ചാമ്പയ്ക്ക ചില്ലറക്കാരനല്ല!

rose-apple
SHARE

മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്ന ചൊല്ല് ഏറ്റവും ചേരും ചാമ്പയ്ക്കയ്ക്ക്.  70% വെള്ളം അടങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ പഴത്തിൽ കാൽസ്യം, വൈറ്റമിൻ എ, സി, ഇ, ഡി–6, ഡി–3, കെ ഇത്രയുമുണ്ട്. മൂന്നുശതമാനം നാരുകളും. പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ‍ സമ്പുഷ്ടം. മെലിയാനായി പരിശ്രമിക്കുന്നവർക്കു ഡയറ്റിൽ ചാമ്പയ്ക്ക ഉറപ്പായും ഉൾപ്പെടുത്താം.

കറിരുചി ഇങ്ങനെ: കഷ്ണങ്ങളാക്കിയ ചാമ്പക്കയിൽ പച്ചമുളക്, ചുവന്നമുളകുപൊടി, മഞ്ഞപ്പൊടി, കായം , ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക. കടുകു വറുത്തത് ഇതിലേക്കു ചേർത്ത് ഒരു മണിക്കൂർ മാറ്റിവയ്ക്കുക. പിന്നീട തൈരും ചേർത്താൽ പോഷകസമൃദ്ധമായ കിച്ചടിയായി. 

∙ കുരുകളഞ്ഞ 20 ചാമ്പയ്ക്ക കഷ്ണങ്ങളാക്കിയതിലേക്ക് അരക്കപ്പ് തേങ്ങ, ഒരു സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില , ഉപ്പ് എന്നിവ യോജിപ്പിക്കുക. 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത്, പാത്രം അടച്ചു വേവിക്കുക. ഇനി അൽപം വെളിച്ചെണ്ണയും ചേർത്താൽ തോരൻ തയാർ.

തിരുവനന്തപുരം നിംസ് ആശുപത്രിയിലെ നാച്ചുറോപ്പതി മേധാവി ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു;

∙ ചാമ്പയ്ക്ക അൽപം പഞ്ചസാരയും വെള്ളവും ചേർത്ത് ജ്യൂസ് ഉണ്ടാക്കുന്നതിനു പുറമേ, ബീറ്റ് റൂട്ട്, തണ്ണിമത്തൻ, മുന്തിരി തുടങ്ങിയവ കൂടെച്ചേർത്തും ജ്യൂസ് ഉണ്ടാക്കാം. ഒരേ നിറത്തിലുള്ള പഴങ്ങളാണെങ്കിൽ കാഴ്ചയിലും സുന്ദരം. 

∙ അൽപം നല്ലെണ്ണ  കടുകുപൊട്ടിച്ച് താളിച്ച്  മുളകുപൊടി, ഉലുവ, കായപ്പൊടി എന്ന ചേർത്ത് മൂക്കുമ്പോൾ ചാമ്പയ്ക്ക ചേർത്ത് അച്ചാറുമാക്കാം. വേണമെങ്കിൽ ഉപ്പിനു പുറമെ ഒരൽപം ശർക്കരപ്പാനിയും ചേർക്കാം. മിതമായി കഴിക്കണമെന്നു മാത്രം

∙ ജാമിനും വൈനിനും ചാമ്പയ്ക്ക ബെസ്റ്റ് തന്നെ. പക്ഷേ പഞ്ചസാര കൂടുതലായി ചേർക്കുന്ന ഈ വിഭവങ്ങൾ വളരെ നിയന്ത്രിതമായി വേണം ഉപയോഗിക്കാൻ. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA