വില്ലിസ് ജീപ്പിൽ വയനാടൻ കുന്നുകയറി ഒരു സാഹസിക യാത്ര

willies1
SHARE

Do not go where the path may lead; go instead where there is no path and leave a trail

വയനാടൻ ചുരം കയറുമ്പോൾ അമേരിക്കൻ എഴുത്തുകാരനായ റാൾഫ് വാൾഡോ എമേഴ്സന്റെ  ഈ വാക്കുകൾ പെയ്യാമേഘം പോലെ കാറിനുള്ളിൽ തൂങ്ങിനിന്നു... അധികമാരും പോകാത്ത വഴികൾ എവിടെ? മാനന്തവാടിയിൽനിന്നു സുഹൃത്ത് ഹരിപ്രസാദിന്റെ വില്ലീസിലേക്കു കയറുമ്പോൾ ആ അനിശ്ചിതത്വം പെയ്തുതീർന്നിരുന്നു. ദശകങ്ങൾ പഴക്കമുള്ള ജീപ്പിന്റെ പുത്തൻ മഡ്–ടെറയിൻ ടയറുകൾ വഴികാട്ടിയത് വയനാടൻ കുന്നുകളിലേക്ക്. ആദ്യം മുനീശ്വരൻകോവിൽ. വയനാടിന്റെ വാഗമൺ എന്നു പേരുകേട്ട പച്ചക്കുന്നുകൾ. സാധാരണ വാഹനങ്ങൾക്കു പോകാനാകാത്ത ചെമ്മൺപാതിയിൽ കല്ലുകൾ മുള്ളുകൾപോലെ ടയറുകളെ നോവിക്കുന്നത് അറിയാം. എങ്കിലും ഫോർവീൽ ഡ്രൈവിന്റെ പിൻബലത്തിൽ മുനീശ്വരനെ കണ്ടു തിരിച്ചിറങ്ങി. അതൊരു സാഹസികതയല്ലായിരുന്നു. പിന്നെ ജീപ്പ് െചന്നത് നമ്പൂരിക്കുന്നിലേക്ക്. സുഹൃത്തും വ്യവസായിയും പഴയ തിയറ്റർ ഉടമയുമായ വൽസേട്ടന്റെ സ്വന്തം കുന്നുകൾ. വഴികൾ ഇല്ല. എങ്കിലും ഉടുമ്പിനെപ്പോലെ പിടിച്ചുകയറുന്ന ആ വില്ലീസിൽ ഞങ്ങൾ വിശ്വാസമർപ്പിച്ചു. പലയിടത്തും വില്ലീസിന്റെ ലോബോണറ്റ് ആകാശം തൊടുന്നതുപോലെ കുത്തനെ കയറ്റങ്ങൾ. പുതിയ ആകാശംതേടുന്ന യാത്രകളിൽ ഓഫ് റോഡിങ്ങിനുള്ള പങ്ക് എത്രയെന്നു വെളിപ്പെടുത്തുന്നു ഇത്തരം സാഹസികതകൾ. 

ഈ വില്ലീസ് ബോഡി പുതുക്കിയതാണെങ്കിലും ആകൃതിയിലെ തനിമ നിലനിർത്തിയിട്ടുണ്ട്. പഴയ പെട്രോൾ എൻജിൻ സ്മൂത്തായിരുന്നു. പക്ഷേ, ഇന്ധനക്ഷമതയില്ലാത്തതായിരുന്നു. അതുകൊണ്ടു മഹീന്ദ്രയുടെ ഡിഐ എൻജിൻ ആണ് ഇപ്പോൾ ഹൃദയം. പഴയ എൻജിൻ പാർട്സ് കിട്ടാനില്ലാതിരുന്നതും മറ്റും ചർച്ചയായപ്പോഴാണ് കർണാടകയിലെ കുട്ട എന്ന അതിർത്തിഗ്രാമത്തിൽ താമസിക്കുന്ന മെക്കാനിക്ക് വൽസേട്ടൻ തന്റെ ഓർമയുടെ പുഷ്ബട്ടൺ അമർത്തിയത്.

willies2

‘‘ തന്റെ കുട്ടിക്കാലത്ത് നാലോ അഞ്ചോ ജീപ്പുകളും ഒന്നോ രണ്ടോ ബസുമാണ് ആകെ വയനാടൻ ചുരത്തിനിപ്പുറം കടന്നിരുന്നത്.  അതുകൊണ്ടുതന്നെ മെക്കാനിക്കുകൾ കുറവായിരുന്നു. ആകെയുള്ള മെക്കാനിക്ക് ചാത്തുട്ടി ഫിറ്റർ ആയിരുന്നു. ആറടിപൊക്കവും കട്ടിമീശയുമുള്ള എക്സ് മിലിട്ടറിക്കാരൻ. മൂപ്പർക്ക് രണ്ടു ശിങ്കിടികളുണ്ട്. അവർ രാവിലെ അങ്ങാടിയിലെ വെയർഹൗസിനടുത്ത് മേശയിട്ടിരിക്കും. ഏതെങ്കിലും വാഹനം തകരാറിലായാൽ ചാത്തൂട്ടി ഫിറ്റർ അവിടേക്കു നടന്നെത്തും. പിന്നാലെ ഈ മേശയും ഉപകരണങ്ങളും തലയിലേറ്റി ശിങ്കിടികളുമുണ്ടാകും.

പിന്നെയൊരു നന്നാക്കൽ മഹാമഹമായിരിക്കും. ഒരു ടയർ പങ്ചർ ആയാലും ഈ മെക്കാനിക്കുകൾ ഒരു ദിവസമെടുക്കുമായിരുന്നത്രേ നന്നാക്കാൻ. അതുകൊണ്ടുതന്നെ കേടുവന്ന ബസിലെ ഡ്രൈവറും കിളിയും തൊട്ടടുത്തു കഞ്ഞിവച്ചുകൂടുമായിരുന്നു. അന്നൊക്കെ ഫോഡ് പെർഫെക്ട് എന്നു ഞങ്ങൾ വിളിച്ചിരുന്ന പ്രിഫെക്ട് കാർ കാണുന്നതുതന്നെ കൗതുകമായിരുന്നു’’. വൽസേട്ടൻ പറഞ്ഞുനിർത്തുമ്പോൾ അകലെ മലകളിൽ മഞ്ഞുമൂടിയിരുന്നു. വില്ലിസീന്റെ കുഞ്ഞുതീക്കണ്ണുകൾ തുറന്നു. ആ മലയിൽനിന്നു 1961 ലെ വില്ലീസ് ജീപ്പിന്റെ കണ്ണുകളിലൂടെ  നാം ഇങ്ങുദൂരെ കട്ടപ്പനയിൽ 1961 ൽ ഉൽപാദനം നിർത്തിയ ഒരു കാറിലേക്ക് മാറിക്കയറുന്നു. സാക്ഷാൽ ഫോഡ് പ്രിഫെക്ട്.   നെസ്റ്റ് ഗ്രൂപ്പിന്റെ ഏലംസ്റ്റോറിൽ േദ ഒരു പ്രിഫെക്ട് ഫോഡ് കിടക്കുന്നു എന്നു സുഹൃത്തുക്കളാണു വിളിച്ചുപറഞ്ഞത്. 

willies3

അമേരിക്കൻ കമ്പനിയാണെങ്കിലും ബ്രിട്ടണിലെ ഡിവിഷൻ ഡിസൈൻ ചെയ്തു നിരത്തിലിറക്കിയ ആദ്യ കാലമോഡൽ ആണ് പ്രിഫെക്ട്. 

ഓഫ് റോഡറിൽനിന്നു സാധാരണ കാറിലേക്ക്. ഒരു പരിചകുത്തിച്ചാരിവച്ചുതുപോലുള്ള വലിയ ഗ്രില്ലും തവളക്കണ്ണുകളും ബീറ്റിലിനേതുപോലെ പുറത്തുകിടക്കുന്ന വീൽആർച്ചുകളുമാണ് പ്രിഫെക്ട് കാറിന്റെ രൂപസവിശേഷതകൾ. 1938 മുതൽ 61 വരെ ഫോഡ് പ്രിഫെക്ട് നിരത്തുകളിലുണ്ടായിരുന്നു. 

മൂനീശ്വരമുടിയിൽ

 തലശേരി റോഡിൽ തലപ്പുഴ കഴിഞ്ഞ് ഏതാണ്ട് ഒരു കിലോമീറ്റർ ചെല്ലുമ്പോൾ മുനീശ്വരൻ കോവിൽ എന്നു ബോർഡ് കാണാം. വാഹനവുമായി കുന്നു കയറാം. ഭക്ഷണവും വെള്ളവും കരുതണം. പക്ഷേ, അവിടെ മാലിന്യങ്ങൾ ഉപേക്ഷിച്ചുപോരരുത്. 

താമസം– വനംവകുപ്പിന്റെ ടെന്റുകൾ അവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്– 7034316907 

ടെന്റും ട്രെക്കിങ്ങിനും മൂന്നുപേർക്ക് 4000 

ടെന്റ് മാത്രമാണെങ്കിൽ 2000 

സ്വകാര്യതാമസസൗകര്യങ്ങൾക്ക് – 9747606780  (സന്തോഷ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA