ജിമ്മിൽ പോകുന്നത് ഇഷ്ടപ്പെട്ടാകണം, പക്ഷേ : മിസ്റ്റർ കോഴിക്കോട്

mr-calicut
SHARE

പ്രഫഷനൽ ബോഡിബിൽഡർ ആയിരുന്നില്ലെങ്കിൽ, മുഹമ്മദ് റാഷിദ് ദാർശനികനോ പ്രചോദക പ്രസംഗകനോ ആയേനെ. ബലിഷ്ഠമായ പേശികൾ നിറഞ്ഞൊരു സുന്ദര ശരീരത്തിനുമപ്പുറം ജീവിതത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അറിവുമുള്ള മിസ്റ്റർ കോഴിക്കോടിന് എന്തൊക്കെ പറയാനുണ്ടാകും.

ഇഷ്ടപ്പെട്ടാകണം, കഷ്ടപ്പെട്ടാകരുത്

എന്നും സന്തോഷത്തോടെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. മനസ്സിനു സന്തോഷം വേണമെങ്കിൽ ശരീരം മനസ്സു പറയുന്നിടത്തു ചെല്ലണം. അതിനു ശരീരം ഫിറ്റാകണം. കൃത്യമായും ചിട്ടയായുമുള്ള വ്യായാമമാണ് അതിലേക്കുള്ള മാർഗം.

പ്രോട്ടീനായോ ധാതുക്കളായോ ശരീരത്തിന് ആവശ്യമുള്ളത് നൽകണം. അധികമുള്ളത് ഒഴിവാക്കണം. പേശികളുണ്ടാക്കാൻ വേണ്ടിയാകരുത് വർക്കൗട്ടുകൾ. കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ആഗിരണം ചെയ്യാനുള്ളതാകണം വർക്കൗട്ട്. ചുരുക്കിപ്പറഞ്ഞാൽ ജിമ്മിൽ പോകുന്നത് ഇഷ്ടപ്പെട്ടാകണം. കഷ്ടപ്പെട്ടാകരുത്. അങ്ങനെ വന്നാൽ ബാക്കിയെല്ലാം പിന്നാലെ വരും.

ഹോർമോൺ ആവശ്യത്തിന്

പ്രഫഷനൽ ബോഡി ബിൽഡർക്ക് സ്റ്റിറോയ്ഡുകളും പ്രോട്ടീനുകളും ആവശ്യമായി വരും. അതു കൃത്യമായ മാർഗനിർദേശങ്ങൾ പ്രകാരം വേണം എടുക്കാൻ. പക്ഷേ, ആവശ്യത്തിനും അനാവശ്യത്തിനും ഇവ ഉപയോഗിക്കുന്ന അപകടകരമായ രീതി നിലവിലുണ്ട്. നൂറു ശരീരങ്ങൾ നൂറു വിധത്തിലാകും. ഒരാളുടെ ശരീരത്തിന് ഇണങ്ങുന്നതാകില്ല രണ്ടാമന്റെ ആവശ്യം. ഇതൊന്നും പരിഗണിക്കാതെ ഒരു ശരീരത്തിൽ ഉള്ള ഘടകം വീണ്ടും കൊടുക്കുമ്പോഴാണ് അപകടാവസ്ഥ വരുന്നത്. പ്രോട്ടീൻ സപ്ലിമെന്റ് അസൽ ആണെങ്കിൽ നല്ലതാണ്, പക്ഷേ ദൗർഭാഗ്യവശാൽ വിപണിയിലുള്ളവയിൽ വലിയ ശതമാനവും വ്യാജമാണ്. ഇതിന് ഉത്തരവാദി സർക്കാരാണ്.

മത്സരമെങ്ങനെ

ബോഡി സിമെട്രി, മസിൽ വോള്യം, മസ്കുലാരിറ്റി, ഷോ പെർഫോമൻസ്, അച്ചടക്കം എന്നിവയാണ് വിധിനിർണയത്തിൽ പ്രധാനം. മത്സര സീസണിൽ 6 മണിക്കൂർ വരെ വർക്കൗട്ട്. അരക്കിലോ ചിക്കൻ, 15 എഗ് വൈറ്റ്, ഓട്സ് എന്നിവയാകും ഭക്ഷണത്തിൽ പ്രധാനം.

പഴ്സനലായിട്ട്

മുക്കം പന്നിക്കോടാണ് സ്വദേശം. ഫിറ്റ്നസ് ട്രെയിനറും കൗൺസലറുമായാണ് കരിയർ. ഇതിനു പുറമെയാണു മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്വന്തമായി 3 ജിംനേഷ്യങ്ങൾ. ഫ്രീലാൻസായി മോഡലിങ്ങുമുണ്ട്. 

സൗദിയിൽ വർഷങ്ങളായി ട്രെയിനറായിരുന്നു. ട്രെയിനർ റോളിൽ ഇടയ്ക്ക് കേരളത്തിനു പുറത്തും വിദേശത്തും യാത്രകൾ. മിസ്റ്റർ കോഴിക്കോടായി ഇത് ഹാട്രിക് നേട്ടം. ഇനി ഈ മാസവും വരും മാസങ്ങളിലും നിറയെ മത്സരങ്ങളുണ്ട്. ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA