സാലഡ് എപ്പോൾ കഴിക്കണം?

476859474
SHARE

സായിപ്പിന്റെ ആഹാരം. അല്ലെങ്കിൽ പ്രമേഹരോഗികളുടെ വിഭവം. അതുമല്ലെങ്കിൽ ഡയറ്റിങ്ങുകാരുടെ ഭക്ഷണം – സാലഡിന് പതിറ്റാണ്ടുകളായുളള വിശേഷണങ്ങൾ  ഇതൊക്കെയായിരുന്നു. എന്നാൽ കാലം മാറിയതോടെ സാലഡ് സാധാരണക്കാരന്റെയും തീൻമേശയിലെ ശീലങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. സാലഡിനെ പുൽകിയേ പറ്റൂ എന്ന് ആരോഗ്യവിദഗ്ധർ വീണ്ടും മുന്നറിയിപ്പു നൽകുന്നു. സംസ്കരിക്കാത്ത ആഹാരപദാർഥങ്ങളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. ഔഷധങ്ങളുടെ ഒരു കൂട്ട് എന്നുപോലും സാലഡിനെ വിശേഷിപ്പിക്കാം. കടുത്ത ചൂടിലേക്കു നാടു നീങ്ങുമ്പോൾ ആശ്വാസത്തിന്റെ പച്ചത്തുരുത്തുകളായി സാലഡും മാറണം. 

വാക്കു വന്ന വഴി
സാലഡ് എന്ന വാക്ക് സലാഡെ (Salade) എന്ന ഫ്രഞ്ച് പദത്തിൽനിന്നു ജന്മമെടുത്തതാണ്. സലാട്ട (Salata) എന്ന ലാറ്റിൻ വാക്കിൽനിന്നാണു സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (Sal) എന്ന വാക്കുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. 14–ാം നൂറ്റാണ്ടിലാണു സാലഡ് എന്ന വാക്ക്  ആദ്യമായി ഇംഗ്ലിഷിൽ ഉപയോഗിച്ചു തുടങ്ങിയത്.  

ചരിത്രം
പ്രാചീന ഗ്രീക്ക്– റോമൻ ജനത സാലഡ് ഭക്ഷിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. പിന്നീട് ഇത് യൂറോപ്പാകെ വ്യാപിച്ചു. പഴയ ഇംഗ്ലിഷ് പുസ്തകങ്ങളിലും  സാലഡിന്റെ ഉപയോഗം സൂചിപ്പിച്ചിട്ടുണ്ട്. സാലഡ് തയാറാക്കുന്ന എണ്ണകളെക്കുറിച്ചും പലയിടത്തും പരാമർശമുണ്ട്. ഇപ്പോൾ മുന്തിയ ഹോട്ടലുകളിൽ സാലഡ് ബാർ  എന്നതും യാഥാർഥ്യമായി തുടങ്ങി. 

എപ്പോൾ കഴിക്കണം
സാലഡ് എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണു നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നതു തടയാൻ ഏറെ സഹായകരമാണ്. 

രുചികൂട്ടാം
വൈവിധ്യം വരുത്താവുന്ന വിഭവം  എന്ന നിലയിൽ ഇതിനെ കൂടുതൽ  സ്വാദിഷ്ടമാക്കാം. പയർ, അണ്ടിപ്പരിപ്പ്, മുട്ട, ഇറച്ചി എന്നിവയൊക്കെ ചേർത്തു സ്വാദു കൂട്ടാം. എന്തിന്, ആപ്പിൾപോലുള്ള പഴങ്ങൾപോലും ചേർത്തു സാലഡ് കൂടുതൽ രുചികരമാക്കാം. തൈരോ യോഗർട്ടോ മയോണൈസ് അടക്കമുള്ള ഉൽപന്നങ്ങളോ  എണ്ണയും വിനാഗിരിയുമൊക്കെ ചേർത്ത മിശ്രിതമോ (സാലഡ് ഡ്രസിങ്) ഒഴിച്ച് സാലഡിനു രുചികൂട്ടാം. അതുമല്ലെങ്കിൽ നാരങ്ങാനീരോ കുരുമുളകുപൊടി വിതറിയോ ഉപയോഗിക്കാം. 

വിവിധ തരം സാലഡുകൾ

എപ്പോൾ വിളമ്പുന്നു എന്നതനുസരിച്ച് സാലഡിനെ പലതായി തരം തിരിക്കാം

അപ്പിറ്റൈസർ സാലഡ്: പ്രധാന ഭക്ഷണത്തിനു മുന്നോടിയായി വിളമ്പുന്ന സാലഡ്. 

സൈഡ് സാലഡ്: പ്രധാന ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സാലഡ്. ഇത് ഒരു കൂട്ടുകറി എന്ന നിലയിലാണു വിളമ്പുക. 

മെയിൻ കോഴ്സ് സാലഡ്: ഡിന്നർ സാലഡ് എന്ന പേരിലും അറിയപ്പെടുന്നു. പ്രൊട്ടീൻ ഘടകങ്ങളാൽ സമ്പന്നമായ സാലഡ്. ചിക്കൻ, ബീഫ്, ചീസ്, കടൽവിഭവങ്ങൾ എന്നിവ അടങ്ങിയിരിക്കും

സ്വീറ്റ് സാലഡ്: ഡിസേർട്ട് സാലഡുകളാണ് ഇവ. ചീസ്, ക്രീം തുടങ്ങിയവ  ചേർത്ത്, പഴങ്ങളാൽ സമ്പന്നമായ സാലഡ്. 

സാലഡിൽ  അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാനത്തിലും സാലഡിനെ തരംതിരിക്കാം

ഗ്രീൻ സാലഡ്: ഗാർഡൻ സാലഡ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലക്കറികളാണു മുഖ്യ വിഭവം (ലെറ്റൂസ്, ചീര, തുടങ്ങിയവ)

വെജിറ്റബിൾ സാലഡ്: പച്ചക്കറികളാൽ സമ്പന്നം. ഏറ്റവും പ്രചാരം നേടിയ സാലഡുകൾ ഇവയാണ്. വെള്ളരി, തക്കാളി, കാരറ്റ്, സവാള തുടങ്ങിയ പച്ചക്കറികളുടെ  നിരതന്നെ  അടങ്ങിയിരിക്കും.

ബൗണ്ട് സാലഡ്
മയോണൈസ് പോലുള്ള വസ്തുക്കൾകൊണ്ട്  ഉണ്ടാക്കുന്നവയാണ് ഇവ. പാസ്ത സാലഡ്, ചിക്കൻ സാലഡ്, എഗ്ഗ് സാലഡ് തുടങ്ങിയവ ഉദാഹരണം. എന്നാൽ  സംസ്കരിച്ച വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയതിനാൽ ഇവയ്ക്ക് സാധാരണ സാലഡിന്റെ  ഒൗഷധഗുണമുണ്ടാകണമെന്നില്ല. 

സാലഡ് സമ്മാനിക്കുന്നത് ആരോഗ്യം
വിവിധയിനം പോഷകവസ്തുക്കളുടെ ഒരു സങ്കലനമാണ് സാലഡ്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ ബാധിക്കാതെ അതിജീവനത്തിനുള്ള ഭക്ഷ്യവസ്തു എന്ന പെരുമ സാലഡിന് അവകാശപ്പെട്ടതാണ്.  അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നതു സാലഡിന്റെ മറ്റൊരു പ്രത്യേകതയാണ്. വേവിക്കാത്തതിനാലും സംസ്കരിക്കാത്തതിനാലും ഇവയിലെ പോഷകങ്ങൾ, ജീവകങ്ങൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മൂല്യം നഷ്ടപ്പെടുന്നില്ല. നാരുകളുടെ സ്വാഭാവിക ഗുണത്തിനും മാറ്റം വരുന്നില്ല. കൊഴുപ്പിന്റെ ആഗിരണം കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നില്ല എന്നതും മെച്ചമാണ്. ശോചനയെ സഹായിക്കുന്നതിലും സാലഡ് നല്ലതാണ്, പ്രത്യേകിച്ച് വയോജനങ്ങളിൽ. സാലഡ് കഴിക്കുന്നതുമൂലം കാലറിയുടെ അളവിൽ  കാര്യമായ വ്യതിയാനമേ ഉണ്ടാകുന്നില്ല. ഒരു  കപ്പ് സാലഡിൽ  ഏതാണ്ട് 50 കാലറിയിൽ കുറവ് ഉൗർജമേ ഉണ്ടാകുന്നുള്ളൂ. ജീവിതശൈലീരോഗങ്ങൾക്കുള്ള ഒറ്റമൂലികൂടിയാണ് സാലഡ്. ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. രോഗങ്ങളെ പ്രതിരോധിക്കാനുള്ള സാലഡുകളുടെ ശക്തി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ദർ അഭിപ്രായപ്പെടുന്നു. 

ശ്രദ്ധിക്കാം
സാലഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പച്ചക്കറികളിലെയും ഇലക്കറികളിലെയും കീടനാശിനി പ്രയോഗം അപകടകരമാംവിധം ഉയർന്നതിനാൽ നന്നായി കഴുകിയശേഷം ഉപ്പിലോ മഞ്ഞൾപ്പൊടിയിലോ വിനാഗിരിയിലോ ഒരു മണിക്കൂറിലേറെ ഇട്ടുവയ്ക്കണം. അതിനുശേഷം വീണ്ടും നന്നായി വൃത്തിയാക്കിയശേഷമേ ഉപയോഗിക്കാവൂ. അതത് സമയങ്ങളിൽ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതാണ് നല്ലത്.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. ബി. പത്മകുമാർ, പ്രഫസറും വകുപ്പുതലവനും, മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA