sections
MORE

ഞാൻ പ്രകാശനിലെ ടീനമോളുടെ വീട്ടുവിശേഷങ്ങൾ

devika-sanjay
SHARE

ക്രിസ്മസ് റീലിസായി എത്തി തിയറ്ററിൽ നിറഞ്ഞോടുകയാണ് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശൻ' എന്ന സിനിമ. ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് പ്രേക്ഷകരുടെ മനം നിറച്ചാണ് കടന്നുപോയത്. ഒരു പുതുമുഖത്തിന്റെ യാതൊരു പേടിയുമില്ലാതെ അഭിനയിച്ചു തകർത്ത ദേവിക ഇപ്പോൾ കുട്ടിത്താരമായി മാറിയിരിക്കുകയാണ്. സംവിധായകൻ കമലിന്റെ അടുത്ത ചിത്രം, നിധിൻ രഞ്ജി പണിക്കറിന്റെ പുതിയ ചിത്രം എന്നിവയിൽ ദേവികയ്ക്ക് അവസരം ലഭിച്ചുകഴിഞ്ഞു. ദേവിക തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കുടുംബം... 

കോഴിക്കോട് കൊയിലാണ്ടിയാണ് എന്റെ സ്വദേശം. അച്ഛൻ സഞ്ജയ് സോഫ്റ്റ്‌വെയ‍ർ എൻജിനീയറാണ്. അമ്മ ശ്രീലത കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്‌ളാസിലാണ് ഇപ്പോൾ പഠിക്കുന്നത്. അനിയൻ ദേവാനന്ദ് ഏഴാം ക്‌ളാസിൽ പഠിക്കുന്നു. ഇടയ്ക്ക് ഞങ്ങൾ തമ്മിൽ അടിപിടിയൊക്കെ ഉണ്ടാകുമെങ്കിലും രണ്ടുപേരും ഭയങ്കര കൂട്ടാണ്.

ഓർമയിലെ വീട്...

devika-tharavad
തറവാട് വീട്

തീരെ കുഞ്ഞായിരുന്നപ്പോൾ ഞങ്ങൾ അച്ഛന്റെ തറവാട്ടിലായിരുന്നു താമസം. ഒത്തിരി വർഷങ്ങൾ പഴക്കമുള്ള വീടാണ്. 2007 ൽ വീട് പുതുക്കിപ്പണിതു. പുതിയ മുറികൾ കൂട്ടിച്ചേർത്തു. തറവാട് വീടിന്റെ സമീപം തന്നെയാണ് 2014ൽ അച്ഛൻ വീട് വച്ചത്. രണ്ടുനില വീട്ടിൽ നാലു കിടപ്പുമുറികളുണ്ട്. മുറ്റത്തു ധാരാളം മരങ്ങളുണ്ട്. 

devika-sanjay-home
ദേവികയുടെ വീട്

അച്ഛന് ഒരു പെങ്ങളാണ്. വല്യമ്മയും കുടുംബവുമാണ് ഇപ്പോൾ തറവാട്ടിൽ താമസിക്കുന്നത്. അതുകൊണ്ട് മുത്തച്ഛനും മുത്തശ്ശിയും കസിൻസുമൊക്കെ ഒരുമിച്ചുള്ളത് സന്തോഷമാണ്.

പാളിപ്പോയ കലാസൃഷ്ടി...

എന്റെ മുറിയാണ് എന്റെ ഫേവറിറ്റ് കോർണർ. എല്ലാ കുരുത്തക്കേടുകളും അരങ്ങേറുന്നത് അവിടെയാണ്. എനിക്ക് പെയിന്റിങ് ഭയങ്കര ഇഷ്ടമാണ്. ചില സിനിമയിലൊക്കെ നായകനും നായികയും വീട് തനിയെ പെയിന്റ് അടിക്കുന്നത് കണ്ട് ഞാനും ഒരു പരീക്ഷണത്തിനിറങ്ങി. അന്ന് വീട് പെയിന്റ് അടിച്ചിട്ട് അധികം കാലമായിട്ടില്ല, എന്നിട്ടും ഞാൻ കുറച്ച് സ്പ്രേ പെയിന്റ് മേടിച്ച് എന്റെ മുറിയിൽ ചില കലാസൃഷ്ടികൾ നടത്തി. 'മൈ ലൈഫ് മൈ റൂൾസ്' എന്നൊക്കെ എഴുതിവച്ചു. എന്റെ കലാസൃഷ്ടി കാണാൻ മുറിയിലേക്ക് കയറിവന്ന അമ്മ വീടിന്റെ കോലം കണ്ട് അന്തംവിട്ടു. തല്ലുകൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽമതിയല്ലോ! പിന്നെ അമ്മ ഒരു പെയിന്ററെ കൊണ്ടുവന്നു വീണ്ടും മുറി പെയിന്റ് ചെയ്യിച്ചു. അതിനുശേഷം ക്യാൻവാസിൽ മാത്രമാണ് എന്റെ കലാസൃഷ്ടികൾ. ഇന്റീരിയർ ഡിസൈൻ താൽപര്യമുള്ള കാര്യമാണ്. ഞാൻ വരച്ച പെയിന്റിങ്‌സ് തന്നെയാണ് എന്റെ മുറി അലങ്കരിക്കുന്നത്.

പ്രകാശനെ വട്ടം ചുറ്റിച്ച വീട്....

devika-fahad

കൊച്ചി ഞാറയ്ക്കലാണ് 'ഞാൻ പ്രകാശൻ' സിനിമയിൽ കാണിക്കുന്ന ആ വീട്. ഒരുപാട് മുറികളുണ്ട് ആ വീട്ടിൽ, അവയെ ബന്ധിപ്പിച്ചു കൊണ്ട് ഇടനാഴികളും. വിശാലമായ അകത്തളമാണ്. അതുകൊണ്ടായിരിക്കും അവിടുത്തെ ഫാനുകൾക്ക് സാധാരണ വീടുകളിൽ ഉള്ളതിനേക്കാൾ വലുപ്പം കൂടുതലാണ്. മേരി ആന്റിയും അങ്കിളുമാണ് അതിന്റെ ഉടമസ്ഥർ. ഉച്ചയ്ക്കും നല്ല തണുപ്പാണ് വീട്ടിൽ, അതുകൊണ്ട് അകത്തേക്ക് കയറുമ്പോൾത്തന്നെ ഉറങ്ങാൻ തോന്നും. മേരി ആന്റിക്ക് ഗാർഡനിങ് വലിയ ഇഷ്ടമാണ്. ആ വീടിന്റെ മുക്കിലും മൂലയിലും ചെറിയ ചെടികൾ വച്ചിട്ടുണ്ട്. ഞാനും ഫഹദിക്കയും ആ വീടിന്റെ മുറ്റത്ത് ഷട്ടിൽ കളിക്കുമായിരുന്നു. വീട്ടിലും ഞാൻ സിനിമയിലെ ടീന മോളെ പോലെത്തന്നെയാണ്. അതുകൊണ്ട് സിനിമയിൽ അധികം അഭിനയിക്കേണ്ടി വന്നില്ല.

എനിക്കുമുണ്ട് ഒരു ഡ്രീംഹോം..

devika-sanjjay

ഭാവിയിൽ ഒരു വീട് വയ്ക്കുകയാണെങ്കിൽ എനിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. ധാരാളം പച്ചപ്പുള്ള, കാറ്റും വെളിച്ചവും കയറുന്ന വീട് വേണം എന്നാണ് ആഗ്രഹം. പിന്നെ ഒരുമിച്ചിരുന്നു സംസാരിക്കാൻ ഒരുപാടിടങ്ങൾ വേണം. ഒരു ഡിജെ റൂം, ഹോം തിയറ്റർ, മ്യൂസിക് റൂം, ചെറിയ ഒരു ജിം എന്നിവ ഉറപ്പായും വേണം. ഭാവിയിൽ ഞാൻ അതെല്ലാം സാധ്യമാക്കുമായിരിക്കും. നമ്മൾ ഒരു കാര്യം ഭയങ്കരമായി ആഗ്രഹിച്ചാൽ അത് നമ്മളെ തേടി വരും എന്നല്ലേ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN SPOT LIGHT
SHOW MORE
FROM ONMANORAMA