ഒരുനേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ സംഭവിക്കുന്നത്?

831092628
SHARE

നമ്മളെല്ലാവരും ഇടയ്ക്കെങ്കിലും ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നിട്ടുണ്ട് ശരിയല്ലേ? ചിലപ്പോൾ ഭക്ഷണം കഴിക്കാൻ സമയം കിട്ടാത്തതുകൊണ്ടാകാം. അല്ലെങ്കിൽ ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭക്ഷണം ഒഴിവാക്കുന്നതുമാകാം. ഭക്ഷണം കഴിക്കാതിരുന്നാൽ വിശക്കും. ഊർജ്ജം കുറയുകയും ചെയ്യും. ഇതു മാത്രമാണോ സംഭവിക്കുന്നത്? ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു മുതൽ ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥ വരെ നിരവധി പ്രശ്നങ്ങൾക്കു കാരണമാകാം.

ശ്രദ്ധ കുറയും– നമ്മുടെ തലച്ചോർ ഗ്ലൂക്കോസിന്റെ ബലത്തിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ ശ്രദ്ധിക്കാനുള്ള കഴിവും ഇല്ലാതാകും. 

വിശപ്പ്– വിശക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ? അസ്വസ്ഥരാകാറുണ്ടോ? ശ്രദ്ധ പോലെ തന്നെ നമ്മുടെ മാനസിക നില (mood) യേയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കും. ഭക്ഷണം തുടർച്ചയായി ഒഴിവാക്കിയാൽ സ്വഭാവത്തിൽ മാറ്റം വരും. ഉത്കണ്ഠപ്പെടാനും തുടങ്ങും. 

ശരീരഭാരം കൂടും– ഒരു നേരം ഭക്ഷണം ഒഴിവാക്കിയാൽ പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ ആവും അവസാനിക്കുക. വിശപ്പ് സഹിക്കാൻ കഴിയാതെ അമിതമായി കഴിക്കും. ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ഒരു നേരം ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളെ സഹായിക്കില്ല.

ഭക്ഷണം ഒഴിവാക്കിയാൽ ഉപാപചയ പ്രവർത്തനം സാവധാനത്തിലാകും. വളരെ കുറച്ച് കാലറി മാത്രമേ ഉണ്ടാകൂ. ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകുന്നത് ഭാരം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുന്നത്. 

തലചുറ്റൽ – ഭക്ഷണം ഒഴിവാക്കുന്നത് ശീലമാക്കിയാൽ ക്ഷീണം ഉണ്ടാകുകയും തലചുറ്റൽ അനുഭവപ്പെടുകയും ചെയ്യും. 

സ്ട്രെസ്സ് – ശരീരം കോർട്ടിസോളിന്റെ ഉൽപാദനം കൂട്ടുക വഴി സ്ട്രെസ്സ് ഉണ്ടാകും. 

ഒരു കാര്യം ഒാർക്കുക ഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കുറയുകയില്ലെന്നു മാത്രമല്ല മറ്റ് പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക, ലഘുവായി ഭക്ഷിക്കുക, വ്യായാമം ചെയ്യുക ഇത് ശരീരഭാരം കുറയാൻ നിങ്ങളെ സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA