Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യമുള്ള തൈറോയ്ഡിനായി ചില നുറുങ്ങുകൾ

thyroid

കഴുത്തിനു മുന്നിൽ സ്ഥിതി ചെയ്യുന്ന വില്ലുപോലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, ശരീരഭാരം ഇവയെല്ലാം നിയന്ത്രിക്കാൻ ആവശ്യമായ ഹോർമോൺ ഉല്പ്പാദിപ്പിക്കുന്നത് തൈറോയ്ഡ് ആണ്. 

ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്നിവ തൈറോയ്ഡ് പ്രവർത്തന തകരാർ മൂലം വരുന്ന രോഗങ്ങളാണ്. തൈറോയ്ഡിന്റെ പ്രവർത്തനം കുറയുന്നതാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് ശരീരഭാരം കൂടാൻ കാരണമാകും. തൈറോയ്ഡിന്റെ അമിത പ്രവർത്തനം  (ഹൈപ്പർ തൈറോയ്ഡിസം), ശരീരഭാരം കുറയാൻ കാരണമാകും. ഈ രണ്ട് അവസ്ഥകളും ആരോഗ്യത്തിനു നല്ലതല്ല. 

ഹോർമോൺ ഇംബാലൻസ്, സ്ട്രെസ്സ്, കുടുംബ ചരിത്രം, ബാക്ടീരിയൽ ഇൻഫ്ലമേഷൻ, ഓട്ടോ ഇമ്മ്യൂൺ പ്രശ്നങ്ങൾ ഇവയെല്ലാം തൈറോയ്ഡിനു കാരണമാകും. തൈറോയ്ഡ് വൈകല്യങ്ങൾ തടയാനും നിയന്ത്രിക്കാനും സാധിക്കും. തൈറോയ്ഡ് പ്രശ്നങ്ങൾ വളരെ സാധാരണമാണെന്നും 30 ശതമാനം പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ വരാമെന്നും വിദഗ്ധർ പറയുന്നു.   

ആരോഗ്യമുള്ള തൈറോയ്ഡിനായി 

1. സമീകൃതാഹാരം 

ആരോഗ്യമുള്ള തൈറോയ്ഡ് വേണമെങ്കിൽ ഏറ്റവും പ്രധാനം സമീകൃതാഹാരം ശീലിക്കുക എന്നതാണ്. ഓട്ടോ ഇമ്യൂൺ സംവിധാനങ്ങളിൽ 70 ശതമാനവും കുടലിനെ ആശ്രയിച്ചിരിക്കും. അനാരോഗ്യകരമായ ഭക്ഷണ രീതി തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കും. കുടലിലെ വീക്കം തൈറോയ്ഡ് പ്രശ്നങ്ങളിലേക്കു നയിക്കും. ഇത് തടയാൻ മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടർന്നാൽ മതി. ദിവസം നാലോ അഞ്ചോ തവണ പച്ചക്കറികളും മൂന്നു മുതൽ നാലു വരെ തവണ പഴങ്ങളും കഴിക്കുക. ഒപ്പം പ്രോട്ടീൻ കുറഞ്ഞ സാൽമൺ, ചിക്കൻ മുതലായവയും  ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയിൽ, വെളിച്ചെണ്ണ, നട്ട് ബട്ടർ, വെണ്ണപ്പഴം ഇവയും കഴിക്കാം. 

2. പ്രോസസ്ഡ് ഫുഡിനോട് നോ പറയാം

പഞ്ചസാര, നിറങ്ങൾ, കൃത്രിമ രുചികൾ, കൃത്രിമ മധുരങ്ങൾ ഇവയെല്ലാമടങ്ങിയ സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ വേണ്ടേ വേണ്ട. ഫാറ്റ് ഫ്രീ, ഷുഗർ ഫ്രീ, ലോ ഫാറ്റ് ഫുഡ് ഈ ലേബലുകളും ഒഴിവാക്കണം. ഇത്തരം ഭക്ഷണങ്ങൾ വീക്കമുണ്ടാക്കുകയും തൈറോയ്ഡ് പ്രശ്നങ്ങൾക്കു  കാരണമാകുകയും ചെയ്യും. 

3. കാബേജും കോളിഫ്ലവറും

കാബേജ്, കോളിഫ്ലവർ ഇവ വേവിക്കാതെ കഴിക്കരുത്. പച്ചയ്ക്കു കഴിച്ചാൽ ഇവയിലടങ്ങിയ ചില രാസവസ്തുക്കൾ തൈറോയ്ഡിനു ദോഷം ചെയ്യും. ആവിയിൽ വച്ചോ വേവിച്ചോ ഇവ കഴിക്കുന്നത് പോഷകഗുണങ്ങൾ കൂട്ടും. ആന്റി ഓക്സിഡന്റുകൾ നിറഞ്ഞ ഇവ അർബുദം തടയാനും കഴിവുള്ളവയാണ്. 

4. മെലിഞ്ഞിരുന്നാൽ

തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊണ്ണത്തടിയും ഒരു ഘടകമാണ്. ആരോഗ്യമുള്ള തൈറോയ്ഡിനായി മെലിഞ്ഞിരിക്കുന്നതാണ് നല്ലത്. ബോഡിമാസ് ഇൻഡക്സ് നാൽപ്പതോ അതിനു മുകളിലോ ഉള്ളവർക്ക് തൈറോയ്ഡിന്റെ പ്രവർത്തനം കുറവായിരിക്കും. പൊണ്ണത്തടിക്ക് തൈറോയ്ഡുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും തൈറോയ്ഡുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഒരു കാരണമാണത്. ആരോഗ്യ ഭക്ഷണം ശീലമാക്കി ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.

5. സ്ത്രീകളിലെ ഹോർമോൺ സന്തുലനം

ഗർഭിണികളിലും ആർത്തവ വിരാമം വന്ന സ്ത്രീകളിലും ഹോര്‍മോൺ  വ്യതിയാനം മൂലം തൈറോയ്ഡ് പ്രശ്നങ്ങൾക്കുള്ള  സാധ്യത കൂടുതലാണ്. ഈസ്ട്രജന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു കാരണം. ഗർഭിണികളിൽ ഈസ്ട്രജന്റെ അളവ് കൂടുന്നു. ആർത്തവ വിരാമം വന്ന സ്ത്രീകളിൽ ഈസ്ട്രജന്‍ കുറയുന്നു. 

6. അയഡിന്റെ അളവ്

അയഡിന്റെ അഭാവം തൈറോയ്ഡിനു കാരണമാകും. സീ ഫുഡ്, കാബേജ്, കോളിഫ്ലവർ, അയഡിൻ ചേർന്ന ഉപ്പ് ഇവ ശീലമാക്കാം. 

‌‌7. വ്യായാമം

പ്രായമാകുന്തോറും ഉപാപചയപ്രവർത്തനങ്ങൾ സാവധാനത്തിലാകും. ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനുള്ള മികച്ച മാർഗമാണ് വ്യായാമം. 

Read More : Health and Wellbeing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.