തടിച്ചി എന്നു കളിയാക്കിയവർ കാണുന്നുണ്ടല്ലോ അല്ലേ? ഇത് വീണയുടെ മധുരപ്രതികാരം

veena
SHARE

നാലു മാസംകൊണ്ട് ശരീരഭാരം 11 കിലോയും 16 സെന്റീമീറ്ററോളം വയറും കുറച്ച് തന്നെ 'തടിച്ചി' എന്നു വിളിച്ചു കളിയാക്കിയവർക്ക് ഉഗ്രൻ മറുപടി നൽകിയിരിക്കുകയാണ് കോട്ടയം ഗവൺമന്റ്‌ ദന്തൽ കോളേജിൽ ജൂനിയർ റെസിഡന്റായ ഡോ. വീണ. നീ എന്നും ഒരു തടിച്ചി ആയിരിക്കുമെന്നും വണ്ണം കുറയ്ക്കാനൊന്നും ഒരിക്കലും സാധിക്കില്ലെന്നു പറഞ്ഞ് ആത്മവിശ്വാസം തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ എന്നെ കാണുമ്പോൾ അദ്ഭുതത്തോടെ നോക്കുകയുംഅടുത്തുവന്ന് സീക്രട്ട്സ് ചോദിക്കുകയും ചെയ്യുന്നു. 'വെൽഡൺ വീണ' എന്നവർ പറയുമ്പോൾ ഇതെനിക്ക് ഒരു മധുരപ്രതികാരം കൂടിയാകുന്നു. അതിനെക്കുറിച്ച് ഡോ. വീണ മനോരമ ഓൺലൈനോടു പറയുന്നു.

ജനിച്ചപ്പോഴേ കൂടെപ്പോന്നതായിരുന്നു എന്റെ തടിയും. ഇതങ്ങനെയൊന്നും കുറയില്ല എന്ന് മറ്റുള്ളവർ പറയുന്നതുകേട്ട് ആ ചിന്ത എന്റെ മനസ്സിലും ഉറച്ചുപോയിരുന്നു. എങ്കിലും ഭാരവും വണ്ണവും കുറയ്ക്കാൻ ഞാൻ പലവട്ടം ശ്രമിച്ചു. അതെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു.

കഴിഞ്ഞ വർഷം ഒരു ഹെൽത്ത്‌ ചെക്കപ്പ്‌ ചെയ്തപ്പൊഴാണ്‌ ഈ പോക്കു പോയാൽ കാര്യങ്ങൾ അത്ര പന്തിയാവില്ല എന്ന് തോന്നിത്തുടങ്ങിയത്‌. എങ്കിലും എങ്ങനെ ഭാരം കുറയ്ക്കും എന്ന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ വളരെ യാദൃച്ഛികമായാണ്‌ ഹബീബിന്റെ വെയ്റ്റ്ലോസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നത്‌. സോഷ്യൽ മീഡിയയിൽ ഹബീബിനെ ഫോളോ ചെയ്യുന്നു എന്നൊഴിച്ചാൽ ഗ്രൂപ്പിലെ ആരെയും എനിക്ക്‌ മുൻപരിചയം ഉണ്ടായിരുന്നില്ല. തടി കുറയ്ക്കാൻ നോക്കുമ്പോൾ കാണുന്ന പലവഴികളിൽ ഒന്ന്; ഒന്നു ശ്രമിച്ചുനോക്കാം എന്നു മാത്രമേ കരുതിയിരുന്നുള്ളൂ.പക്ഷേ ഗ്രൂപ്പിൽ വന്നതിനു ശേഷം എനിക്കുണ്ടായ മാറ്റം എന്നെത്തന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. കൂടെ കട്ടസപ്പോർട്ടുമായി രഞ്ജിതും മകൻ ആറു വയസ്സുകാരൻ നിരഞ്ജനുമുണ്ടായിരുന്നു.

ഗ്രൂപ്പിൽ വന്നശേഷം ആദ്യം മാറിയത് ഈ തടി ഒരിക്കലും കുറയില്ല എന്ന എന്റെ മനസ്സിന്റെ ധാരണയാണ്‌‌. പതിയെ ശരീരവും ആ മാറ്റത്തോട്‌ പ്രതികരിച്ചു തുടങ്ങി. ഒരേ അവസ്ഥയിലുള്ള ഒരേ ലക്ഷ്യമുള്ള കുറച്ചാളുകൾ ചേർന്നപ്പോൾ എന്നെക്കൊണ്ട്‌ സാധിക്കും എന്നുള്ള ആത്മവിശ്വാസം വന്നു. ചെറിയ സംശയങ്ങൾക്കുപോലും അപ്പപ്പോൾ മറുപടി തന്ന ഹബീബും ഡോ. ഷിമ്നയും, കാര്യങ്ങൾ കൈവിട്ടുപോയി എന്നു തോന്നുന്ന സമയം കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ഗ്രൂപ്പിലെ മറ്റു സുഹൃത്തുക്കളും കുറച്ചൊന്നുമല്ല സഹായിച്ചത്‌.‌ 

2018 ഓഗസ്റ്റ്‌ അവസാനം 79 കിലോ ഭാരമുണ്ടായിരുന്ന ഞാൻ ഗ്രൂപ്പിലെ പോസ്റ്റുകളിലൂടെ കിട്ടിയ അറിവുകളും നിർദ്ദേശങ്ങളും പ്രകാരം ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും മാത്രം ചെയ്ത്‌ ഡിസംബർ അവസാനമായപ്പോഴേക്കും 68 കിലോ ആയി; വയർ 16 സെന്റിമീറ്റർ കുറഞ്ഞു. ഹെൽത്ത്‌ ചെക്കപ്പിൽ മുൻപ്‌ കൂടിനിന്നിരുന്ന പല വാല്യൂസും നോർമൽ ആയി.നാളുകളായി ശല്യം ചെയ്തിരുന്ന നടുവേദനയുടെ പൊടി പോലും കാണാനില്ല. പിസിഒഡി മൂലം ക്രമരഹിതമായിരുന്ന ആർത്തവം കൃത്യ സമയത്ത്‌ വരാൻ തുടങ്ങി, സ്റ്റാമിന കൂടി, ആഹാരത്തെപ്പറ്റി വ്യക്തമായ ധാരണയോടെ കഴിച്ചു തുടങ്ങി.

ഇതിലൊക്കെ അപ്പുറം ആത്മവിശ്വാസം നന്നായി കൂടി. ഒരു ദിവസം വ്യായാമം ചെയ്യാതിരുന്നാൽ, അമിതമായി ഭക്ഷണം കഴിച്ചാൽ ഒക്കെ മനസ്സിൽ കുറ്റബോധം വന്നു തുടങ്ങി. മെലിഞ്ഞു എന്ന് എല്ലാവരും പറയുന്നതു കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്‌. ചെറുപ്പം മുതൽ ബോഡി ഷെയ്മിംഗ്‌ ധാരാളം അനുഭവിച്ചിട്ടുള്ള ആളാണ്‌ ഞാൻ. ആ പറഞ്ഞ പല ആളുകളും, ഡയറ്റ്‌ തുടങ്ങിയ സമയം എത്ര ദിവസത്തേക്കാ എന്ന് ചോദിച്ച്‌ കളിയാക്കിയവരും ഇന്ന് അദ്ഭുതത്തോടെ നോക്കുന്നതു കാണുമ്പോൾ വളരെ സന്തോഷമാണ്‌.

ഒരു മാജിക്‌ ഡയറ്റിന്റെയും കുറുക്കുവഴികളുടെയും സഹായമില്ലാതെ, ഒരു ജിമ്മിൽ പോലും പോകാതെയാണ്‌ 4 മാസം കൊണ്ട്‌ 11 കിലോ കുറച്ചത്‌. അതിന്‌ എനിക്ക്‌ കഴിഞ്ഞത്‌ ഈ ഗ്രൂപ്പ്‌ പോലെയൊരു പ്ലാറ്റ്ഫോമിൽ നിന്നതുകൊണ്ട്‌ മാത്രമാണ്‌. എന്റെ ടാർഗ്ഗറ്റിലേക്ക്‌ ഇനിയും ഒരുപാട്‌ ദൂരമുണ്ട്‌. അടുത്ത ആറുമാസത്തിനുള്ളിൽ ഞാൻ അവിടെ എത്തിയിരിക്കും. അതിനുശേഷവും ഇത്‌ ജീവിതരീതിയുടെ ഭാഗമായിത്തന്നെ മുന്നോട്ട്‌ കൊണ്ടുപോകാൻ ശ്രമിക്കും. പഴയരീതിയിലേക്ക്‌ ഒരു മടങ്ങിപ്പോക്കിനെക്കുറിച്ച്‌ ഇനി ആലോചിക്കാൻ വയ്യ. 

വെയ്റ്റ്ലോസ് ടിപ്സ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA