നമിതയുടെ സ്വപ്നം യാഥാർഥ്യമാക്കിയ ഔഡി

namitha-audi-q3
SHARE

ഫ്ലൈറ്റിൽ കയറിയാൽ എന്തുചെയ്യും? വിമാനച്ചില്ലുകൾക്കു പുറത്തു കാണാക്കാഴ്ചകൾ കണ്ട് കോരിത്തരിക്കും, മേഘങ്ങൾക്കിടയിലൂടെ പാറിനടക്കുന്നത് ആസ്വദിക്കും, വായിക്കും, പാട്ടുകേൾക്കും, സിനിമ കാണും, ഇഷ്ട ഭക്ഷണം കഴിക്കും... ഇങ്ങനെ ഒരുപാടു കഥകൾ മിക്കവർക്കും പറയാനുണ്ടാകും. പക്ഷേ, ഈ ചോദ്യം മലയാളത്തിലെ കുട്ടിത്തമുള്ള നായികയായ നമിത പ്രമോദിനോടാണു ചോദിക്കുന്നതെങ്കിൽ ഒറ്റ ഉത്തരമേയുള്ളൂ, ഉറക്കം... പിന്നെയും ഉറക്കം. അതും കൊച്ചു മയക്കം ആണെന്നൊന്നും തെറ്റിദ്ധരിക്കരുതേ. ഫ്ലൈറ്റിൽ കയറിയാൽ അതു ടേക്ക് ഓഫ് ചെയ്യുന്നതിനു മുൻപ് നമിത ഓഫ് ആയിട്ടുണ്ടാകും. പിന്നെ ഓൺ ആകണമെങ്കിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യണം. ഫൈറ്റ് റൺവേയിൽ തൊടുമ്പോൾ ഉണ്ടാകുന്ന കുലുക്കം വേണം നമിതയെ ഉണർത്താൻ! അല്ലെങ്കിൽ ഫുഡ് വരുമ്പോൾ അടുത്തിരിക്കുന്നവർ വിളിച്ചുണർത്തണം. ‘നിങ്ങളുടെ ഫുഡ് വന്നു... എണീറ്റ് കഴിക്കൂ’.

അത്രയ്ക്കും ബോറാണ് എന്റെ ഫ്ലൈറ്റ് യാത്ര. എല്ലാവരും ചോദിക്കും, ‘നീ എന്താ ഇങ്ങനെ’എന്ന്. അമേരിക്കയിലേക്കു പോകുമ്പോൾ കൊച്ചിയിൽനിന്നു കയറിയാൽ ഇടത്താവളമായ ഖത്തർ/ദുബായ് എത്തുമ്പോഴേ എണീക്കൂ. പിന്നെ വീണ്ടും ഉറങ്ങും. പിന്നെ പൊങ്ങുന്നത് അമേരിക്ക എത്തുമ്പോഴായിരിക്കും. കാർ, ബസ്, ട്രെയിൻ യാത്രകളാണ് എനിക്കേറ്റവും ഇഷ്ടം.മലയാള സിനിമയിലെ മുൻനിര നായികയായ നമിത പ്രമോദ് തന്റെ യാത്രകളെക്കുറിച്ചു വാചാലയായി.

ഏഴാം ക്ലാസുകാരിയുടെ സ്വപ്നം

നമിത സ്കൂളിൽ പഠിക്കുന്ന സമയം. വീട്ടിൽ അന്നുണ്ടായിരുന്നത് മാരുതി സുസുക്കി വാഗൺആർ. അക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നാലു വളയങ്ങൾ ലോഗോയായുള്ള ഒൗഡി കാർ വാങ്ങണമെന്ന്. അന്നൊന്നും  കാറുകളെക്കുറിച്ചു കൂടുതലൊന്നും അറിയില്ല. അന്നു ഞാൻ പറയുമായിരുന്നു, വലുതാകുമ്പോൾ ഞാനും ഒരു ഔ‍‌ഡി കാർ വാങ്ങും. എന്റെ പതിനെട്ടാം വയസ്സിൽ ആ സ്വപ്നം യാഥാർഥ്യമായി. ഔഡി ക്യു 3 വാങ്ങി. ജീവിതത്തിൽ ഒരിക്കലും ഇതൊക്കെ നടക്കുമെന്നു സ്വപ്നം പോലും കണ്ടിട്ടില്ലായിരുന്നു. ഇപ്പോൾ അതിൽ അഭിമാനം തോന്നുന്നുണ്ട്. ഇതെന്റെ ഏറ്റവും പ്രിയപ്പെട്ട കാറാണ്. അത്രയും ആഗ്രഹിച്ചു വാങ്ങിയതുകൊണ്ട് ഒരിക്കലും വിട്ടുകളയില്ല.

ഇതിനു മുൻപു സ്കോഡ റാപിഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. യാത്രകൾ ധാരാളമുള്ളതിനാൽ എസ്‌യുവി വേണം എന്നുണ്ടായിരുന്നു. ബ്രാൻഡിന്റെ കാര്യത്തിൽ സംശയമേതുമില്ലായിരുന്നു. ഔഡി എ5 ആണ് ആദ്യം പ്ലാൻ ചെയ്തത്. കേരളത്തിലെ റോഡുകളിൽ കംഫർട്ടബിൾ ആകുക ക്യു 3 ആയിരിക്കും എന്നാണ് സുഹൃത്തുക്കളും മറ്റും നിർദേശിച്ചത്. ഡ്രൈവ് ചെയ്തപ്പോൾ ഇഷ്ടമായി. വെള്ള നിറത്തിലുള്ള ക്യു 3 വീട്ടിലെത്തി. സ്മൂത്ത് ഡ്രൈവിങ്, കുലുക്കം ഉള്ളിൽ അറിയുകയേയില്ല. എസ്‌യുവി ആയതിനാൽ സ്ഥലപരിമിതി ഇല്ല. രണ്ടു വർഷമായി ഈ ക്യൂട്ട് ക്യു3 നമിതയുടെ ഗാരിജിൽ എത്തിയിട്ട്.

നോ നോ ഡ്രൈവിങ്

പുതിയ കാർ വാങ്ങാനും അതു മുറ്റത്തു കിടക്കുന്നതു കാണാനും യാത്ര ചെയ്യാനുമൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ, ഡ്രൈവിങ് ഇഷ്ടമല്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴേ ഡ്രൈവിങ് പഠിച്ചു. പിന്നെ പതിനെട്ടു വയസ്സു പൂർത്തിയായപ്പോൾ വീട്ടുകാർ ഉന്തിത്തള്ളി ടെസ്റ്റിനു വിട്ടു. അവരുടെ നിർബന്ധം കാരണം ലൈസൻസ് എടുത്തതാണ്. അച്ഛൻ പ്രമോദും അമ്മ ഇന്ദുവും നന്നായി ഡ്രൈവ് ചെയ്യും. എനിക്കേറ്റവും ഇഷ്ടം മുൻസീറ്റിൽ പാട്ടുകേട്ടിരിക്കാനാണ്. 

കാറിൽ യാത്രചെയ്യുമ്പോഴുള്ള എന്റെ ഏറ്റവും മോശം സ്വഭാവം എന്തെന്നുവച്ചാൽ, എപ്പോഴും എഫ്എം ചാനൽ മാറ്റിക്കൊണ്ടേയിരിക്കും. ചിലപ്പോൾ ഒരു പാട്ടുപോലും മുഴുവൻ കേൾക്കാനുള്ള ക്ഷമയുണ്ടാകില്ല. എല്ലാവരും വഴക്കു പറയും. എന്നാലും ഞാൻ മാറ്റും. ടെൻഷനടിച്ച് വണ്ടിയോടിക്കാൻ ഇഷ്ടമല്ല. റിലാക്സ് ആയി യാത്ര ചെയ്യാനാണ് ഏറെ ഇഷ്ടം. എവിടെയെങ്കിലും യാത്ര പോകണമെങ്കിൽ അമ്മ നാലു ദിവസം മുൻപേ ഒരുക്കം തുടങ്ങും. വേണ്ട സാധനങ്ങൾ എല്ലാം പ്രത്യേകം പായ്ക്ക് ചെയ്യും. പോകുന്ന ദിവസം രാവിലെ നേരത്തേ വിളിച്ചുണർത്തും. എനിക്കാണെങ്കിൽ ഇതിലും വലിയ ദേഷ്യം വേറെയില്ല. എന്റെ രീതിയനുസരിച്ച് ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് എണീറ്റ് വേണ്ടതെല്ലാം ഒരു ബാഗിൽ കുത്തിനിറച്ചു പോകണം.

യാത്രകൾ ധാരാളം ചെയ്യാറുണ്ട്, സിനിമയുടെ ഭാഗമായും അല്ലാതെയും. കാനഡ, അലാസ്ക എന്നിങ്ങനെ അമേരിക്കൻ ഭൂഖണ്ഡത്തിലെ മിക്ക സ്ഥലങ്ങളും കണ്ടിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടം, അലാസ്കയിലെ പച്ചപ്പു നിറഞ്ഞ മനോഹര പ്രകൃതി എല്ലാം വളരെ ഇഷ്ടമാണ്. അറേബ്യൻ രാജ്യങ്ങളിൽ എല്ലായിടത്തും പോയിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യാത്രകളാണെങ്കിൽ കൂട്ടുകാർ ഉണ്ടെങ്കിൽ വളരെ ഹാപ്പിയാണ്. ഒന്നിച്ചു ഷോപ്പിങ്ങിനു പോകുന്നതും മറ്റും ഇഷ്ടമാണ്. വീട്ടിൽ ഫ്രീ ടൈം കിട്ടുമ്പോൾ വളർത്തുനായ പോപ്പുവിനൊത്തു സമയം ചെലവഴിക്കാനാണിഷ്ടം. അല്ലെങ്കിൽ ഇരുന്നു പഠിക്കും. 

ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ബിരുദ വിദ്യാർഥിനിയാണ് നമിത. കമ്മാരസംഭവം ആണ് റിലീസ് ആയ ഏറ്റവും പുതിയ സിനിമ. ദിലീപ് നായകനാകുന്ന പ്രഫസർ ഡിങ്കൻ എന്ന ത്രീഡി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA