എന്തുകൊണ്ട് മാരുതി കാറുകൾ അപകടത്തിൽ പെടുന്നു?

swift-crash-test-1
SHARE

ലോകത്തിൽ ഏറ്റവും വലിയ നാലാമത്തെ കാർ വിപണിയാണ് ഇന്ത്യ. ഏകദേശം 30 ലക്ഷം കാറുകളാണ് ഇന്ത്യൻ വിപണിയിൽ ഒരു വർഷം പുറത്തിറങ്ങുന്നത്. ഇതിന്റെ 50 ശതമാനത്തിൽ അധികവും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. 1983ൽ പുറത്തിറങ്ങിയ മാരുതി 800 ലൂടെ തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുന്നു. ഓരോ മിനിറ്റിലും മൂന്നു മാരുതി കാറുകളാണ് നിരത്തിലെത്തുന്നത്. നിരത്തിലുള്ളവ അതിൽ എത്രയോ മടങ്ങധികവും. അതുകൊണ്ടു തന്നെ മറ്റുവാഹനങ്ങളെക്കാൾ മാരുതി കാറുകളുടെ അപകട നിരക്ക് കൂടുതലാണെന്ന് പറയാം.

Maruti Suzuki's New HEARTECT Platform

ഹെർടെക് പ്ലാറ്റ്ഫോം

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയിലൂടെ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഹെർടെക്. ഹൈടെൻസിൽ സ്റ്റീലിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന് ഭാരക്കുറവും കരുത്തു കൂടുതലുമുണ്ട്. വാഹനാപകടങ്ങളിൽ ഇടിയുടെ ആഘാതം യാത്രക്കാരിലേക്ക് പരമാവധി എത്തിക്കാതിരിക്കാൻ  ഈ പ്ലാറ്റ്ഫോം ശ്രമിക്കുന്നു.

ക്രംപിൾ സോണ്‍

‌പുതിയ മാരുതി സുസുക്കി വാഹനങ്ങളെപ്പറ്റിയുള്ള പ്രധാന പരാതിയാണ് ചെറിയൊരു ഇടിയിലും തകർന്നു പോകുന്ന മുൻ–പിൻ ഭാഗം. പഴയ അമ്പാസി‍ഡർ കാറുകളുമായാണ് നാം എപ്പോഴും മറ്റുവാഹനങ്ങളെ താരതമ്യം ചെയ്യുന്നത്. കൂട്ടിയിടി നടന്ന് അകത്തിരിക്കുന്ന ആളുകൾ മരിച്ചാലും കുഴപ്പമില്ല വാഹനത്തിന് കാര്യമായ പരിക്കുകൾ പറ്റരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പഴയ കാലത്തെ അപേക്ഷിച്ച് വാഹനങ്ങൾ നിർമിക്കുന്നതിന് അടിസ്ഥാനമാക്കുന്ന തത്വവും സുരക്ഷ മാനദണ്ഡങ്ങളുമെല്ലാം ധാരാളം മാറിയിട്ടുണ്ട്. ഇരുചക്രവാഹന യാത്രക്കാരുടെ ഹെൽമെറ്റ് പോലെ അപകടമുണ്ടാകുമ്പോള്‍ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് വാഹനങ്ങളുടെ മുൻഭാഗങ്ങളുടെ ധർമം. എന്നാൽ ഈ തകർച്ച യാത്രക്കാർക്ക് സുരക്ഷയാണ് നൽകുന്നതെന്ന് പ്രത്യേകം പറയട്ടെ. ഇടിയിൽ തകരുന്ന മുൻ–പിൻ ഭാഗങ്ങളെ ക്രംപിൾ സോൺ എന്നാണ് പറയുന്നത്. അപകടമുണ്ടാകുമ്പോളുണ്ടാകുന്ന ആഘാതമെല്ലാം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് ഈ ക്രംപിൾ സോണുകളുടെ ധർമ്മം. ചെറിയ വേഗത്തിലാണെങ്കിൽ അപകടങ്ങൾ കൊണ്ടുണ്ടാകുന്ന ആഘാതം ചിലപ്പോൾ വളരെ വലുതായിരിക്കും അത് യാത്രക്കാരിലേക്ക് എത്താതിരിക്കാനാണ് ബംബറുകൾ അല്ലെങ്കിൽ മുൻഭാഗം തകരുന്നത്.

Cars are designed to crumple

ബംബറുകളും ബോണറ്റും

വാഹനത്തിലെ യാത്രക്കാരുടെ സുരക്ഷ മാത്രമല്ല കാൽനടയാത്രികരുടേയും സുരക്ഷ പുതിയ വാഹനങ്ങൾ ഉറപ്പാക്കുന്നുണ്ട്. പെഡസ്ട്രിയന്‍ സേഫ്റ്റി മുൻ നിർത്തിയാണ് ഇപ്പോൾ വാഹനങ്ങൾ നിർമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുന്നിലെ ബംബറുകൾ നിർമാണ നിലവാരം കുറവാണ് എന്ന് തോന്നുന്നത്. അപകട സമയത്ത് ബോണറ്റിനു പുറത്തേക്ക് ഒരാൾ വീണാൽ കൂടുതൽ പരിക്കുകളേൽക്കാതെ ആൾക്ക് രക്ഷപെടാൻ സാധിക്കണം എന്നതാണ് പ്രധാന ലക്ഷ്യം.

Importance of seat belt

സീറ്റ്‍ ബെൽറ്റ്

കാറുകളിൽ സുരക്ഷയുടെ പ്രാഥമികപാഠം സീറ്റ് ബെൽറ്റാണ്. സീറ്റിലിരുന്നു ബെൽറ്റ് മുറുക്കിയാൽത്തന്നെ 60 ശതമാനം സുരക്ഷിതരായി. എയർബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങളുമൊക്കെ സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞേയുള്ളൂ. സീറ്റ് ബെല്‍റ്റ് ധരിച്ചാൽ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 50 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 45 ശതമാനവും ഒഴിവാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം‍. പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം കുറയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA