മീൻ കഴിച്ചാൽ എന്തുണ്ട് ഗുണം?

fish
SHARE

മീൻചാറ് എങ്കിലും ഇല്ലാതെ എങ്ങനെ കഞ്ഞി കുടിക്കാൻ എന്നു പറയുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. എന്തായാലും മീൻ സ്നേഹികൾക്കു സന്തോഷിക്കാം. കാരണം ഹൃദ്രോഗവും പക്ഷാഘാതവും ഇക്കൂട്ടർക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണത്രേ.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങൾ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാൻ സാധിക്കുമെന്നാണ് യുഎസ് ഡോക്ടർമാരുടെ കണ്ടെത്തൽ.

ഇതു വായിച്ചിട്ട് എന്നാൽ ഇനി മീൻ, എണ്ണയിൽ പൊരിച്ചു കഴിച്ചേക്കാം എന്നൊന്നും കരുതരുതേ... വറുത്ത മീൻ കഴിക്കരുതെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷനും നിർദേശിക്കുന്നത്. ആഴ്ചയിൽ രണ്ടുതവണ മൂന്നര ഔൺസ് വീതം ഒമേഗ3ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ മത്സ്യം കഴിക്കുന്നതു ഗുണം ചെയ്യും. 

ഇറച്ചിയും ഉരുളക്കിഴങ്ങും ധാരാളമായി കഴിക്കുന്ന, പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ മുതലായവ വളരെക്കുറച്ചു മാത്രം കഴിക്കുന്ന പാശ്ചാത്യ ഭക്ഷണരീതി പിന്തുടരുന്നവർ എത്രയും വേഗം മത്സ്യം കഴിക്കാൻ തുടങ്ങണമെന്ന് ബോസ്റ്റണിലെ ഹാർവാർഡ് ടി എച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എറിക് റിം പറയുന്നു. പെട്ടെന്ന് ഭക്ഷണശീലം മാറ്റാൻ ബുദ്ധിമുട്ടാണെങ്കിലും ക്രമേണ മത്സ്യത്തിന്റെ അളവ് കൂട്ടണമെന്നും കുട്ടികളുടെ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

ക്രമരഹിതമായ ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനും രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ഹൃദയധമനികളിൽ പ്ലേക്ക് അടിയുന്നതു തടയാനും രക്തസമ്മർദം കുറയ്ക്കാനും ഒമേഗ 3 ഫാറ്റിആസിഡുകൾ സഹായിക്കും.

ആഴ്ചയിൽ രണ്ടുതവണയെങ്കിലും മത്സ്യം– പ്രത്യേകിച്ച ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

മെർക്കുറി അടങ്ങിയതാണോ എന്ന ഭയം മൂലം മത്സ്യം കഴിക്കാത്തവരുണ്ട്. സീഫുഡിൽ മിക്കവയിലും മെർക്കുറി ഉണ്ടാകാം. എങ്കിലും വലിയ മത്സ്യങ്ങളായ സ്രാവ്, തിരണ്ടി, അയക്കൂറ, കടൽക്കുതിര, ടൈൽഫിഷ് മുതലായവയിലാണ് മെർക്കുറി കൂടുതലുള്ളത്.

ഗർഭിണികൾ ഈ മത്സ്യങ്ങൾ ഒഴിവാക്കണം. കാരണം മെർക്കുറി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നാഡീസംബന്ധമായ പ്രശ്നങ്ങൾക്കു കാരണമാകും. എന്നാൽ മെർക്കുറി ഹൃദ്രോഗസാധ്യത കൂട്ടില്ലെന്നു ഗവേഷകർ പറയുന്നു.

മത്സ്യം കഴിക്കുന്നതിനു പുറമേ ഹൃദയാരോഗ്യത്തിനായി പതിവായി വ്യായാമം ചെയ്യുകയും മെഡിറ്ററേനിയൻ ഭക്ഷണരീതിയും ഡാഷ് ഡയറ്റും പിന്തുടരണമെന്നും പഠനം പറയുന്നു. 

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA