കാശില്ലാതെയും കാര്‍ വാങ്ങാം, ലോണ്‍ അറിയേണ്ടതെല്ലാം

183364132
SHARE

ബാങ്കുകള്‍ ഉദാരമായി വാഹന ലോണ്‍ കൊടുക്കാന്‍ തുടങ്ങിയതിന് ശേഷം ഇന്ത്യന്‍ വാഹന വിപണിക്ക് കുതിച്ചു ചാട്ടമാണ്. ഇന്ന് ലോണ്‍ എടുക്കാതെ പൂര്‍ണ്ണമായും പണം കൊടുത്ത് കാര്‍ വാങ്ങുന്നവര്‍ വളരെ ചുരുക്കമാണ്. ദേശസാല്‍കൃത ബാങ്കുകള്‍ തുടങ്ങി ന്യൂജനറേഷന്‍ ബാങ്കുകള്‍ വരെ നിരവധി സ്‌കീമുകളിലൂടെ വാഹന വായ്പകള്‍ നല്‍കുന്നുണ്ട്. വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 80 ശതമാനം മുതല്‍ 100 ശതമാനം വരെ വിവിധ ബാങ്കുകള്‍ വായ്പ്പയായി നല്‍കും, അതായത് കാശില്ലാതെയും കാര്‍ വാങ്ങാം. 3,5,7  വര്‍ഷ തിരിച്ചടവ് കാലാവധിയിലാണ് കാര്‍ ലോണ്‍ കിട്ടുക. കുറഞ്ഞ വര്‍ഷത്തേക്ക് ലോണ്‍ എടുത്താല്‍ മാസതവണ കൂടുതലായിരിക്കും. പക്ഷേ, മൊത്തം പലിശയടവില്‍ കുറവുവരുമെന്ന മെച്ചമുണ്ട്. കുറഞ്ഞ മാസതവണയില്‍ ഏഴുവര്‍ഷ കാലാവധിയില്‍ ലോണ്‍ എടുക്കുന്നതിനോടാണ് ഇടത്തരക്കാര്‍ക്കു പ്രിയം. 

ആവശ്യമായ രേഖകള്‍

∙ 6 മാസത്തെ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്

∙ ഫോട്ടോ

∙ തിരിച്ചറിയല്‍ രേഖ

∙ ഏറ്റവും പുതിയ സാലറി സ് ലിപ്പ്

∙ സാലറി സര്‍ട്ടിഫിക്കറ്റ്

∙ കഴിഞ്ഞ രണ്ടുവര്‍ഷത്ത ഐടി റിട്ടേണ്‍ ഫയല്‍ അല്ലെങ്കില്‍ ഫോ 16

പലിശ നിരക്ക്

10 % നിരക്കില്‍ ബാങ്കുകള്‍ വാഹനവായ്പകള്‍ നല്‍കുമ്പോള്‍ ഒരുപക്ഷേ, വാഹനക്കമ്പനികള്‍ 5.64 ശതമാനത്തിനു വാഗ്ദാനം ചെയ്യുന്ന വായ്പ കൂടുതല്‍ ആകര്‍ഷകമായിതോന്നാം. തിരിച്ചടയ്ക്കുന്ന തവണത്തുകകളില്‍, മുതലിലേക്കു വരവുവയ്ക്കുന്ന തുക കുറച്ച്, ബാക്കി നില്‍ക്കുന്ന മുതലിനു മാത്രം തുടര്‍ന്ന് പലിശ കണക്കാക്കുന്ന ഡിമിനിഷിങ് രീതിയാണു ബാങ്കുകളുടേത്. അനുവദിക്കുന്ന ആകെത്തുകയ്ക്ക്, തിരിച്ചടവു കാലാവധിക്കു മൊത്തത്തില്‍ പലിശ കണക്കുകൂട്ടുന്ന ഫ്‌ളാറ്റ് നിരക്കാണു ഷോറൂം വഴി കിട്ടുന്ന വായ്പകള്‍ക്ക്. 10% ഡിമിനിഷിങ് നിരക്കും 5.64% ഫ്‌ളാറ്റ്‌നിരക്കും പലിശച്ചെലവില്‍ ഒരേ പോലെയാണ്. അതായത്, നിരക്കുമാത്രമല്ല പലിശ കണക്കാക്കുന്ന രീതി കൂടി കണക്കിലെടുക്കണം.

പ്രോസസിങ് ഫീ

പ്രോസസിങ് ചെലവുകള്‍ തുടങ്ങി വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫീസുകളും ചാര്‍ജുകളും താരതമ്യേന കുറവായിരിക്കും ബാങ്കുകളില്‍. ഉത്സവ കാലഘട്ടങ്ങളിലും മറ്റും വാഹന വായ്പകള്‍ക്കു പ്രോസസിങ് ചാര്‍ജ് കിഴിവു നല്‍കാറുമുണ്ട്. കാറിന്റെ വിലയില്‍ സബ്‌വെന്‍ഷന്‍ എന്ന ഒരു തുക ഡീലര്‍മാര്‍ വായ്പക്കമ്പനിക്ക് നല്‍കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇടപാടുകാരന്റെ ചെലവിനമായി കണക്കാക്കാവുന്ന സബ്‌വെന്‍ഷന്‍ തുക ബാങ്ക് ചാര്‍ജുകളെക്കാള്‍ ഉയര്‍ന്നിരിക്കും. പരമാവധി ഡിസ്‌ക്കൗണ്ട് വില പേശി ഡീലര്‍മാരില്‍ നിന്ന് കാറുകള്‍ വാങ്ങുന്നതും വായ്പ ബാങ്കില്‍നിന്ന് എടുക്കുന്നതുമാണു മെച്ചം.

മുന്‍കൂര്‍ തിരിച്ചടവ്

മിക്ക ബാങ്കുകളും വാഹനവായ്പ മുന്‍കൂര്‍ തിരിച്ചടച്ചാല്‍ പിഴ ഈടാക്കില്ല, പ്രത്യേകിച്ചും കൃത്യമായി തിരിച്ചടവ് നടക്കുന്ന അക്കൗണ്ടുകളില്‍. ഡീലര്‍മാരില്‍നിന്നും ധനകാര്യക്കമ്പനികളില്‍നിന്നും എടുക്കുന്ന വായ്പകള്‍ ഇങ്ങനെ നേരത്തേ അടച്ചാല്‍ മൂന്നു ശതമാനത്തോളം 'പിഴ' കൂടി നല്‍കേണ്ടി വരും. തുല്യമാസത്തവണകളേക്കാള്‍ കുറച്ച് അധികം തുക അടയ്ക്കാമെന്ന് ഇടയ്ക്കു കരുതിയാലും 'പിഴ' നല്‍കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA