ടെൻഷൻ വേണ്ട, പരീക്ഷാഫലം ഇങ്ങു വന്നോട്ടെ...

tension
SHARE

എസ്എസ്എൽസി മുതൽ എൻട്രൻസ് പരീക്ഷകളുടെ വരെ ഫലം പ്രഖ്യാപിക്കുന്ന മേയ് മാസമാണ് വരുന്നത്.ആശങ്കകളുടെയും മനസ്സുരുക്കത്തിന്റെയും ദിനങ്ങളാവും പലർക്കും. കടുത്ത സമ്മർദത്തെ അതിജീവിക്കാനാവാതെ ചിലരെങ്കിലും നിരാശയുടെ പാതയിലേക്കു വഴുതും. എന്നാൽ, ടെൻഷന്റെ ആവശ്യമില്ലെന്നും കൂളായി കാര്യങ്ങളെ സമീപിക്കണമെന്നും വിദഗ്ധർ പറയുന്നു...

മേയ് മാസം... കടുത്ത ചൂടിനൊപ്പം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ചങ്കിടിപ്പ് 40 ഡിഗ്രി സെൽഷ്യസിനും അപ്പുറത്തേക്കു കടത്തുന്ന കാലം... എസ്എസ്എൽസി മുതൽ എൻട്രൻസ് പരീക്ഷകളുടെ വരെ ഫലം പ്രഖ്യാപിക്കുന്നത് ഈ കാലയളവിലാണ്. ജൂണിൽ പുതിയ അധ്യയന മേഖലകളിലേക്കും തൊഴിൽ പരിശീലനങ്ങളിലേക്കും കടക്കേണ്ട വിദ്യാർഥി മനസ്സുകൾക്ക് അഗ്നിപരീക്ഷ നേരിടുന്ന മാസമാണിത്. ഭൂരിഭാഗത്തിനും മറുകണ്ടം ചാടാൻ സാധിച്ചാലും ചിലരൊക്കെ കാലിടറി വീഴും. 

മാർക്ക് ലിസ്റ്റിലെ കോളങ്ങളിൽ പരമാവധി ലഭിക്കാവുന്ന സംഖ്യകളാണു ഭാവി നിർണയിക്കുന്നതെന്ന തെറ്റിദ്ധാരണയിൽ മനസ്സുരുകി ചിലരെങ്കിലും നിരാശയുടെ പാതയിലേക്കു വഴുതി വീഴുന്നതും ഈ മാസത്തിൽ തന്നെ. കുട്ടികളും മാതാപിതാക്കളും ചില സ്ഥാപനങ്ങളിലെ അധ്യാപകരും ഈ കടുത്ത സമ്മർദത്തെ അതിജീവിക്കാൻ സാധിക്കാതെ ഉരുകിത്തീരുന്നു. മക്കളുടെ ഉന്നത വിജയം മാത്രം സ്വപ്നം കണ്ടു കഴിയുന്ന രക്ഷിതാക്കൾക്കും വിദ്യാർഥികളുടെ ഭാവി ശോഭനമാക്കാൻ അധ്വാനിക്കുന്ന അധ്യാപകർക്കും സ്ഥാപനത്തിന്റെ സൽപ്പേരു നിലനിർത്താൻ വിയർപ്പൊഴുക്കുന്ന മേധാവികൾക്കും മേയ് മാസം പരീക്ഷണ കാലം തന്നെയാണ്. 

ജീവിതമെന്ന മാരത്തൺ ഓട്ടത്തിലെ ചില മൈൽക്കുറ്റികൾ മാത്രമാണു പത്ത്, പന്ത്രണ്ട്, എൻട്രൻസ് പരീക്ഷകൾ എന്ന തിരിച്ചറിവു പലർക്കും ഇല്ലാത്തതാണു കടുത്ത നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന മാനസിക പ്രശ്നങ്ങൾക്കു കാരണമെന്നു വിദഗ്ധർ പറയുന്നു. ദിശാസൂചകങ്ങളായ നാഴികക്കല്ലുകൾ ഒരിക്കലും ‘തല തല്ലിച്ചാവാനുള്ള കല്ലുകളല്ലെന്ന’ തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ചീഫ് മെഡിക്കൽ ഓഫിസറും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. ടി.ആർ. ജോൺ വ്യക്തമാക്കി. 

ചില വഴിക്കണ്ണുകൾ

രക്ഷിതാക്കൾക്ക്

മാർക്കു കുറഞ്ഞതിന്റെ പേരിൽ മക്കളെ ഒരിക്കലും തള്ളിപ്പറയരുത്. ‘നീ പോര, കൊള്ളുകയില്ല, അവനെ കണ്ടു പഠിക്ക്... ’ എന്ന സമീപനം ശരിയല്ല. വിജയത്തിന്റെ അളവു കോലുകൊണ്ടല്ല അവരെ സ്നേഹിക്കേണ്ടത്, നിങ്ങളുടെ മക്കളാണ് അവരെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു സ്നേഹിക്കുക. മക്കളുടെ പരീക്ഷാഫലം മോശമാണെങ്കിൽ പോലും അവരെ തള്ളിപ്പറയാതെ ചേർത്തു പിടിക്കുക.

എന്തുകൊണ്ടു മാർക്കു കുറഞ്ഞു, അല്ലെങ്കിൽ തോറ്റു എന്നതു കണ്ടെത്തുക. തിരഞ്ഞെടുത്ത വഴി ശരിയോ, അതിലൂടെ സഞ്ചരിച്ച രീതി ശരിയോ എന്ന് ആലോചിക്കുക. പരീക്ഷാഫലം ലോകാവസാനമോ, ജീവിതാവസാനമോ അല്ല. ദീർഘദൂര ഓട്ടത്തിലെ ആദ്യ ഘട്ടം മാത്രമാണ് ഇതെന്ന് ആദ്യം തിരിച്ചറിയേണ്ടതു രക്ഷിതാക്കൾ തന്നെയാണ്. മോശം ഫലം വന്നാൽ തങ്ങൾക്കു കൂടിയുള്ള ഒരു തിരിച്ചറിവായി രക്ഷിതാക്കൾ കാണണം. മക്കൾക്ക് എടുക്കാൻ കഴിയുന്ന ഭാരം തന്നെയാണോ തലയിലേറ്റിയിരിക്കുന്നത് എന്നു ചിന്തിക്കണം. 

ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടറേക്കാൾ ഉയർന്ന ശമ്പളം പ്രഫഷനൽ കോഴ്സുകൾ പഠിക്കാത്തവർ നേടുന്നുണ്ട്. തനിക്കു പൂർത്തിയാക്കാൻ കഴിയാത്ത ആഗ്രഹങ്ങൾ മക്കളിലൂടെ പൂർത്തിയാക്കാനുള്ള രക്ഷിതാക്കളുടെ ശ്രമമാണു പലപ്പോഴും അതിമോഹങ്ങളിലേക്കും അതുവഴിയുള്ള നിരാശയിലേക്കും നയിക്കുന്നത്. 

തനിക്ക് ഇല്ലാതിരുന്ന സൗകര്യങ്ങളാണു താൻ തന്റെ മക്കൾക്ക് ഒരുക്കിക്കൊടുക്കുന്നതെന്ന വാശിയോടെ ചിന്തിക്കുന്നവരാണു രക്ഷിതാക്കൾ. മക്കളിലേക്ക് അമിത സമ്മർദം കൈമാറാൻ മാത്രമേ ഈ ശൈലി ഉപകരിക്കുകയുള്ളൂ. രക്ഷിതാക്കൾ സമ്മർദത്തിലായിരിക്കാം; ഒരുപക്ഷേ, മക്കളേക്കാൾ. കുട്ടികളുടെ ഭാവിയും ആത്മവിശ്വാസവും വളർത്തുന്നതിൽ രക്ഷിതാക്കൾക്കു സുപ്രധാന പങ്കുണ്ട്. അതുകൊണ്ട് അവരുടെ ചിന്തകളും വിചാരങ്ങളും എപ്പോഴും നിയന്ത്രണത്തിലാക്കണം. ഒരു കുട്ടിയും പരീക്ഷ മോശമായി എഴുതാനോ, മാർക്കു കുറച്ചു വാങ്ങാനോ ശ്രമിക്കില്ല. കുട്ടിയോടൊപ്പം സമയം ചെലവഴിച്ച്, സ്നേഹവും പിന്തുണയും നൽകുക. അവർക്കൊപ്പം രക്ഷിതാക്കളുണ്ടെന്ന ധൈര്യം മക്കൾക്ക് ഏറെ ആശ്വാസകരമാണ്. മുൻ കാലങ്ങളിലെ മികവുകൾ ചൂണ്ടിക്കാട്ടി പ്രോൽസാഹനം നൽകുകയും വേണമെന്നു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. നിത്യ സാറ ഏബ്രഹാം പറഞ്ഞു. 

‌പരീക്ഷണ കാലം

പരീക്ഷയ്ക്കു മാസങ്ങൾക്കു മുമ്പു തുടങ്ങുന്നുണ്ടു കുട്ടികളിലെ ഈ സമ്മർദം. മണിക്കൂറുകൾ പ്രത്യേക പരിശീലനം ഒരുക്കുന്ന സ്കൂളുകളും അധ്യാപകരും ...  പരീക്ഷാകാലത്ത് അവധിയെടുത്തു മക്കളുടെ പഠനത്തിനു കൂട്ടിരിക്കുന്ന രക്ഷിതാക്കൾ... ഇതെല്ലാം എന്തോ അപകടം പിടിച്ച സാഹചര്യത്തിലൂടെയാണു  കടന്നു പോകുന്നതെന്ന ചിന്തയാണു കുട്ടികളിൽ വളർത്തുക. ഇത് അവരിൽ മാനസിക സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കുന്നു. പ്രിയപ്പെട്ടവരുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ കഴിയില്ലെന്ന തോന്നൽ പഠനത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. അതിന്റെയെല്ലാം അന്തിമ ഘട്ടമാണു മേയ് മാസത്തിൽ ഫലം കാത്തുള്ള കുട്ടികളുടെ ഇരിപ്പ്. നമ്മുടെ അധ്വാനത്തെ, മാർക്കിന്റെ അഥവാ ഗ്രേഡിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള മാർഗം മാത്രമാണു പരീക്ഷകളെന്ന തിരിച്ചറിവാണു കുട്ടികൾക്ക് ആദ്യം വേണ്ടത്. വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറുന്നതു പരീക്ഷകളിലൂടെയാണ്, പിന്നിട്ട പടവുകളെ പോലെതന്നെ പുതിയ ചുവടുവയ്പായി പരീക്ഷാ ഫലത്തെ കാണണം. മൊബൈൽ ഗെയിമുകളിലൂടെയല്ല, ബുദ്ധി വളരുന്നത്. കായികാധ്വാനമുള്ള കളികളിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇടപെടണം. തലച്ചോറിന് ഉണർവേകാനും പ്രതിസന്ധി ഘട്ടങ്ങളെ സ്വയം നേരിടാനും അതു പ്രാപ്തരാക്കുമെന്നു ഡോ. ടി.ആർ. ജോൺ പറഞ്ഞു. 

അധ്യാപകരോടൊരു വാക്ക്

പരീക്ഷകൾക്കു മാത്രമല്ല, ജീവിതത്തിലെ സമ്മർദങ്ങൾ ചിരിച്ചു കൊണ്ടു നേരിടാനും കുട്ടികളെ പഠനകാലത്തേ പ്രാപ്തരാക്കണം. പോസിറ്റീവ് ആയ തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാൻ കുട്ടികളെ ചിന്തിപ്പിക്കുക; വേണ്ടി വന്നാൽ അവനു നേരായ വഴി കാട്ടിക്കൊടുക്കുക. പരീക്ഷാ കാലത്ത് അൽപം ഉത്കണ്ഠ ആവശ്യമാണ്. എങ്കിലേ നന്നായി പഠിച്ചൊരുങ്ങുകയുള്ളൂ. അൽപം സമ്മർദം ഓർമശക്തി, ഏകാഗ്രത, താൽപര്യം എന്നിവയെ ഉണർത്താൻ സഹായിക്കും. ഉത്കണ്ഠ അമിതമായാൽ നിസ്സാര കാര്യങ്ങൾ മൂലം ശ്രദ്ധ മാറിപ്പോകാൻ ഇടയുണ്ട്. ചെറിയ നിർദേശങ്ങൾ പോലും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ, ഉത്തരങ്ങൾ ഓർമിക്കാൻ കഴിയാത്ത വെപ്രാളം, എഴുതുമ്പോൾ ഓർമകളുടെ ഒഴുക്കു നിലയ്ക്കുന്ന അവസ്ഥ എന്നിവ കുട്ടികളിൽ വല്ലാത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കും. 

കുട്ടികൾക്ക് വിളിക്കാവുന്ന ചില നമ്പരുകൾ

1056  

കേരളത്തിൽ എവിടെ നിന്നു വേണമെങ്കിലും വിളിക്കാം. ആരോഗ്യ കേരളം പദ്ധതിയുടെ ആരോഗ്യ കിരണത്തിന്റെ ഭാഗമായാണു ദിശ എന്ന പേരുള്ള ഈ നമ്പർ. വിദ്യാർഥികൾക്ക് ആവശ്യമായ വിവരങ്ങൾ ഇവർ നൽകും. 24 മണിക്കൂറും ഈ സഹായ നമ്പർ പ്രവർത്തിക്കുന്നു. 

1098 

ചൈൽഡ് ലൈനിന്റെ നമ്പറാണിത്. എവിടെ നിന്നും എപ്പോഴും വിളിക്കാം. കുട്ടികളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ ബന്ധപ്പെടാം. പരീക്ഷാ വേളയിൽ ഉത്കണ്ഠകൾ മാറ്റാനുള്ള സൗകര്യവും ഇവിടെയുണ്ട്. 

18004255198 

ഹയർ സെക്കൻഡറി വകുപ്പിന്റെ ടോൾ ഫ്രീ നമ്പറാണ്. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു വിളിക്കാം. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ വിളിക്കാൻ പറ്റൂ. 

1800118002

സിബിഎസ്ഇയുടെ പരിക്ഷാ ഹെൽപ് ലൈൻ നമ്പറാണിത്. കേവലം ഉത്കണ്ഠയ്ക്കു പുറമെ പരീക്ഷ സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ട്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA