ആംബുലൻസ് സുരക്ഷിതമോ?

Ambulance-sketch
SHARE

കോട്ടയം ∙ ജീവൻ രക്ഷിക്കാൻ പായുന്ന ആംബുലൻസ് സുരക്ഷിതമാണോ. ആംബുലൻസിനുള്ളിലെ പൊട്ടിത്തെറിയിൽ ഒരു ജീവൻ കൂടി നഷ്ടപ്പെടുമ്പോൾ ആദ്യം ഉയരുന്ന ചോദ്യം ഇതാണ്. ചീറിപ്പായുന്ന വാഹനം മാത്രമല്ല ആംബുലൻസുകൾ. സങ്കീർണമായ ജീവൻ രക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ആംബുലൻസുകൾ ഓടിക്കുമ്പോഴും അതിൽ യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കണം. 

‌ജീവൻരക്ഷാ വാഹനം

കേവലം മൃതദേഹം കൊണ്ടുപോകുന്ന ഒരു വാഹനമല്ല ആംബുലൻസ്. രോഗിയെയോ പരുക്കേറ്റവരെയോ ശാരീരികമായി അവശത അനുഭവിക്കുന്നവരെയോ കൊണ്ടുപോകുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ള വാഹനമാണ് ആംബുലൻസ്. ബിഎൽഎസ്, എഎൽഎസ് എന്നിങ്ങനെ രണ്ടു തരം ആംബുലൻസുകളാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്): ശാരീരികമായി അവശതകളുള്ള ഒരാളെ കൊണ്ടുപോകാൻ സാധാരണയായി ഉപയോഗിക്കുന്നതു ബിഎൽഎസ് ആംബുലൻസുകളാണ്. രോഗികൾക്കു കിടക്കുന്നതിന് ആവശ്യമായ ബെഡ്, ഓക്സിജൻ നൽകുന്ന ഉപകരണം, പൾസ് അളക്കുന്ന ഉപകരണം തുടങ്ങിയവയാണു ബിഎൽഎസ് ആംബുലൻസിലുള്ളത്. 

എഎൽഎസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട്): കൂടുതൽ രോഗാവസ്ഥയിലുള്ള രോഗികളെ എഎൽഎസ് ആംബുലൻസുകളിലാണു കൊണ്ടുപോകുന്നത്. സാധാരണ ആംബുലൻലസുകളെ അപേക്ഷിച്ചു കൂടുതൽ അവശതയിലുള്ള രോഗികളെ എഎൽഎസ് ആംബുലൻസുകളിലാണ് ആശുപത്രികളിലേക്കും മറ്റും എത്തിക്കുന്നത്. വെന്റിലേറ്റർ, ഇസിജി മോണിറ്ററി ഡിവൈസ് തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇത്തരം ആംബുലൻസുകളിലുണ്ട്.

നമ്മുടെ ആംബുലൻസുകൾ

വിവിധ സന്നദ്ധ സംഘടനകളും മറ്റും ഒട്ടേറെ ആംബുലൻസുകൾ ആശുപത്രികൾക്കും ആംബുലൻസ് സർവീസ് സെന്ററിനുമൊക്കെ നൽകാറുണ്ടെങ്കിലും ആംബുലൻസിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സ്വയം ഒരുക്കേണ്ട അവസ്ഥയാണെന്നാണ് ആംബുലൻസ് ഉടമകൾ പറയുന്നത്. ആംബുലൻസിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും വാങ്ങുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനുമായി 30 ലക്ഷത്തിനടുത്തു ചെലവു വരുന്നുണ്ടെന്നാണ് ഇവർ വ്യക്തമാക്കുന്നത്. നവജാത ശിശുക്കൾക്കു മുതൽ പ്രായമായവർക്കു വരെ ഉപയോഗിക്കാൻ സാധിക്കുന്ന വ്യത്യസ്ത വെന്റിലേറ്ററുകൾ, സിറിഞ്ച് പമ്പ്, ഡീസിലേറ്റർ തുടങ്ങിയ ഒട്ടേറെ ഉപകരണങ്ങളാണ് ആംബുലൻസുകളിൽ ഉപയോഗിക്കുന്നത്.

പരിശീലനം നൽകാനാരുമില്ല

ആംബുലൻസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാർക്കു വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. സാധാരണ ഒരു ആംബുലൻസ് ഡ്രൈവർക്ക് എൽഎംവി ലൈസൻസും ബാഡ്ജും പിന്നെ ധൈര്യവും മാത്രം മതി. എന്നാൽ അതിലുമുപരി ഒരു ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആംബുലൻസിലെ ലൈറ്റുകളും സൈറണും ഒക്കെ എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ അറിഞ്ഞിരിക്കണം. ആംബുലൻസ് സൈറണുകൾ പല വിധത്തിലുണ്ട്. എമർജൻസി അനുസരിച്ച് അവ എങ്ങനെയാണ് മാറ്റി ഇടേണ്ടതെന്ന് ആംബുലൻസ് ഡ്രൈവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

അപകടങ്ങൾ പതിയിരിക്കുന്നു

മിക്ക ആംബുലൻസുകളിലും ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങളാണു ശ്രദ്ധിക്കാനുള്ളത്. ഓക്സിജൻ സിലിണ്ടർ ഘടിപ്പിക്കുമ്പോഴുണ്ടാകുന്ന പിഴവുകളാണു പല ആംബുലൻസുകളും പൊട്ടിത്തെറിക്കുന്നതിനു കാരണമാകുന്നത്. സിലിണ്ടറിന്റെ ഗുണമേന്മ, വാൽവിന്റെ പ്രശ്നങ്ങൾ എന്നിവയാണു സിലിണ്ടർ പൊട്ടിത്തെറിക്കുന്നതിന്റെ പ്രധാന കാരണം. 

ശ്രദ്ധിക്കേണ്ടവ

കൃത്യമായ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, ആംബുലൻസ് ഡ്രൈവർക്കു വിശ്രമം ലഭിക്കുന്നുണ്ടോ, പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് ആംബുലൻസ് നിരത്തിലിറക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഉപകരണങ്ങൾ കൃത്യമായി ഘടിപ്പിച്ചിട്ടില്ലെങ്കി‍ൽ അതും വലിയ അപകടങ്ങൾ വരുത്തിവയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA