വാഹനങ്ങളുടെ തീപിടിത്തം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

172720187
SHARE

വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴും അല്ലെങ്കിൽ ഓട്ടത്തിനിടയിൽ നിർത്തിയിടുമ്പോഴും മറ്റും തീപിടിക്കുന്ന സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ സ്ഥിരം വാർത്തയാകുന്നു. പലപ്പേ‌ാഴും വാഹനം തീപിടിച്ച് സ്ഫോടനത്തേ‌ാടു കൂടി പൊട്ടിച്ചിതറുന്നു. ഇതിന്റെ കാരണങ്ങളെന്തെന്നും നേരിടേണ്ടതെങ്ങനെയെന്നും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോർട്ട് സർക്യൂട്ട്’ ആണ്. ഇതു സംഭവിക്കുന്നതിനു മുൻപ് വാഹനം ചില രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മിക്കവാറും സന്ദർഭങ്ങളിൽ ‘ഫ്യൂസ്’ എരിഞ്ഞമരുന്നു.

സ്വാഭാവികമായും ഫ്യൂസ് എരിഞ്ഞമർന്നതിന്റെ കാരണം മനസ്സിലാക്കി, അവിടെയാണ് വേണ്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. പക്ഷേ, പലപ്പോഴും സമയക്കുറവുകൊണ്ട് എല്ലാവരും ‘സ്വയം ചികിൽസ’ ആരംഭിക്കുന്നു. ഫ്യൂസ് മാറ്റി വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാൻ നോക്കുമ്പോൾ അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ അംഗീകൃത സർവീസ് സെന്ററുമായി ബന്ധപ്പെടാതെ ഇത്തരം ജോലികൾ സ്വയം ചെയ്യാതിരിക്കുന്നതാണ് ഉചിതം.

ചിലപ്പോഴൊക്കെ വാഹനത്തിൽനിന്നു പ്ലാസ്റ്റിക് അല്ലെങ്കിൽ റബർ കത്തിയ മണം വരും. ഇത് അവഗണിക്കാതെ, വാഹനം എൻജിൻ ഓഫാക്കി നിർത്തി, വാഹനത്തിൽ നിന്നിറങ്ങി ദൂരെമാറിനിന്ന് സർവീസ് സെന്ററുമായി ബന്ധപ്പെടുക. ‌അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമം തോന്നാമെങ്കിലും സമചിത്തതയോടുകൂടി സാഹചര്യങ്ങൾ നേരിടുന്നത്, വാഹനം മുഴുവനായും കത്തിയമർന്നാലും യാത്രക്കാരെ രക്ഷിക്കും.

യാത്ര ചെയ്യുന്ന വാഹനങ്ങളിൽനിന്നു പുറത്തേക്കിറങ്ങുവാൻ സാധ്യമായ വഴികൾ, ഡോറുകളുടെ സ്ഥാനം കൃത്യമായി യാത്രക്കാർ ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. പലപ്പോഴും തീ ആളിപ്പടരുന്നതും മറ്റും നിമിഷങ്ങൾക്കുള്ളിലായതിനാൽ, വളരെ പെട്ടെന്നു പുറത്തേക്ക് രക്ഷപ്പെടാൻ ഇതു സഹായകമാകുന്നു.

വിവിധ വാഹനങ്ങളിൽ വിവിധ രീതിയിലായതുകൊണ്ട്, പലപ്പോഴും പരസഹായമില്ലാതെ വാഹനത്തിന്റെ ഡോറുകൾ അകത്തുനിന്നു സ്വയം തുറന്ന് പുറത്തേക്കിറങ്ങാൻ പലർക്കും സാധിക്കുന്നില്ല. ഒരു പ്രശ്നം സംഭവിക്കുമ്പോൾ സ്വാഭാവികമായും ഇവർ വാഹനത്തിനുള്ളിൽ തടങ്കലിലാകുന്ന അവസ്ഥയിലാകുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കിയേ മതിയാകൂ. പ്രായലിംഗ ഭേദമെന്യേ കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം, വാഹനത്തിന്റെ ഡോറുകൾ തുറന്ന് അടയ്ക്കുന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ട്രെയിനിങ് നൽകി ഈ പ്രശ്നം പരിഹരിക്കാം. ടാക്സി വാഹനങ്ങളിലും മറ്റും ദീർഘദൂര യാത്രകൾ പോകുന്നതിനു മുൻപും ഇത്തരം പരിശീലനം അത്യന്താപേക്ഷിതമാണ്.

അതുപോലെ തന്നെ വാഹനങ്ങളിലെ ‘എമർജൻസി എക്സിറ്റ്’ സാധ്യമാക്കുന്ന വിൻഡോ ഗ്ലാസ് പൊട്ടിക്കുന്നതിനെക്കുറിച്ചും മറ്റും ഒരു ചുരുങ്ങിയ അറിവെങ്കിലും യാത്രക്കാർക്ക് ഉണ്ടാകേണ്ടതുണ്ട്. പുറത്തുനിന്നും അകത്തു നിന്നും എളുപ്പത്തിൽ തുറക്കാവുന്ന രീതിയിൽ ഡോറുകളുടെ ‘മെയിന്റനൻസ്’ കൃത്യമായി നടത്തേണ്ടതുണ്ട്. അനായാസേന തുറക്കാവുന്ന വിൻഡോ ഗ്ലാസുകളും അത്യാവശ്യമാണ്. ചുരുക്കം ചില വാഹനങ്ങളിൽ ഒരു വശത്തുനിന്നു മാത്രം തുറക്കുന്ന രീതിയിലുള്ള ഡോറുകളും കെട്ടിവച്ച നിലയിലുള്ള ഡോറുകളും കഠിനപ്രയത്നം വേണ്ടിവരുന്ന ഗ്ലാസുകളും ഒരിക്കലും പൊട്ടിച്ച് രക്ഷപ്പെടാൻ സാധിക്കാത്ത രീതിയിലുള്ള എമർജൻസി എക്സിറ്റ് ഗ്ലാസുകളും കെട്ടിവച്ച നിലയിൽ എമർജൻസി എക്സിറ്റ് ഡോറുകളും കണ്ടുവരുന്നു. അപകടങ്ങളിൽ ഇവയ്ക്കെല്ലാം വലിയ വിലയാണു നൽകേണ്ടിവരുന്നത്.

fire-padmaavat1

രാത്രി വാഹനം നിർത്തിയിടുന്ന ഗ‌ാരേജിൽ കാണുന്ന ഓയിലിന്റെയോ ഇന്ധനത്തിന്റെയോ ‘കറ’ അങ്ങേയറ്റം ഗൗനിക്കേണ്ട കാര്യമാണ്. അടിയന്തരമായി ഫ്യുവൽ ലൈനിൽ ചോർച്ച തടയുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. വാഹനങ്ങളിൽ തീ ആളിപ്പിടിക്കുവാൻ ഓയിൽ അല്ലെങ്കിൽ ഇന്ധനത്തിന്റെ ചോർച്ച കാരണമായേക്കാം. വയറുകൾ കട്ട് ചെയ്ത് വിവിധ ആക്സസറീസ് കൂട്ടിച്ചേർക്കുമ്പോൾ വാഹനങ്ങളുടെ സുരക്ഷയുടെ കാര്യം വിസ്മരിക്കരുത്. പലപ്പോഴും ഇത്തരം സാഹചര്യം ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം.

ഇലക്ട്രിക് സിസ്റ്റവുമായി ബന്ധപ്പെട്ട തകര‌ാറാണ് പലപ്പോഴും തീ പിടിക്കുന്നതിന്റെ പ്രധാന കാരണം. എന്നിരുന്നാലും മെക്കാനിക്കൽ സർവീസ് ചെയ്യുവാൻ അംഗീകൃത സർവീസ് സെന്ററിൽ പോകുന്ന പലരും ‘ഇലക്ട്രിക്കൽ’ സർവീസിന്റെ കാര്യം വരുമ്പോൾ ഒരു ശുഷ്കാന്തിക്കുറവ് കാണിക്കുന്നു. കൃത്യമായ ഇടവേളകളിൽ വാഹന പരിപാലനം നടത്തിയും അനാവശ്യമായി വയറുകൾ മുറിക്കാതെയും അഗ്നിശമനോപകരണം പ്രവർത്തിപ്പിക്കുവാൻ മനസ്സിലാക്കിയും പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം ചികിൽസ നടത്താതെയും മറ്റും വാഹനങ്ങളുടെ തീപിടിത്തം ഒഴിവാക്കാൻ ശ്രമിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA