sections
MORE

കാർ ഡീലർഷിപ്പിലേക്ക് പോകും മുൻപ് ശ്രദ്ധിക്കൂ

x-default
SHARE

ഓരോ ദിവസവും പുതിയ വാഹനങ്ങളാണ് വിപണിയിലെത്തുന്നത്. പല പേരിൽ പല വിലയിൽ പുറത്തിറങ്ങുന്ന ഈ വാഹനങ്ങളിൽ ഒരെണ്ണം സ്വന്തമാക്കാൻ ഉറച്ചാൽ പിന്നെ കൺഫ്യൂഷനാണ്, സംശയങ്ങൾ പലതാണ്. ഏതു വാഹനം വാങ്ങണം ഫുൾഓപ്ഷൻ വേണോ എന്നിങ്ങനെ മൊത്തം കൺഫ്യൂഷനാണ്. ഇനി ആരോടെങ്കിലും അഭിപ്രായം ചോദിക്കാം എന്നു കരുതിലായോ, ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും. വാഹനം വാങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

∙ ഏതു കാർ ആണ് യോജിച്ചത്

ബജറ്റിനെപ്പറ്റി എന്തായാലും ഒരു ധാരണ ഉണ്ടായിരിക്കുമല്ലോ. ആവശ്യമറിഞ്ഞുമാത്രം വാഹനം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് ചെറിയ വഴിയാണു വീട്ടിലേക്കുള്ളത്, വളയ്ക്കാനും തിരിക്കാനും ബുദ്ധിമുട്ടാണ് എങ്കിൽ ഒരു സെഡാൻ വാങ്ങുന്നത് അബദ്ധമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതുപോലെ നഗരവാസിയാണെങ്കിലും ഹാച്ച് ബാക്കുകൾ തിരഞ്ഞെടുക്കുന്നതാണുചിതം. ജാഡ കാണിക്കുക എന്നതിലുപരിയായി സൗകര്യപ്രദമായി വാഹനം കൈകാര്യം ചെയ്യാൻ പറ്റുക എന്നതിനായിരിക്കണം മുൻതൂക്കം. രണ്ടുപേർ ഉള്ള വീടുകളിൽ സെഡാൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കണം. എന്നാൽ ധാരാളം കുടുംബാംഗങ്ങളുണ്ടെങ്കിൽ ഒതുക്കമുള്ള എംപിവിയോ എസ്‌യുവിയോ വാങ്ങാം. ആവശ്യമാകണം ലക്ഷ്യം.

∙ പെട്രോൾ വേണോ ഡീസൽ വേണോ?

ഒട്ടുമിക്ക ആൾക്കാരുടേയും സാധാരണ സംശയമാണ് പെട്രോൾ വേണോ ഡീസൽ വേണോ എന്നത്. ദിവസവും ശരാശരി അൻപതു കിലോമീറ്റർ ദൂരമെങ്കിലും ഓട്ടമില്ലെങ്കിൽ പെട്രോൾ മോഡലുകളാണു നല്ലത്. ഡീസൽ മോഡലുകൾ എല്ലാം തന്നെ ആധുനികമാണെങ്കിലും പരിപാലനച്ചെലവും വിലയും കൂടുതലാണ്. പെട്രോൾ മോഡലുകൾക്ക് താരതമ്യേന കുറഞ്ഞ പരിപാലനമേ ആവശ്യമുള്ളൂ. എന്നാൽ നല്ല ദൂരം വാഹനമോടിക്കുന്നയാളാണെങ്കിൽ ഡീസൽ മോഡലുകൾ നോക്കാം.

∙ കുടുംബമൊത്ത് ടെസ്റ്റ് ഡ്രൈവ് ചെയ്യുക

ഫാമിലി വാഹനമാണു വാങ്ങുന്നതെങ്കിൽ കുടുംബാംഗങ്ങളേയും കൂട്ടി ഒരു ടെസ്റ്റ് ഡ്രൈവ് എടുക്കാം. വയസായവർക്കു പ്രത്യേക പരിഗണന നൽകാനായി പിൻസീറ്റിലും ഇരുന്നു നോക്കണം. കയറാനും ഇറങ്ങാനുമുള്ള സൗകര്യം മുതിർന്നവർക്ക് വലിയ കാര്യമാണ്. സാധാരണ ഗതിയിൽ നല്ല റോഡുകളിലൂടെയാവും ടെസ്റ്റ് ഡ്രൈവ് എടുക്കുക. എന്നാൽ വണ്ടിയുടെ യാത്രാസുഖവും മറ്റു കാര്യങ്ങളും പരിശോധിക്കണമെങ്കിൽ എല്ലാ റോഡുകളിലും ഓടിക്കണം. പ്രത്യേകിച്ച് ഗട്ടർ നിറഞ്ഞ പാതകളിൽ വീടിനടുത്തുള്ള റോഡുകളാണ് ടെസ്റ്റ് ഡ്രൈവിനു നല്ലത്.

∙ ഫുൾ ഓപ്ഷൻ വേണോ?

വാഹനത്തിൽ കമ്പനി അവകാശപ്പെടുന്ന എല്ലാ ഫീച്ചറുകളും ഫുൾ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ അതുതന്നെയങ്ങു ബുക്ക് ചെയ്തേക്കാം എന്നു വിചാരിക്കുന്നവരുണ്ട്. എന്നാൽ നമുക്ക് ആവശ്യമുള്ള ഫീച്ചറുകൾ ഉള്ള വേരിയന്റുകൾ എടുക്കുന്നതാണു നല്ലത്. ഉദാഹരണത്തിന് ചില ഫുൾ ഓപ്ഷൻ വേരിയന്റുകളിൽ ഫോഗ്‌ലാംപുകൾ ഉണ്ടാവും. എന്നാൽ നഗരവാസിയായ ഒരാൾക്ക് ഈ ഫീച്ചറുകൾ വേണ്ടായെന്നു വയ്ക്കാം. ഉപയോഗമില്ലാത്ത ഫീച്ചറുകൾക്ക് കാശ് അധികം മുടക്കണോ? പാർക്കിങ് സെൻസർ പോലെ എല്ലായിടത്തും ഉപകാരമുള്ള സൗകര്യങ്ങൾ ഉള്ള വേരിയന്റ് നോക്കാം. നിങ്ങളുടെ ഡ്രൈവിങ് രീതികളും സ്ഥലങ്ങളും ഈ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.

∙ ഫിക്സഡ് ഇ എം ഐ ആണോ അല്ലയോ എന്നു നോക്കാം

കാർ വാങ്ങാൻ തീരുമാനിച്ചു. ഇനി ലോണിന്റെ കാര്യം. മിക്ക ബാങ്കുകളും കാ... എന്നു പറയുമ്പോഴേക്കും കാർ ലോൺ തരുന്നത്ര മത്സരത്തിലാണ്. ബാങ്ക് ഏതെന്നു നിങ്ങൾക്കു തീരുമാനിക്കാം. അതിനു മുൻപായി ഇഎംഐയുടെ ഏർപ്പാട് അറിഞ്ഞിരിക്കണം. ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക. ചില ബാങ്കുകളിൽ മറ്റൊരു സൗകര്യമുണ്ട്. ഇഎംഐ ഫിക്സഡ് ആയിരിക്കില്ല. അതായത് ഒരു മാസം പതിനായിരം വച്ചാണ് അടയ്ക്കേണ്ടത് എന്നു കരുതുക. തൊട്ടടുത്ത മാസം ഒരു ലക്ഷം രൂപ അധികമായി കയ്യിലെത്തി എന്നു കരുതുക. ഈ തുക അപ്പാടെ ഇഎംഐ ആയി അടയ്ക്കാം. ഇനി തൊട്ടടുത്ത മാസം അയ്യായിരമേ അടയ്ക്കാൻ പറ്റിയൂള്ളൂ എങ്കിലും കുഴപ്പമില്ല.

∙ പലിശ-ഫ്ലാറ്റ് പലിശ ഡിമിനിഷിങ് ആണോ?

ലോണിന്റെ പലിശ ഫ്ലാറ്റ് ആണോ ഡിമിനിഷിങ് ആണോ എന്നു നോക്കുക. ഫ്ലാറ്റ് ആണെങ്കിൽ ആകെ വായ്പ്പാത്തുകയുടെ ഇത്ര ശതമാനം എല്ലാ മാസവും അടയ്ക്കേണ്ടിവരും. അതായത് ഒരു ലക്ഷത്തിൽ അമ്പതിനായിരവും അടച്ചു കഴിഞ്ഞെങ്കിലും അടുത്ത മാസവും ഒരു ലക്ഷത്തിന്റെ പലിശയാണ് അടയ്ക്കേണ്ടി വരുക. എന്നാൽ ഡിമിനിഷിങ് പലിശ നിരക്ക് ആണെങ്കിൽ അമ്പതിനായിരത്തിന്റെ പലിശ മാത്രമേ തുടർന്ന് അടയ്ക്കേണ്ടി വരുകയുള്ളൂ. ഡിമിനിഷിങ് പലിശ നിരക്കുള്ള ബാങ്ക് വായ്പ തിരഞ്ഞെടുക്കാം.

∙ സുരക്ഷ വേണം

പലപ്പോഴും സുരക്ഷാസൗകര്യങ്ങൾ നോക്കാൻ നാം മറക്കാറുണ്ട്. ഡ്രൈവർസൈഡ് എയർബാഗ് എങ്കിലും സ്റ്റാൻഡേർഡ് ആയ മോഡലുകൾക്കു മുൻതൂക്കം നൽകുക. മുന്നിൽ രണ്ട് എയർബാഗുകൾ ഉള്ള മോഡലുകൾ നല്ലത്. . ചില കാറുകളിൽ എബിഎസ് സ്റ്റാൻഡേർഡ് ആയിരിക്കും. അനാവശ്യ ആഡംബരങ്ങൾക്കു പകരം സുരക്ഷാ ഉപാധികൾക്കു മുൻഗണ കൊടുക്കാം.

∙ ബുക്ക് ചെയ്ത അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വാഹനം പറ്റുമെങ്കിൽ കാണുക

നമ്മളാണു കാശുമുടക്കുന്നത്. അതുകൊണ്ടുതന്നെ എക്സിക്യൂട്ടീവിനോട് തന്റെ യാഡിൽവച്ചു വാഹനം കാണിച്ചു തരാൻ പറയുക. മിക്കപ്പോഴും നോ എന്നായിരിക്കും മറുപടി. ചില കയ്പേറിയ ഉദാഹരണങ്ങൾ സുഹൃത്തുക്കൾക്കുണ്ടായത് ഇങ്ങനെ വാഹനം കുളിപ്പിച്ചു കുട്ടപ്പനാക്കി മുന്നിലെത്തിയപ്പോൾ ചില കേടുപാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ വീട്ടിലെത്തി നോക്കിയപ്പോഴാണ് മുന്നിലെ രണ്ടു വിൻഡോയും നല്ല ടൈറ്റ് ആണെന്നു മനസിലായത്. അടുത്ത സർവീസിൽ ശരിയാക്കാം എന്നായിരുന്നു ഷോറൂമിൽ നിന്നുള്ള മറുപടി കൃത്യമായ ചെക്ക് ലിസ്റ്റ് കഴിഞ്ഞാണു വാഹനങ്ങൾ എത്തുന്നതെങ്കിലും തന്റെ കാർ പുറത്തിറക്കുന്നതിനു മുന്നോടിയായി പരിശോധിക്കാൻ അവസരം കിട്ടുമെങ്കിൽ കളയുന്നതെന്തിന്?

∙ സെയിൽസ് എക്സിക്യൂട്ടീവിനെ കരുതിയിരിക്കുക

ഇതു വിപരീതാർഥത്തിൽ എടുക്കേണ്ടതില്ല. എങ്കിലും മാധൂര്യമൂറുന്ന, വിനീതമായ വാക്കുകൾ മാത്രം കേട്ട് തീരുമാനങ്ങൾ എടുക്കരുത്. പലപ്പോഴും ചില ഫീച്ചറുകൾ വിവരിക്കുന്നതിൽ വിരുതുകാണിക്കുന്നവരുണ്ട്. അതു സാറിനറിയില്ലേ എന്നൊരു താങ്. ഓ അറിയില്ലാ എന്നു പറഞ്ഞ് വെറുതെ നാണം കെടേണ്ടെന്നു കരുതി നമ്മൾ മിണ്ടാതിരിക്കും. കാറിന്റെ എല്ലാ നെഗറ്റീവ് വശങ്ങളും ചോദിച്ചറിയുക. ഓഫറുകൾ പറ്റുമെങ്കിൽ കാഷ് ഡിസ്കൗണ്ട് ആയി വാങ്ങുക. നല്ല ഡീൽ അല്ലെങ്കിൽ സൗഹൃദം മാറ്റിവച്ച് മറ്റൊരു ഡീലറെ സമീപിക്കുക.

∙ കമ്പനിയുടെ വിൽപ്പനാനന്തരസേവന ചരിത്രം നോക്കുക

പലപ്പോഴും മറന്നുപോകുന്ന കാര്യമാണിത്. വാഹനം വാങ്ങിയതിനുശേഷം മാത്രമേ അയ്യോ ഇത്രേം സർവീസ് കോസ്റ്റോ എന്നു നാം നിലവിളിക്കാറൂള്ളൂ. വാഹനം ബുക്ക് ചെയ്യുന്നതിനു മുൻപേ തന്നെ പരിചയമുള്ളവരോടു ചോദിച്ച്, അല്ലെങ്കിൽ ഷോറൂമിൽ നിന്നു തന്നെ സർവീസ് ചെലവിന്റെ കണക്കുകളുടെ ശരാശരി എടുക്കാം. നല്ല സർവീസ് ആണോ നൽകുന്നത് എന്നു അനുഭവജ്ഞരോടു ചോദിച്ചറിയാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA