സിസേറിയൻ നിസ്സാരമായി കരുതുന്നവർക്കായി; അനുഭവം വെളിപ്പെടുത്തി യുവതി

c-section
SHARE

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണ് ഒരു കുഞ്ഞിനു ജൻമം നൽകുന്നത്. ഇതിനായി പലർക്കും ഏറെ ത്യാഗങ്ങളും സഹിക്കേണ്ടി വരാം. സാധാരണ രീതിയിലുള്ള പ്രസവവും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയുമുണ്ട്. സാധാരണ പ്രസവത്തിലെ അസഹനീയമായ വേദന ഭയന്ന് പല പെൺകുട്ടികളും സിസേറിയൻ തിരഞ്ഞെടുക്കാറുണ്ടെന്നു പരാതിയുയരാറുണ്ട്. പക്ഷേ സിസേറിയൻ അത്ര സുഖകരമല്ലെന്നു വെളിപ്പെടുത്തുകയാണ് മെൽ ബെർമിനർ എന്ന യുവതി. സിസേറിയൻ വഴി ആദ്യ കുഞ്ഞിന് ജൻമം നൽകിയ ശേഷമുണ്ടായ അനുഭവമാണ് മെൽ പറയുന്നത്. 

സിസേറിയൻ കഴിഞ്ഞതിന്റെ അഞ്ചാം ദിവസം കുളിക്കുന്നതിനിടെ താഴെ വീണ ഷാംപു എടുക്കാനായി കുനിഞ്ഞപ്പോഴാണ് കടുത്ത വേദന അനുഭവപ്പെട്ടത്. വയറിലേക്കു നോക്കിയ മെൽ കണ്ടത് തുന്നിക്കെട്ടിയ മുറിവിൽനിന്നു പുറത്തേക്കുവരുന്ന കുടലാണ്. ധൈര്യം സംഭരിച്ച് അത് കൈകൾ കൊണ്ടു പിടിച്ചുവച്ചശേഷം ശേഷം ഭർത്താവ് എയ്ഡൻ ജോൺസണനെ സഹായത്തിനു വിളിച്ചു. വൈകാതെ വൈദ്യസഹായം ലഭിക്കുകയും ചെയ്തു. കുറിപ്പിനൊപ്പം പങ്കുവച്ച ചിത്രം ഭർത്താവ് എടുക്കുമ്പോഴും വയറും കുടലും തന്റെ കൈകളിലായിരുന്നവെന്നു മെൽ പറയുന്നു. മെട്രോ യുകെയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘കുടൽ എന്റെ കൈകളിൽനിന്നു വഴുതിയപ്പോൾ ഞാൻ വല്ലാതെ ഭയന്നു. ശാന്തത കൈവിടാതിരുന്നതിനാലാണ് ആ നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞത്.’ മെൽ പറയുന്നു. ഉടൻ മെല്ലിനെ ആശുപത്രിയിൽ എത്തിച്ച് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

2011 ഡിസബംർ 11 ന് തന്റെ ആദ്യ കുഞ്ഞിന് ജൻമം നൽകിയ മെൽ വർഷങ്ങൾക്കു ശേഷമാണ് ഈ ചിത്രം ലോകത്തിനു മുന്നിൽ പുറത്തു വിട്ടത്. സിസേറിയൻ പോലുളള മേജർ ശസ്ത്രക്രിയകൾ നിസ്സാരമാണെന്നു കരുതുന്ന അമ്മമാർക്കു വേണ്ടിയാണ് തന്റെ അനുഭവം വെളിപ്പെടുത്തുന്നതെന്ന് മെൽ പറയുന്നു. ആദ്യത്തെ കുട്ടി ജനിച്ചതിനു ശേഷം മൂന്നാം ദിവസം മുതൽ ശസ്ത്രക്രിയാ മുറിവിന്റെ മധ്യഭാഗത്തു വെളള നിറത്തിലുളള തടിപ്പ് ഭർത്താവ് എയ്ഡൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും കൊഴുപ്പ് അടിയുന്നതാണെന്നു കരുതി അവഗണിച്ചെന്നും മെൽ പറയുന്നു. അതിനു ശേഷമായിരുന്നു തുന്നലുകൾ വിട്ടത്. സർജറിക്കു ശേഷം മുറിവുകൾ ഡോക്ടർമാർ വ്യക്തമായി പരിശോധിച്ചിരുന്നുവെന്നും പിന്നെ എന്തുകൊണ്ടാണ് ഇതു സംഭവിച്ചതെന്ന് അറിയില്ലെന്നും മെല്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA