്തോളം മുൻപാണ് ചിന്നത്തടാകം ഭാഗത്ത് രണ്ടു കാട്ടാനകളെത്തിയത്. ചിന്നത്തടാകം, പെരിയതടാകം, വരപാളയം, നഞ്ചുണ്ടാപുരം, സോമൈയനൂർ, ധാളിയൂർ, കണുവായ് ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ ഇവയ്ക്ക് നാട്ടുകാർ  ചിന്നത്തമ്പി, വിനായകൻ എന്നിങ്ങിനെ  ഓമനപ്പേരുകളിട്ടു. ആനകൾ കൃഷിയിടങ്ങളിലും ചുറ്റുമുള്ള പ്രദേശങ്ങളിലും നാശം വിതയ്ക്കാൻ തുടങ്ങിയതോടെ അവയോടുള്ള കൗതുകവും സ്നേഹവും രോഷത്തിനു  വഴിമാറാൻ വലിയ താമസമുണ്ടായില്ല. 

മുതുമലയിൽനിന്നുള്ള താപ്പാനകളായ വിജയ് മുതുമല, ബൊമ്മൻ ടോപ്പ്സ്ലിപ്പിൽ നിന്നുള്ള സലിം എന്നീ ആനകളുടെ സഹായത്തോടെയാണ് കാട്ടുകൊമ്പനെ തളച്ചത്. ഒരു വർഷമായി പ്രദേശത്തുകാരുടെ പേടി സ്വപ്നമായിരുന്നു ഈ കാട്ടാന. 

ആനകളെ കാട്ടിലേക്ക് വിരട്ടിയോടിക്കാനുള്ള  വനം വകുപ്പിന്റെയും നാട്ടുകാരുടെയും ശ്രമം വിജയിച്ചില്ല. വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ വിനായകൻ ഒരു വനപാലകനെ ആക്രമിച്ച് കൊന്നു. ആനകളെ വിരട്ടിയോടിക്കാൻ വനം വകുപ്പ് നാല് താപ്പാനകളെ നിയോഗിച്ചിട്ടും  ഫലം കണ്ടില്ല.  ആനകളുടെ ശല്യം രൂക്ഷമായപ്പോൾ കലക്ടർക്ക് നിവേദനം നൽകിയ കർഷകർ അവയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർന്ന് ആനകളെ  മയക്കു വെടിവച്ച് പിടിക്കാൻ വനം വകുപ്പ് തയാറായി. ഡിസമ്പർ 18ന് വനം വകുപ്പ് ചിന്നന്നമല ഭാഗത്തു വച്ച് വിനായകനെ മയക്കുവെടിവച്ച് കീഴ്പ്പെടുത്തി. പിന്നീട് ലോറിയിൽ കയറ്റി മുതുമലയിൽ കൊണ്ടു പോയി കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടയച്ചു. 

Coimbatorer-wild-elephant
മയക്കു വെടിവച്ച് കീഴ്പെടുത്തിയ കാട്ടാന ചിന്നത്തമ്പിയെ (നടുവിൽ) താപ്പാനകളുടെ സഹായത്തോടെ ബന്ധിക്കുന്നു.

തുടർന്നും ചിന്നത്തമ്പി പന്നിമട, സിആർപിഎഫ് ക്യാംപ്, കതിർനായ്ക്കൻപാളയം ഭാഗങ്ങളിൽ ചുറ്റിത്തിരിഞ്ഞ് നാശം വിതയ്ക്കുന്നത് പതിവായി.  കഴിഞ്ഞ ദിവസം രാവിലെ ആറോടെ ചിന്നത്തമ്പിയെ സോമൈയനൂർ ഭാഗത്ത് വനം ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് മൃഗഡോക്ടർ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം ചിന്നത്തമ്പിയെ മയക്കു വെടിവച്ച് കീഴിപെടുത്തുകയായിരുന്നു. 

കുഴഞ്ഞു വീണ ആനയെചുറ്റി നാല് താപ്പാനകളെ കാവൽ നിർത്തി. പിന്നീട് ആനയുടെ കാലുകളിൽ ഇരുമ്പു ചങ്ങല ബന്ധിച്ചു. താപ്പാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി ആനമല ടോപ്സ്ലിപ്പിലേക്ക് കൊണ്ടുപോയി. ലോറിയിൽ കയറ്റുന്നതിനിടെ  ചിന്നത്തമ്പിയുടെ  കൊമ്പുകൾക്ക് ക്ഷതമേറ്റു.  

നേരത്തെ പിടികൂടി വനത്തിൽ വിട്ട വിനായകൻ എന്ന ആന ഇപ്പോൾ കർണാടകയിലെ ഗോപാലസ്വാമി ബെട്ടയിലുണ്ട്. ഈ പ്രദേശത്തെ കൃഷിയിടങ്ങളിൽ രാത്രിയിറങ്ങി വെളുപ്പിനു കാട്ടിൽ കയറും. ഈ ആനയ്ക്കും കോളർ ഐഡി സ്ഥാപിച്ചതിനാൽ വാസസ്ഥലം അറിയാം. മുതുമലയിൽനിന്നു കൊണ്ടുപോയ താപ്പാനകളെ തിരികെ എത്തിക്കും. വൈകാതെ കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച് ചിന്നത്തമ്പിയെ വരകാളിയാർ വനത്തിൽ വിട്ടയക്കും. ആനയെ മയക്കുവെടിവച്ച്  കീഴ്പ്പെടുത്തിയ  പ്രദേശത്ത് ജനത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് കാവൽ ഏർപെടുത്തിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA