വിഖ്യാത മോട്ടോർ സൈക്കിൾ പാരമ്പര്യമാണ് മോട്ടോ ഗുസി. 1921 മൂതലൂള്ള ഇറ്റാലിയൻ വിരുത്. ഒരു ലോക യുദ്ധത്തിന്റെ തുടർച്ചയായി ആരംഭിച്ച് രണ്ടാം ലോക യുദ്ധവും ബൈക്ക് റേസുകളുടെ തുടക്കകാലവുമൊക്കെക്കണ്ട് ആധുനികതയിലേക്കെത്തിയ ലെജൻഡ്.

∙ പറന്നു പറന്ന്: ഒന്നാം ലോക യുദ്ധകാലത്തെ രണ്ട് ഇറ്റാലിയൻ പൈലറ്റുമാരും ഒരു എയർ ക്രാഫ്റ്റ് മെക്കാനിക്കും ചേർന്നാണ് മോട്ടോ ഗുസിക്കു തുടക്കമിട്ടത്. കാർലോ ഗുസി, ജിയോവന്നി റാവേലി, ജോർജിയോ പാരൊഡി. വിമാനങ്ങളോടുള്ള അഭേദ്യബന്ധം ആദ്യകാലം തൊട്ടേ ഗുസി ബൈക്കുകൾക്ക് ഉയർന്ന സാങ്കേതികത്തികവും രൂപകൽപനാ മികവും നൽകി.

∙ പിയാജിയോ: കാലത്തിന്റെ മാറ്റത്തിനൊപ്പം ഉടമസ്ഥാവകാശം പല തവണമാറി. സൂപ്പർബൈക്കുകൾക്കൊപ്പം 125 സി സി ബൈക്കുകളും മൊപ്പെഡുകളുമൊക്കെ ഇറക്കി ഭാഗ്യവും നിലനിൽപ്പും ഉറപ്പാക്കിയ ഗുസി 2004 ൽ പ്രശസ്ത ഇരുചക്ര നിർമാതാക്കളായ പിയാജിയോയ്ക്ക് സ്വന്തമായി. പിന്നെ ശ്രദ്ധയധികം സൂപ്പർബൈക്കുകളിൽ മാത്രം.
∙ ഇന്ത്യയിലും: വെസ്പയും അപ്രീലിയയുമൊക്കെ ഓട്ടറിക്ഷകൾക്കൊപ്പം നമുക്കു നൽകുന്ന പിയാജിയോയുടെ നിരയിലെ പുതുമുഖമായെത്തുന്നു മോട്ടോ ഗുസി. വേറിട്ടു നിൽക്കുന്ന മോട്ടോ ഗുസിയുടെ കൂസ്രർ ബൈക്കായ ഒഡാച്ചെയാണ് തുടക്കം കുറിക്കുന്നത്.

∙ മാതംഗലീല: വലുപ്പമാണ് ഒഡാച്ചെയുടെ വലുപ്പം. ആദ്യ നോട്ടത്തിൽത്തന്നെ അമ്പൊ എന്നു പറഞ്ഞു പോകുന്ന ഗാഭീര്യം. കറുത്ത നിറം. നല്ല തലയെടുപ്പ്. ലക്ഷണമൊത്ത ഒരു കൊമ്പനെപ്പോലെയുണ്ട്. വരുതിയിലാക്കി ഓടിച്ചു കൊണ്ടു പോകണമെങ്കിലും കൊമ്പനെ മെരുക്കുന്ന മികവു വേണം. ആനയെ മെരുക്കാൻ മാതംഗലീല വശമാക്കുന്നതു പോലെ ഇവിടെയും വേണം പ്രത്യേക റൈഡിങ് പ്രാവീണ്യം.

∙ വ്യത്യസ്തൻ: പുറത്തേക്കു തള്ളി നിൽക്കുന്ന എൻജിനും തടിമാടൻ ടയറുകളും. ക്രോമിയം ചുറ്റുള്ള ഉരുണ്ട ഹെഡ് ലാംപ്, സിംഗിൾ ഡയൽ ഡിജിറ്റൽ മീറ്റർ കൺസോൾ, മൾട്ടി സ്പോക്ക് അലോയ് വീൽ, വീതിയേറിയ ഒറ്റ പൈപ്പ് ഹാൻഡിൽ ബാർ, എൽ ഇ ഡി ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ച പിൻ ഫെൻഡർ, ഇരട്ട ഷോർട് സൈലൻസർ, കാർബൺ ഫൈബർ മുൻ ഫെൻഡർ. വ്യത്യസ്തനാണ് ഒഡാച്ചെ.

∙ കരുത്ത്: 1380 സി സി 90 ഡിഗ്രി വി ട്വിൻ എൻജിൻ. എയർ–ഓയിൽ കൂളിങ്. 6500 ആർ പി എമ്മിൽ 96 ബി എച്ച് പി. 3000 ആർ പി എമ്മിൽ 120 എൻ എം ടോർക്ക്. ആറു സ്പീഡ് ഗിയർ ബോക്സ്. ചെയിൻ ഡ്രൈവല്ല, ഡ്രൈവ് ഷാഫ്റ്റിലൂടെ കരുത്ത് ടയറുകളിലേക്കെത്തുന്നു. 165 എംഎം ഗ്രൗണ്ട് ക്ലിയറൻസ്.

∙ ഡ്രൈവ്: 299 കിലോ തൂക്കം. മെരുക്കിയെടുക്കുക അത്രയെളുപ്പമല്ല. ത്രോട്ടിൽ കാടെുക്കുമ്പോൾ വലത്തേയ്ക്ക് നേരിയ തോതിൽ ചെരിയും. എൻജിൻ നിർമാണത്തിലെ വ്യത്യസ്തതയാണ് കാരണം. ഗീയർ മാറ്റി മുന്നോട്ടു നീങ്ങുമ്പോൾ ബാലൻസിങ് കൃത്യമാകും.
∙ റൈഡ് ബൈ വയർ: ത്രോട്ടിൽ പ്രതികരണത്തിൽ അമാന്തമില്ല. എൻജിൻ. മൂന്നു ട്രാക്ഷൻ കൺട്രോളും മൂന്നു റൈഡ് മോഡുകളുമുണ്ട്. ടുറിസ്മോ, വെലോസ്, പിയാജിയ. ടൂറിങ് മോഡാണ് ടുറിസ്മോ. ഹൈവേ കൂസ്രിങ്ങിനു പറ്റിയ മോഡ്. സ്പോർട്ടി റൈഡിന് കുതിപ്പു കൂടിയ വെലോസ് മോഡ്. പിയാജിയോ മോഡിൽ എൻജിൻ കരുത്ത് കുറയും.

∙ സുഖകരം: വീതിയേറിയ വലിയ സീറ്റും പ്രത്യേക രീതിയിൽ ഘടിപ്പിച്ച ഫുട് റെസ്റ്റുകളും ദീർഘയാത്രയിൽ സുഖകരമാണ്. ഡ്രാഗ് ബൈക്കുകളുടേതിനു സമാനമായ ഹാൻഡിൽ ബാർ. കരുത്തേറിയ എൻജിനൊപ്പം ക്ഷമതയേറിയ ബ്രേക്കു നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്കുകളാണ് ഇരുവീലുകൾക്കും. ട്രാക്ഷൻ കൺട്രോളും എ ബി എസും സ്റ്റാൻഡേർഡ്. ഇന്ധനക്ഷമത ലീറ്ററിനു 10–12 കിലോമീറ്റർ. വില 27 ലക്ഷം രൂപ.
∙ടെസ്റ്റ് ഡ്രൈവ്: ജെയ് മോട്ടോഴ്സ് മോട്ടോപ്ലക്സ്, 9388555117