അരുത്, മഴയത്ത് ബൈക്കിൽ കുട ചൂടരുത്

scootor
SHARE

ബൈക്ക് യാത്രയ്ക്കിടെ കുട നിവർത്തുന്നതു കൊണ്ടുണ്ടാവുന്ന അപക‌‌ടങ്ങൾ വർധിക്കുന്നു. അഞ്ചു പേരാണ് ഈ മഴക്കാലത്ത് ഇപ്രകാരം അപകടത്തിൽ പെട്ടു തിരുവന്തപുരം മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അതിൽ നാലു പേരും പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളാണ്. അപകടത്തിൽപെട്ടവരെ ചികിൽസിച്ച മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ.ജെ.എസ്.വീണ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

∙ അപകടം എങ്ങനെ?

മഴ പെയ്യാൻ തുടങ്ങുമ്പോൾ ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുന്നു. സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌ം നഷ്‌ടപ്പെടുമ്പോൾ ബൈക്കിന്റെ നിയന്ത്ര‌‌‌ണം തെറ്റി റോഡിൽ വീഴാം. പിൻസീറ്റിൽ ഇരിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമില്ലാത്തതിനാൽ പലരും തലയടിച്ചാ‌ണു റോഡിൽ വീഴുന്നത്. മരിച്ച നാല് സ്ത്രീകളുടെയും മര‌ണകാരണം തലയ്ക്കേറ്റ ശക്തമായ ക്ഷതങ്ങളാണ്. ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ശക്തമായ കാറ്റിലും മഴയിലും  ബൈക്കിന്റെ  ക്ലച്ച് ഉപയോഗിക്കാനും ബ്രേക്ക് ചെയ്യാനും ഒരുകൈ കൊണ്ട് സാധിക്കില്ല. അപ്പോഴേക്കും അപകടം കൺമുന്നിലെത്തിയിരിക്കും 

പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാൾക്കും കാഴ്ച മറയുന്നു. പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. മഴക്കാലത്തു വെള്ളം നിറഞ്ഞ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറും. ചെറിയ വേഗത്തിൽപോലും മുൻചക്രങ്ങൾ പാളിപ്പോവാം. 

∙ഹെൽമറ്റ് ബോധവൽക്കരണം മാത്രം പോരാ

ഹെൽമറ്റ് ധരിക്കാത്തതു കൊണ്ടുള്ള അപകടസാധ്യതകളെക്കുറിച്ച് ഒട്ടേറെ ബോധവൽക്കരണങ്ങൾ നടന്നിട്ടുണ്ട് . സമൂഹത്തിൽ ഭൂരിഭാഗം പേരും ഇപ്പോൾ ഹെൽമറ്റ് ധരിക്കുന്നവരുമാണ്. പക്ഷേ, പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വത്തിൽ മാത്രം വേണ്ടത്ര ശ്രദ്ധ പതിഞ്ഞിട്ടില്ല. പല പ്രാവശ്യം പിൻസീറ്റിലിരിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമാക്കി ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും പിറകിലിരിക്കുന്നവർക്കു നിർബന്ധമായും ഹെൽമറ്റ് വേ‌ണമെന്ന നിയമം നടപ്പാക്കുന്നു‌‌‌‌‌‌‌‌‌‌‌‌‌‌‌ണ്ട്. ‌ഇടിയുടെ ആഘാതവും അപകടസാധ്യതയും ബൈക്ക് ഓടിക്കുന്നയാൾക്കും പിൻസീറ്റ് യാത്രികനും ഒന്നാണെങ്കിലും ഹെൽമറ്റ് നിർബന്ധമാക്കാത്തത് ഒട്ടേറെ ജീവനുകൾ നിരത്തിൽ പ‌ൊലിയാൻ കാരണമാകുന്നു. 

∙പൊലീസ് പറയുന്നത്

മഴക്കാലത്തിന്റെ ആരംഭത്തിൽ തന്നെ കൃത്യമായ നിർദേശങ്ങൾ ബൈക്ക് യാത്രക്കാർക്കു നൽകാറുണ്ട്. മഴക്കോട്ട് ധരിക്കാത്തവരെ മഴ നനഞ്ഞുകൊണ്ടു യാത്ര ചെയ്യാൻ ‌ അനുവദിക്കാറില്ല. കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ  നിയമമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA