ചക്ക സമ്മാനിക്കുന്ന ആരോഗ്യം

jackfruit
SHARE

കേരളത്തിനു മുൻപേ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒരു രാജ്യം തന്നെയുണ്ട്– നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശ്. ‌ചക്കയെ ഔദ്യോഗികഫലമായി അംഗീകരിച്ചു കഴിഞ്ഞിരുന്നു നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്. മാങ്ങ, നേന്ത്രക്കായ എന്നിവയ്ക്കൊപ്പം തമിഴ്നാട് നേരത്തെതന്നെ ചക്കയ്ക്ക് അംഗീകാരം നൽകിയിരുന്നു. 

ചക്കയ്ക്കുണ്ടൊരു ചരിത്രം 
ഇന്ത്യയാണ് ചക്കയുടെ ജന്മദേശം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ആറായിരം വർഷം മുൻപേ ഇന്ത്യയിൽ പ്ലാവുകളു‌ണ്ടായിരുന്നതായി പുരാവസ്തുശാസ്ത്രപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബംഗ്ലദേശ്, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, തായ്‍ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലും പ്ലാവിന് നല്ല ‘വേരോട്ട’മുണ്ട്. 

ചക്ക ഒരു പഴമല്ല
അതെ, ചക്ക കേവലം ഒരു പഴമല്ല. മറിച്ച് അത് കൂടയ്ക്കുള്ളിലെ ഒരു കൂട്ടം പഴങ്ങളാണ്. ഒരു മൾട്ടിപ്പിൾ ഫ്രൂട്ടാണ് ചക്ക. അതായത് ഒരു ചക്കയിൽമാത്രം ഏതാണ്ട് നൂറിലേറെ പഴങ്ങളുണ്ടാവും. പഴമാകുന്നതിനു മുൻപുള്ള പൂവിന്റെ ഇതളാണ് (പെറ്റൽ) പിന്നീട് നാം കഴിക്കുന്ന ചുളകളായി മാറുന്നത്. 

Read More : ആരോഗ്യം നൽകുന്ന ഏഴ് ചക്ക വിഭവങ്ങൾ

ചക്കകൾ പലതരം 
ചക്കയിലെ മാംസളമായ ചുളകളെ അടിസ്ഥാനമാക്കിയാണ് വിവിധയിനം പ്ലാവുകളെ തരംതിരിച്ചിരിക്കുന്നത്. കേരളത്തിൽ പ്രധാനമായി രണ്ടു തരം പ്ലാവുകളാണുള്ളത്– വരിക്കയും കൂഴയും. ഇതുകൂടാതെ ഇവയുടെ ഉപവിഭാഗങ്ങളായി മറ്റുതരം ചക്കകളുമുണ്ട്. ചുവന്ന ചുളയൻ വരിക്ക, വെള്ള ചുളയൻ വരിക്ക, സിംഗപ്പൂർ വരിക്ക, രുദ്രാക്ഷി, താമരച്ചക്ക, നീളൻ താമരച്ചക്ക, മൂവാണ്ടൻചക്ക, തേൻവരിയ്ക്ക ചക്ക, മുട്ടംവരിയ്ക്ക ചക്ക, വാകത്താനം വരിക്ക, കുട്ടനാടൻ വരിക്ക, പഴച്ചക്ക, വെള്ളാരൻചക്ക, സിന്ദൂരവരിക്ക, പശയില്ലാച്ചക്ക ത‍‍ുടങ്ങിയ പേര‍ുകളിലെല്ലാം വൈവിധ്യങ്ങളായ ചക്കകളുണ്ട്. 

പേരു നൽകിയ കേരളം 
ചക്കയുമായി കേരളത്തിന് അഭേദ്യമായൊരു ബന്ധമുണ്ട്. പുരാതന സങ്കൽപങ്ങളിലെ ഉത്തമവൃക്ഷമായി മലയാളികൾ കണ്ടിരുന്ന ഒന്നാണ് പ്ലാവ്. ഇംഗ്ലിഷിലെ ജാക്ക്ഫ്രൂട്ട് എന്ന പേരു ചക്കയ്ക്ക് സമ്മാനിച്ചതുപോലും മലയാളമാണ്. പോർച്ചുഗീസുകാരുടെ വരവോടെ ഇവിടെ സുലഭമായിരുന്ന ചക്ക, അവർക്ക് ‘ജാക്ക്’ ആയി. അങ്ങനെ ചക്ക ഹൊർത്തൂസ് മലബാറിക്കൂസ് എന്ന അമൂല്യഗ്രന്ഥത്തിൽ സ്ഥാനം നേടി. ജാക്ക് പിന്നീട് ഇംഗ്ലീഷുകാർ ഏറ്റുപിടിച്ചു– ജാക്ക്ഫ്രൂട്ട്. 

1563ൽ ഗാർസിയ ഡി ഓർട്ട എന്ന ഡോക്ടറാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിച്ചത് എന്നും പറയപ്പെടുന്നു. ബംഗാളിലും മലേഷ്യയിലുമൊക്കെ ഇൗസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന സ്കോട്ടിഷ് സസ്യശാസ്ത്രജ്ഞനായ വില്യം ജാക്കിന്റെ സ്മരണാർഥമാണ് ജാക്ക്ഫ്രൂട്ട് എന്ന പേര് സമ്മാനിക്കപ്പെട്ടതെന്നും ഒരു വാദമുണ്ട്. നമുക്ക് ചക്കയാണെങ്കിൽ ഇന്തൊനീഷ്യക്കാർക്ക് ഇത് നിങ്കയാണ്, ഫിലിപ്പീൻസുമാർക്ക് ലങ്‍ക്കയും. ശാസ്ത്രീയ നാമം അർട്ടോകാർപസ് ഹെട്രോഫില്ലസ്. 

ചക്ക സമ്മാനിക്കുന്ന ആരോഗ്യം 
വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങൾക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക. ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും. ഭക്ഷ്യയോഗ്യമായ ചുളയിൽ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക ഏതാണ്ട് 95 കിലോകലോറി ഉൗർജം സമ്മാനിക്കും. ഇതുകൂടാതെ വിറ്റാമിനുകൾ (ഫേ‍ാളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മെഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിധ്യമുണ്ട്. 

ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ചക്ക. ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും വർത്തിക്കുന്നു. ഇതുമൂലം കാൻസറിനെതിരെ മികച്ച പ്രതിരോധം തീർക്കാൻ ചക്കയ്ക്കാവും. രക്തധമനിയുടെ നശീകരണത്തെയും അതുമൂലം വാർധക്യത്തെപ്പോലും തടയാൻ ഇവയ്ക്കു കഴിവുണ്ട്. പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകൾക്ക് ആരോഗ്യ നിയന്ത്രണത്തിൽ പ്രത്യേക സ്ഥാനമുണ്ട്. ഈ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്. ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണത്തെ തടയുന്നു. ഇതുമൂലം കൊളസ്ട്രോൾ നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ്. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കും. അതുപോലെ ശോധനയെ സഹായിക്കുകയും ചെയ്യും. 

ചക്ക പ്രമേഹം കുറയ്ക്കുമോ? 
ചക്കയുടെ സാധ്യതകൾ ഉയരുമ്പോൾ ആരോഗ്യകേരളത്തിന്റെ മുന്നിലെത്തുന്ന ഒരു ചോദ്യമുണ്ട്: ചക്ക കഴിച്ചാൽ പ്രമേഹം ഇല്ലാതാകുമോ? ചക്കയുടെ ഔഷധ ഗുണങ്ങൾ കേട്ടറിഞ്ഞ പലരുടെയും സംശയം ഇപ്പോൾ ഈ വഴിക്കാണ്. പ്രമേഹം കുറയ്ക്കാൻ ചക്കയ്ക്ക് കഴിവുണ്ട്. പക്ഷേ ഇത് പഴുത്ത ചക്കയെ ഉദ്ദേശിച്ചല്ല. പച്ചച്ചക്ക പുഴുക്കാക്കിയോ, മറ്റേതെങ്കിലും വിഭവമായോ കഴിച്ചാൽ പ്രമേഹം കുറയുമെന്നു പഠനങ്ങൾ പറയുന്നു. 2016ൽ സിഡ്നി സർവകലാശാലയുടെ പഠനങ്ങൾ ഈ വഴിക്കായിരുന്നു. പച്ചച്ചക്കയെ അപേക്ഷിച്ച് പഴുത്ത ചക്കയിൽ പഞ്ചസാരയുടെ അളവ് പതിൻമടങ്ങാണ്. അതായത് പഴുത്ത ചക്കയിൽ ഗ്ളൈസിമിക് ലോഡ് വളരെ കൂടുതലാണ്. എന്നാൽ പച്ചച്ചക്കയിൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും. ധാന്യങ്ങളെക്കാൾ ഇതിൽ അന്നജം 40% കുറവാണ്. കാലറിയും ഏതാണ്ട് 35–40% കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട്– നാരുകൾ. നാരുകളാവട്ടെ (ഡയറ്ററി ഫൈബർ) ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും. ഈ നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗിരണത്തെ തടയും. പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് ഇടിച്ചക്ക, പച്ചച്ചക്കയുടെ പുഴുക്ക് എന്നിവ പ്രമേഹ രോഗികൾക്ക് കഴിക്കാം. നാരുകൾമൂലം വയറു നിറയുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. പ്രമേഹ സങ്കീർണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്സിഡന്റുകൾ തടയും. പ്രമേഹ രോഗികൾ പഴുത്ത ചക്ക കഴിക്കുന്നത് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം. പഴുത്ത ചക്കയിൽ ഫ്രെക്ടോസ്, സുക്രോസ് എന്നിവ കൂടുതലായിരിക്കും. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പ്രമേഹം കൂടുകയും ചെയ്യും. 

വൈദ്യശാസ്ത്രവിവരങ്ങൾക്ക് കടപ്പാട് 

ഡോ. ബി. പത്മകുമാർ, 
മെഡിസിൻ വിഭാഗം തലവൻ
ഗവ. മെഡിക്കൽ കോളജ്, കൊല്ലം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA