ആഗ്രഹം കൊണ്ട് ചോദിക്കുവാ, തിരിച്ചു തരാന്‍ പറ്റുമോ ഇവരെ...

two-wheelers
SHARE

പഴയ കാലം തിരിച്ചുകിട്ടിയിരുന്നെങ്കില്‍, എന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍... പഴയ കൂട്ടുകാര്‍... പഴയ പാട്ടുകള്‍ എത്ര രസകരമായ കാലമായിരുന്നു അതെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ ചുരുക്കം. ഇന്ന് മുപ്പതുകളില്‍ കാലുറപ്പിച്ചവരുടെ വാഹന ഓര്‍മ്മകളില്‍ ഒരു പിടി വാഹനങ്ങളുണ്ടാകും. ഇന്നത്തെപ്പോലെ ചീറിപ്പായുന്ന കരുത്തന്‍ വാഹനങ്ങളായിരിക്കില്ല അത്... യെസ്ഡിയും ആര്‍എക്‌സും ജാവയും വിജയ് സൂപ്പറും, ലാമ്പിയും തുടങ്ങി ഒരുപിടി നല്ല വാഹനങ്ങള്‍... ഇവയില്‍ ചിലതെല്ലാം തിരിച്ചുവരുന്നു എന്ന കേള്‍ക്കുന്നുണ്ടെങ്കിലും പഴയ രൂപവും ഭാവവുമായിരിക്കില്ല. സമയം പിറകോട്ട് തിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍... ഈ സൂപ്പര്‍താരങ്ങളെ തിരിച്ചുകൊണ്ടുവരാമായിരുന്നു.

വിജയ് സൂപ്പര്‍

ബൈക്കുകള്‍ സജീവമാകുന്നതിന് മുന്നേ ഇന്ത്യന്‍ നിരത്തുകളിലെ താരമായിരുന്നു വിജയ് സൂപ്പര്‍. ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ലാംബര്‍ട്ടയുടെ ജിപി 150 എന്ന സ്‌കൂട്ടറിന്റെ ഇന്ത്യന്‍ രൂപമായിരിക്കും വിജയ് സൂപ്പര്‍. സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് എന്ന ലക്‌നൗ കമ്പനിയാണ് വിജയ് സൂപ്പറുകള്‍ പുറത്തിറക്കിയത്. 1980-81 കളായിരുന്നു വിജയ് സൂപ്പറിന്റെ സുവര്‍ണ്ണ കാലം. ഏകദേശം 35000 സ്‌കൂട്ടറുകളാണ് അക്കാലങ്ങളില്‍ നിരത്തിലിറങ്ങിയത്.  ബൈക്കുകളുടെ തള്ളികയറ്റം വിജയ് സൂപ്പറിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചു. 1997 ല്‍ സ്‌കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് വിജയ് സൂപ്പറിന്റെ നിര്‍മ്മാണം അവസാനിപ്പിച്ചു. 

യമഹ ആര്‍എക്‌സ് 100  

എണ്‍പതുകളുടേയും തൊണ്ണൂറുകളുടേയും ആവേശമായിരുന്നു യമഹ ആര്‍എക്‌സ് 100. ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് എസ്‌കോര്‍ട്‌സ് യമഹ ആര്‍എക്‌സ് 100 നെ പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ബൈക്ക് യുവാക്കളുടെ ഹരമായി മാറിയത് വളരെ പെട്ടന്നാണ്. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാല വില്‍പന. യമഹ ആര്‍ഡി 350യുടെ പിന്‍ഗാമിയായിട്ടാണ് ആര്‍എക്‌സ് 100 വിപണിയിലെത്തുന്നത്. 98 സിസി , ടൂ സ്‌ട്രോക്ക് , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 10.85 ബിഎച്ച്പിയായിരുന്നു കരുത്ത്. യമഹയുടെ ഏറ്റവും ജനപ്രിയ ബൈക്കായിരുന്നു ആര്‍എക്‌സ് 100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയത് ടൂ സ്‌ട്രോക്ക് എന്‍ജിനുള്ള ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ആര്‍എക്‌സ് 100 ന്റെ ഉല്പാദനം യമഹ അവസാനിപ്പിച്ചു. 

ആര്‍ഡി 350 

ചില വാഹനങ്ങളുടെ തലവര അങ്ങനെയാണ്. പുറത്തിറങ്ങുന്ന കാലത്ത് ആര്‍ക്കു വേണ്ടാതെ പൊടിപിടിച്ചിരിക്കും. ഉല്‍പാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം കുറെക്കാലം കഴിഞ്ഞായിരിക്കും അതിന്റെ ജനപ്രീതി വര്‍ധിക്കുന്നത്. അപ്പോൾ ആരാധനയോടെ ബൈക്കിനെയോര്‍ത്ത് കൊതിക്കാം എന്നല്ലാതെ വേറെ വഴിയുണ്ടാവില്ല. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയും ഇന്ത്യന്‍ കമ്പനിയായ എസ്‌കോര്‍ട്‌സ് ഗ്രൂപ്പും ചേര്‍ന്ന് പുറത്തിറക്കിയ രാജ്ദൂദ് 350 എന്ന ആര്‍ഡി 350യുടെയും വിധി മറിച്ചല്ല.

റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആര്‍ഡി, ജാപ്പനീസ് വിപണിയില്‍ യമഹ എഴുപതുകളില്‍ പുറത്തിറക്കിയ ബൈക്കാണ്. 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയില്‍ പുറത്തിറങ്ങിയ ആര്‍ഡി 350 യുടെ തനി പകര്‍പ്പായിരുന്നു ഇന്ത്യയില്‍ പുറത്തിറങ്ങിയ ആര്‍ഡി. ജപ്പാനില്‍ ഒറ്റ മോഡല്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇന്ത്യയില്‍ ഹൈ ടോര്‍ക്ക്, ലോ ടോര്‍ക്ക് മോഡലുകളുമുണ്ടായിരുന്നു. 347 സിസി എന്‍ജിനാണ് ഇരുമോഡലിനും കരുത്ത് പകര്‍ന്നിരുന്നത്. ഹൈടോര്‍ക്ക് മോഡലിന് 39 ബിഎച്ച്പി കരുത്തും ലോടോര്‍ക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതല്‍ 1985 വരെയാണ് കമ്പനി ഹൈ ടോര്‍ക്ക് മോഡലുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 1989 ല്‍ നിര്‍മാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോര്‍ക്ക് മോഡലുകളായിരുന്നു. 

യെസ്ഡി

കിക്കര്‍ കൊണ്ടു സ്റ്റാര്‍ട്ടാക്കി അതേ കിക്കര്‍തന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തില്‍ മുന്നോട്ടുനീങ്ങുന്ന ജാവയുടെ യെസ്ഡി ബൈക്കുകള്‍ ഇന്ത്യക്കാരുടെ ആവേശമായിരുന്നു.  ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ 1929ല്‍ ആണു ജാനക് ബൗട്ട്, വാണ്ടറര്‍ എന്ന യുവ എന്‍ജിനീയര്‍മാര്‍ ചേര്‍ന്നു ജാവ ബൈക്ക് കമ്പനി ആരംഭിക്കുന്നത്. ഇന്ത്യയില്‍  ഇരുചക്രവാഹന നിര്‍മാതാക്കള്‍ ഇല്ലാതിരുന്ന കാലത്തു മുംബൈയിലെ ഇറാനി ഗ്രൂപ്പായിരുന്നു യെസ്ഡി ബൈക്കുകള്‍ ആദ്യമായി ഇറക്കുമതി ചെയ്തിരുന്നത്. 1950ല്‍ കേന്ദ്രസര്‍ക്കാര്‍ ഇരുചക്രവാഹന ഇറക്കുമതി നിരോധിച്ചതോടെ വിദേശത്തുനിന്നു പാര്‍ട്‌സുകള്‍ എത്തിച്ച് ഇന്ത്യയില്‍ വച്ച് അസംബിള്‍ ചെയ്തു ബൈക്ക് നിരത്തിലിറക്കാനുള്ള ശ്രമങ്ങള്‍ ഇറാനി ഗ്രൂപ്പ് ആരംഭിച്ചു. 

റസ്‌റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തില്‍ മൈസൂരുവില്‍ 1961 മാര്‍ച്ചില്‍ ഐഡിയല്‍ ജാവ എന്ന പേരില്‍ തദ്ദേശീയ ബൈക്ക് കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. ചെക്കിലെ ജാവ ജെസ്ഡി എന്ന പേരു മാറ്റി ഇന്ത്യയില്‍ യെസ്ഡി എന്ന ബ്രാന്‍ഡിലായിരുന്നു ബൈക്ക് ഉല്‍പാദനം. എന്നാല്‍ എണ്‍പതുകളുടെ ആദ്യപാദത്തില്‍ ജപ്പാന്‍ കമ്പനികളുടെ പിന്തുണയോടെ എത്തിയ 100 സിസി ബൈക്കുകളുടെ മുന്നില്‍ യെസ്ഡിയുടെ കാലിടറി. 30-35 കിലോമീറ്ററായിരുന്നു യെസ് ഡിയുടെ മൈലേജ്. ഇതിനു വമ്പന്‍ തിരിച്ചടിയായാണ് ലീറ്ററിനു 80 കിലോമീറ്ററിനു മേല്‍ മൈലേജുമായി ഹീറോ മോട്ടോര്‍ കോര്‍പും ഹോണ്ടയും ചേര്‍ന്ന് ഹീറോ ഹോണ്ട സിഡി 100 അവതരിപ്പിച്ചത്. 1989ല്‍ ഇരട്ട സിലിണ്ടറുമായി യെസ്ഡി 350 സിസി വണ്ടികളും ഇറക്കി നിലനില്‍പിനായൊരു ശ്രമം നടത്തി. പക്ഷേ ഐഡിയലിന്റെ നിലതെറ്റിയുള്ള നില്‍പ്പിനിടയില്‍ ഭൂരിപക്ഷം പേരും വണ്ടി വിറ്റൊഴിഞ്ഞു.  മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ടു സ്‌ട്രോക്ക് ബൈക്കുകള്‍ക്കു നിരോധനം വന്നതോടെയാണു യെസ്ഡി ബൈക്ക് മൈസൂരു പ്ലാന്റിലെ ഉല്‍പാദനം 1996ല്‍ അവസാനിപ്പിച്ചത്. 

ബജാജ് ചേതക് 

ബജാജ് ഓട്ടോയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സ്‌കൂട്ടറാണ് ചേതക്. ഇന്ത്യക്കാരുടെ സ്വപ്‌നം പൂവണിയിച്ച വാഹനം, ബുക്ക് ചെയ്ത് വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ മാത്രം ലഭിക്കുന്ന ഒന്നായിരുന്നു ഒരുകാലത്ത് ബജാജ് ചേതക് ബൈക്ക്. സ്വാതന്ത്രാനന്തരം ഇന്ത്യയിലേക്ക് ഇരുചക്രവാഹനങ്ങളും മുചക്രവാഹനങ്ങളും ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സ് നേടിയാണ് ബജാജ് വാഹനരംഗത്തേയ്ക്ക് എത്തുന്നത്. ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് 1972 ല്‍ പുറത്തിറക്കിയ സ്‌കൂട്ടറിന് ഇന്ത്യയിലെ ജനപ്രിയ വാഹനമാകാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. പ്രശസ്ത രജപുത്ര രാജാവായിരുന്ന റാണ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു തങ്ങളുടെ സ്‌കൂട്ടറിന് ബജാജ്  നല്‍കിയത്. എന്നാല്‍ മൈലേജ് ബൈക്കുകള്‍ക്കും ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍ക്കും ലഭിച്ച സ്വീകാര്യത ചേതകിനെ കാര്യമായി ബാധിച്ചു. നീണ്ട 34 വര്‍ഷത്തെ സേവനം മതിയാക്കി 2006 ലാണ് ചേതക് വിരമിക്കുന്നത്. 

ഹീറോ ഹോണ്ട സിഡി 100

ഇന്ത്യന്‍ നിരത്തില്‍ മൈലേജ് യുഗത്തിന് തുടക്കം കുറിച്ച ബൈക്കാണ് ഹീറോ ഹോണ്ട സിഡി 100. ഫില്‍ ഇറ്റ്,  ഷട്ട് ഇറ്റ്, ഫൊര്‍ഗെറ്റ് ഇറ്റ് എന്ന പരസ്യവാചകവുമായി എത്തി സിഡി 100 ഇന്ത്യന്‍ ബൈക്ക് വിപണി തന്നെ മാറ്റി മറിച്ചു. ഇന്ത്യന്‍ കമ്പനിയായ ഹീറോയും ജാപ്പനീസ് കമ്പനിയായ ഹോണ്ടയുമായി സഹകരിച്ച് പുറത്തിറക്കിയ ആദ്യ ബൈക്കുകളിലൊന്നാണ് ഹീറോ ഹോണ്ട സിഡി 100. 1985 ലാണ് സിഡി 100 വിപണിയിലെത്തുന്നത്, തുടര്‍ന്ന് 1991 ല്‍ സിഡി 100 എസ്എസ് പുറത്തിറക്കി. ഹീറോയെ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവയി വളരാന്‍ അടിത്തറ പാകിയ ബൈക്കായിരുന്നു സിഡി 100. രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് ഹീറോ തങ്ങളുടെ ഈ ജനപ്രിയന്റെ നിര്‍മാണം അവസാനിപ്പിച്ചത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA