sections
MORE

ഇനി വീട്ടിൽ സ്ഥലം തികയുന്നില്ലെന്ന പരാതി വേണ്ട, പരിഹാരം ഇതാ...

bedroom-interior
SHARE

വേണ്ടതും വേണ്ടാത്തതുമെല്ലാം അടുക്കി വയ്ക്കാൻ പറ്റുന്ന ഡ്രോയറും വാഡ്രോബും മുറികൾ നീളെ പണിതുണ്ടാക്കുന്നതിലല്ല കാര്യം. ആവശ്യമുള്ള മിനിമം സാധനങ്ങൾ ഏറ്റവും സൗകര്യപ്രദമായി സൂക്ഷിക്കാൻ സ്ഥലമൊരുക്കുന്ന സ്മാർട്ട് സ്റ്റോറേജിലാണ്. കിടപ്പുമുറിയിൽ ഫലപ്രദമായി സ്‌റ്റോറേജ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം...

∙ ബെഡ്റൂമിനും ടോയ്‌ലറ്റിനും ഇടയിൽ ഡ്രസിങ് ഏരിയ നൽകി അവിടെ വാഡ്രോബുകൾ കൊടുക്കുന്നതാണ് നല്ലത്. കാരണം തുണികൾ വലിച്ചു വാരി കട്ടിലില്‍ ഇടാതിരിക്കാനും അധികം വലുപ്പമില്ലാത്ത കിടപ്പുമുറികളിൽ സ്ഥലം ലാഭിക്കാനും ഇതുപകരിക്കും.

∙ ബെഡ്റൂമിലെ ജനാലപ്പടിക്കടുത്ത് അത്രയും വീതിയിൽത്തന്നെ ഇരിപ്പിടമൊരുക്കുകയാണെങ്കിൽ ബാൽക്കണിയുടെ സ്പേസ് ഒഴിവാക്കാം. ഈ ഇരിപ്പിടങ്ങളില്‍ കുഷനുകളിട്ട് ഭംഗിയാക്കി താഴെ കബോർഡുകളായി മാറ്റുകയും ചെയ്യാം. കിടക്കവിരികളോ തലയണയുറകളോ അവിടെ വയ്ക്കാം.

184138811

∙ കട്ടിലില്‍ ഹെഡ്റെസ്റ്റ് പിടിപ്പിക്കുക. വലിച്ച് തുറക്കാവുന്ന ഡ്രോകൾ രണ്ടുവശത്തും പിടിപ്പിക്കാം. മുകളിലത്തെ വലിപ്പിൽ മൊബൈൽ ചാർജർ, മരുന്നുകൾ, മാസികകൾ തുടങ്ങിയവ സൂക്ഷിക്കാം. കിടക്കയുടെ കാലിന്റെ ഭാഗത്തായി ഒരു ബെഞ്ചോ രണ്ട് സ്റ്റൂളുകളോ സെറ്റ് ചെയ്ത് സ്റ്റോറേജ് ഒരുക്കുകയാണെങ്കിൽ ഉപയോഗിക്കാത്ത കുഷനുകളും ബ്ലാങ്കറ്റുമെല്ലാം സൂക്ഷിക്കാം. കട്ടിലിനു താഴെ ഡ്രോയറുകൾ നൽകി ബെഡ്ഷീറ്റ്, കുഷനുകൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം നൽകാം.

bedroom

∙ മൾട്ടി ഫങ്ഷനൽ ഫർണിച്ചര്‍ വാങ്ങുകയാണെങ്കിൽ ആവശ്യമില്ലാത്തപ്പോൾ സ്റ്റോറേജായും ആവശ്യമുള്ളപ്പോൾ വലിച്ചു നീക്കി ബെഡ് ആയും ഉപയോഗിക്കാം. ഉള്ളിൽ സ്റ്റോറേജുള്ള ലിഫ്റ്റബിൾ ബെഡ് ആണെങ്കില്‍ കമ്പിളി പുതപ്പുകൾ, ഷീറ്റുകൾ, തലയണകൾ എന്നിവ സൂക്ഷിക്കാം. ഓരോ മുറിയിലേക്കുള്ളത് അതത് ബെഡ് സ്റ്റോറേജിൽ സൂക്ഷിക്കുകയാണെങ്കിൽ പരതി നടന്ന് ബുദ്ധിമുട്ടേണ്ടി വരില്ല.

∙ സ്റ്റോറേജ് ഇല്ലാത്ത കട്ടിലാണെങ്കിൽ അടിയിലേക്ക് തള്ളി വയ്ക്കാവുന്ന ചക്രങ്ങളുള്ള മൂന്ന് പ്ലാസ്റ്റിക് ബോക്സുകൾ വാങ്ങി അതിൽ സാധനങ്ങൾ വച്ചാലും മതി.

∙ ബെഡ്റൂമിനോട് ചേർന്നുള്ള ടോയ്‌ലറ്റുകളുടെ ഉയരം കുറച്ച്, ഇതിനു മുകളിലായി സീലിങ്ങിൽ മുട്ടി നിൽക്കുന്ന പാകത്തിൽ ലോഫ്റ്റുകൾ നിർമിക്കുക. ഇതിനോട് ചേർന്ന് ലാഡർ പോലെയുള്ള ഷെൽഫുകൾ നിർമിച്ചാൽ ഒരേ സമയം സാധനങ്ങൾ സൂക്ഷിക്കുകയും മുകളിലെ ലോഫ്റ്റുകളിലേക്കുള്ള പടികളായും ഉപയോഗിക്കുകയും ചെയ്യാം.

kids-bedroom

∙ വലിയ വാഡ്രോബുകളിൽ ആറടി ഉയരം വരെ മാത്രം വസ്ത്രങ്ങൾ സൂക്ഷിക്കുക. അതിനു മുകളിലേക്കുള്ള സ്ഥലം കർട്ടനുകൾ, തലയണകൾ, സ്വറ്ററുകൾ, ട്രാവൽ ബാഗുകൾ തുടങ്ങിയവ സൂക്ഷിക്കാൻ ഉപയോഗിക്കാം. സാരി, പാന്റ്സ്, ടൈ, ടവൽ എന്നിവയൊക്കെ സൂക്ഷിക്കാൻ വാഡ്രോബിൽ വയ്ക്കാവുന്ന പ്രത്യേകം ഫിറ്റിങ്സ് വിപണികളിൽ ലഭ്യമാണ്. വാതിലിന്റെ ഉൾവശത്ത് കൊളുത്തുകൾ പിടിപ്പിക്കുകയാണെങ്കിൽ ബെൽറ്റ്, ബാഗ്, ടൈ, കുട എന്നിവ ഇവിടെ സൂക്ഷിക്കാം. അടിവസ്ത്രങ്ങൾ, ടവൽ, സോക്സ് തുടങ്ങിയവ ചൂരൽ ബാസ്ക്കറ്റുകളിലോ പ്ലാസ്റ്റിക് ട്രേകളിലോ ഇട്ടു വയ്ക്കുക. വ്യത്യസ്ത ട്രേകളിലായാൽ വളരെ പെട്ടെന്ന് കണ്ടുപിടിക്കാം. കബോർഡുകളിലെ ഡ്രോയിൽ ഒരെണ്ണം പാന്റ്സ്, സ്റ്റോൾ തുടങ്ങിയവ ചുളിയാതെ തൂക്കിയിടാനായി അഴികൾ പിടിപ്പിക്കാം.

∙ കബോർഡിന്റെ വാതിലില്‍ ഒരു സ്റ്റീൽ റോഡിൽ നിറയെ എസ് ഹുക്കുകൾ ഇടുകയാണെങ്കിൽ പാന്റ്സ് അതിൽ കൊളുത്തിയിടാം. ഉപയോഗിച്ച വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കിയിടാനുള്ള സൗകര്യം വാഡ്രോബിൽ തന്നെ നൽകണം. ഇതിനുപയോഗിക്കുന്ന അറയുടെ വാതിലുകൾക്ക് ലൂവര്‍ ഡിസൈൻ നൽകിയാൽ വായുസഞ്ചാരം ലഭിക്കുന്നതുകൊണ്ട് ദുർഗന്ധം ഒഴിവാകും. ഒരു വലിയ മാഗ്നെറ്റ് കബോർഡിനകത്തോ പുറത്തോ പിടിപ്പിക്കുകയാണെങ്കിൽ സേഫ്റ്റിപിൻ, സ്ലൈഡ് എന്നിവ അതിൽ പിടിപ്പിക്കാം.

dicaprio-home-bedroom

∙ ഡ്രസ്സിങ് ടേബിളിൽ ഒരു ബാസ്ക്കറ്റ് വച്ച് അതിൽ ക്രീം, ലോഷൻ, പെർഫ്യൂം തുടങ്ങിയവ സൂക്ഷിക്കാം. ഷൂ ബോക്സുകളിൽ എഗ്ഗ് കാർട്ടനുകൾ വച്ച് ഭംഗിയാക്കിയാൽ ഓരോന്നിലായി കമ്മലുകൾ ഇട്ടു വയ്ക്കാം. ചുവരിൽ ഒരു കീ ഹോൾഡർ സ്ഥാപിച്ച് മാലകൾ അതിൽ തൂക്കിയിട്ടാൽ ഒറ്റനോട്ടത്തിൽ എല്ലാം കാണാനും ആവശ്യമുള്ളവ പെട്ടെന്ന് എടുക്കാനും സാധിക്കും.

wardrobe

∙ ഒരു ഹാങ്ങറിൽ ഷവർ കർട്ടനിലുപയോഗിക്കുന്നതുപോലെയുള്ള റിങ്ങുകളെടുത്ത് സെറ്റ് ചെയ്യുകയാണെങ്കിൽ ടോപ്പും ഷോളും അതിൽ തൂക്കാം. ഹാങ്ങറിൽ തന്നെ സ്റ്റോള്‍ കെട്ടിയിടുകയാണെങ്കിൽ എളുപ്പത്തിലെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA