ഷോറൂമില്‍ നിന്ന് വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

628453996
SHARE

ഏറെ ആഗ്രഹിച്ചും മോഹിച്ചുമാണ് പലപ്പോഴും നമ്മള്‍ വാഹനങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ട് തന്നെ ആ സമയത്തെ സന്തോഷത്തിലും ആവേശത്തിലും പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ മറന്നുപോയെന്ന് വരാം. അതോടൊപ്പം തന്നെ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിലുള്ള ധാരണക്കുറവും പിന്നീട് അബദ്ധങ്ങളിലേക്ക് നയിച്ചേക്കാം. പുറമെയുള്ള കേടുപാടുകള്‍ മുതല്‍ എളുപ്പം കണ്ടു പിടിക്കാനാകാത്ത എൻജിന്‍ പ്രശ്നങ്ങള്‍ വരെ പുതിയ വാഹനങ്ങള്‍ അപൂര്‍വ്വമായി കണ്ടെത്താറുണ്ട്. മിക്കപ്പോഴും നിര്‍മാണ സ്ഥലത്ത് നിന്ന് ഗോഡൌണിലേക്കോ, ഷോറൂമിലേക്കോ മറ്റോ ഉള്ള യാത്രയ്ക്കിടെ പറ്റുന്നതാകും ഈ കേടുപാടുകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ വാങ്ങുന്ന വ്യക്തിക്ക് പിന്നീട് തലവേദനയായി തീര്‍ന്നേക്കും.

പുതിയ വാഹനങ്ങള്‍ ഷോറൂമില്‍ നിന്ന് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്. ഷോറൂമില്‍ നിന്നു പുറത്തു കടക്കും മുന്‍പ് തന്നെ ഈ ചെക്ക് ലിസ്റ്റ് അനുസരിച്ചുള്ള കാര്യങ്ങള്‍ ഉറപ്പ് വരുത്താം.

ഉപയോഗിച്ച വണ്ടിയല്ലെന്ന് ഉറപ്പു വരുത്തുക

കമ്പനിയില്‍ നിന്ന് എത്തിക്കുന്ന വാഹനങ്ങള്‍ അതേ പുതുമയോടെയാണ് മിക്ക ഷോറൂമുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുന്നവരും ഉണ്ട്. ചില വണ്ടികളെങ്കിലും ഡെമോ കാറുകളായി ഉപയോഗിക്കുന്നവയായിരിക്കും. കമ്പനി ഘടിപ്പിച്ചിട്ടുള്ള ഓഡോ മീറ്ററുകള്‍ നീക്കം ചെയ്ത ശേഷമാണ് ഡെമോ കാറുകളായി ഉപയോഗിക്കുന്നത് എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇതു പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ വാഹനം സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രം ഏറ്റുവാങ്ങുക.

പുക പരിശോധിക്കുക

പുതിയ വാഹനങ്ങള്‍ ഒട്ടും തന്നെ പുക പുറന്തള്ളാന്‍ പാടില്ല. വാഹനങ്ങള്‍ പഴകുമ്പോഴാണ് പുക പുറത്തേക്ക് വരുന്നത്. ഷോറൂമിലെ വാഹനം ഉടന്‍ നിര്‍മ്മിതമായി എത്തിയതാണ് എന്ന വിശ്വാസമാണ് എല്ലാവര്‍ക്കുമുള്ളത്. എന്നാലിത് എപ്പോഴും സത്യമാകണമെന്നില്ല. ചിലപ്പോഴെങ്കിലും മാസങ്ങളോളം വെറുതെ കിടന്ന വണ്ടികളായിരിക്കും ഡെലിവറിക്കെത്തുക. അതുകൊണ്ട് തന്നെ വാഹനം സ്റ്റാര്‍ട് ചെയ്യുമ്പോള്‍ പുകയും മറ്റു മലിന വസ്തുക്കളും പുകക്കുഴലിലൂടെ പുറത്തു വരാന്‍ സാധ്യതയുണ്ട്. ഇതു വ്യക്തമായി പരിശോധിക്കണം.

518308224

വാഹനങ്ങളുടെ പുറമെയുള്ള പാടുകളും അടയാളങ്ങളും

പുതിയ വാഹനമല്ലേ ബോഡി പരിശോധിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് പലരും ചിന്തിക്കുക. എന്നാല്‍ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ വാഹനം സ്വന്തമാക്കാവൂ. വാഹനത്തില്‍ പാടുകളോ, പെയിന്റ് പൊങ്ങിയുണ്ടായ കുമിളകളോ, ചളുക്കോ ഉണ്ടോയെന്ന് പരിശോധിക്കുക. വീണ്ടും പെയിന്റ് ചെയ്ത പാടുകള്‍ ഇല്ലെന്നും ഉറപ്പു വരുത്തുക. വാഹനങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വ്യക്തിയെക്കൊണ്ട് വാങ്ങാനുദ്ദേശിക്കുന്ന വാഹനം പരിശോധിപ്പിക്കുക. കൂടാതെ വാഹനം പൂര്‍ണമായി പരിശോധിച്ച ശേഷം മാത്രമേ നിങ്ങളുടെ പേരിലേക്ക് വാഹനത്തിന്റെ ഉടമസ്ഥത മാറ്റാവൂ എന്നും വ്യക്തമായി പറയുക.

കാറിന്റെ ഉള്‍വശം

ഡാഷ് ബോര്‍ഡ്, ഡോര്‍ പാഡ്, സീറ്റുകള്‍ തുടങ്ങി കാറിന്റെ ഉള്‍വശത്ത് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ഇവയേക്കാളൊക്കെ പ്രധാനം എയര്‍ കണ്ടീഷനിങ് ആണ്. വാഹനം വാങ്ങുമ്പോള്‍ ഏസി എത്ര സമയത്തിനുള്ളില്‍ അകം തണുപ്പിക്കുന്നുണ്ട് എന്നത് പരിശോധിക്കുക. തണുപ്പിക്കാന്‍ സമയം കൂടുതല്‍ എടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തുക. അല്ലെങ്കില്‍ തിരഞ്ഞെടുക്കുന്ന വാഹനം മാറ്റുക. വാഹനം ഏറെ നാള്‍ സ്റ്റാര്‍ട് ചെയ്യാതെ നിര്‍ത്തിയിട്ടാല്‍ അത് ഗ്യാസ് ലീക്കാകുന്നതിനോ ഉറച്ച് പോകുന്നതിനോ കാരണമായേക്കാം. അതുകൊണ്ട് തന്നെ പുതിയ വാഹനമാണെങ്കിലും ഏസി പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഇലക്ട്രോണിക് ഭാഗങ്ങള്‍

ഒരു പക്ഷേ വാഹനം വാങ്ങിയാല്‍ ആളുകള്‍ ഏറ്റവുമാദ്യം നോക്കുന്നത് ഇലക്ടിക് ഭാഗങ്ങളാണ്. ലൈറ്റും ഇന്‍ഡിക്കേറ്ററും വൈപ്പറും ഉള്‍പ്പടെ എല്ലാം എല്ലാവരും പരിശോധിക്കും. ഇവ പരിശോധിക്കുന്നതിനൊപ്പം തന്നെ ഹെഡ്‌ലൈറ്റിന്റെ പവറും പ്രധാന ലൈറ്റുകള്‍ക്ക് പുറമെയുള്ള ലൈറ്റുകളും ഉള്‍ഭാഗത്തെ ഡോര്‍ ലൈറ്റുകളും മീറ്ററും മറ്റ് ഇലക്ട്രോണിക് ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുക. കൂടാതെ. റിയര്‍ വ്യൂ ഗ്ലാസുകളും മറ്റും ഇലക്ട്രോണിക് ആണെങ്കില്‍ അവയും പരിശോധനയ്ക്ക് വിധേയമാക്കുക.

585495312

ഓര്‍ക്കേണ്ട മറ്റ് പ്രധാന വസ്തുക്കള്‍

ബാറ്ററിയും അതിന്റെ വാറന്റി കാര്‍ഡും

വാഹനത്തിന്റെ സസ്പെന്‍ഷന്‍ 

ടയറുകളുടെ അവസ്ഥ.

പുതിയ കാറുകള്‍ 150 കിലോമീറ്ററിലധികം ഓടിയിട്ടുണ്ടാകില്ല. അതിനാല്‍ തന്നെ ടയറുകളുടെ അവസ്ഥ നോക്കി വാഹനത്തിന്റെ കണ്ടീഷന്‍ അറിയാം. 

സ്റ്റീയറിങ്ങില്‍ ആയാസമുണ്ടോയെന്ന് പരിശോധിക്കുക. ആയാസരഹിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം വാഹനം സ്വീകരിക്കുക. 

വാഹനത്തിന്റെ പേപ്പറുകള്‍ എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തുക. അവയിലെ പേരും മറ്റ് വിശദാംശങ്ങളും പരിശോധിച്ച് തെറ്റുകളിലിലെന്ന് മനസ്സിലാക്കുക. ഫോം 22 പരിശോധിച്ച് വാഹനത്തിന്റെ നിര്‍മാണ വര്‍ഷവും മാസവും വില്‍പ്പനക്കാര്‍ നമ്മോട് പറയുന്നത് തന്നെയാണെന്ന് മനസ്സിലാക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA