കറവപ്പശുവിനു കാൽസ്യപ്പൊടി

Gaushala - Cow Shelter
SHARE

ഡോ. സി.കെ. ഷാജു, പെരുവ സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ.

ഫോൺ: 9447399303

എന്റെ കറവപ്പശുവിന് പതിവായി കക്കാ നീറ്റിയതിന്റെ തെളിനീര് (ചുണ്ണാമ്പുവെള്ളം) കൊടുക്കുന്നുണ്ട്. ഇതിൽനിന്നു കാൽസ്യം വേണ്ടത്ര കിട്ടുകയില്ലേ. കാൽസ്യത്തിന്റെ പൊടി പ്രത്യേകം നൽകേണ്ടതുണ്ടോ?

കെ. മോഹൻകുമാർ, കുമാരനല്ലൂർ

പശുവിന് പാലുൽപാദനത്തിനായി ഏറ്റവും ആവശ്യമുള്ള ഘടകമാണ് കാൽസ്യം. കാൽസ്യത്തിനൊപ്പം ഫോസ്ഫറസ് 2:1 എന്ന അനുപാതത്തിൽ നൽകിയെങ്കിൽ മാത്രമേ കാൽസ്യത്തിന്റെ ആഗിരണം നടക്കുകയുള്ളൂ. ചുണ്ണാമ്പുവെള്ളത്തിൽ കാൽസ്യം മാത്രമേയുള്ളതിനാൽ അതിലൂടെ കാൽസ്യക്കമ്മി നികത്താനാകുമെന്നു തോന്നുന്നില്ല. ചുണ്ണാമ്പുവെള്ളത്തിനു ക്ഷാരസ്വഭാവം ഉള്ളതിനാൽ അമിതമായി നൽകുന്നതുമൂലം ആമാശയത്തിലെ അമ്ലക്ഷാരനില (പിഎച്ച് മൂല്യം) വ്യത്യാസപ്പെടാൻ ഇടയുണ്ട്. ഒരു പശുവിനു കാൽസ്യത്തിന്റെ ആവശ്യം എത്ര എന്നു നോ

ക്കാം. 15 ലീറ്റർ പാൽ നൽകുന്ന സങ്കരയിനം പശുവിന് ശരീരത്തിന്റെ പ്രവർത്തനത്തിനായി 18 ഗ്രാം കാൽസ്യവും 14 ഗ്രാം ഫോസ്ഫറസും വേണം. പാലുൽപാദനത്തിനായി 40 ഗ്രാം കാൽസ്യവും 30 ഗ്രാം ഫോസ്ഫറസും അധികമായി വേണം. (ഒരു ലീറ്റർ പാലിൽ 2.7 ഗ്രാം കാൽസ്യവും 2 ഗ്രാം ഫോസ്ഫറസും എന്ന തോതിൽ) അങ്ങനെ മൊത്തം 58 ഗ്രാം കാൽസ്യവും 44 ഗ്രാം ഫോസ്ഫറസും ആവശ്യമുണ്ട്.

ഇത്രയും കാൽസ്യത്തിന്റെ ഒരു പങ്ക് കാലിത്തീറ്റയിൽ നിന്നും പച്ചപ്പുല്ലിൽനിന്നുമായി ലഭിക്കും. തീറ്റയിലെ ചില ഘടകങ്ങൾ കാൽസ്യത്തിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു. ചെറുകുടലിൽനിന്നു കാൽസ്യം വലിച്ചെടുക്കുന്നതിന് അമ്ലാവസ്ഥ ആവശ്യമാണ്. തീറ്റയിലൂടെ നൽകുന്ന കാൽസ്യം കുറയുമ്പോൾ എല്ലിൽനിന്നു കാൽസ്യം വലിച്ചെടുക്കും. കാൽസ്യത്തിന്റെ ആഗിരണത്തിന് വിറ്റമിൻ ഡിയുടെ കുറവു നികത്താന്‍ വെയിലു കൊള്ളിക്കുന്നതു നന്ന്. പശുക്കളുടെ പാലുൽപാദനത്തിനും പ്രത്യുൽപാദനത്തിനും ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ, എൻസൈമുകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും അയോഡിൻ, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സൾഫർ, പൊട്ടാസ്യം, സോഡിയം എന്നിവയൊക്കെ ആവശ്യമുണ്ട്. അതിനാൽ ധാതുലവണ മിശ്രിതം കറവപ്പശുക്കൾക്ക് പാലുൽപാദനത്തിന് ആനുപാതികമായി 100–200 ഗ്രാം വരെ നൽകണം. മൃഗാശുപത്രി വഴി സൗജന്യമായി കേരാമിൻ എന്ന ധാതുലവണ മിശ്രിതം വിതരണം ചെയ്തുവരുന്നുണ്ട്.

പശുക്കളെ വാങ്ങാൻ ധനസഹായംഎട്ടു സെന്റ് സ്ഥലവും വീടുമുള്ള എനിക്ക് ഉപജീവനത്തിനായി രണ്ടു കറവപ്പശുക്കളെ വാങ്ങി വളർത്തണമെന്നുണ്ട്. തൊട്ടടുത്തുള്ള വീടുകളിൽനിന്നു പശുക്കളെ വാങ്ങാൻ ബാങ്ക് വായ്പ കിട്ടുമോ. പശുക്കളെ അയൽസംസ്ഥാനങ്ങളിൽനിന്നു വാങ്ങിയാൽ സബ്സിഡി ലഭിക്കുമെന്ന് കേൾക്കുന്നു. പുറമേനിന്നു പശുക്കളെ കൊണ്ടുവന്നാൽ പാൽ കുറയുമോ.

എം. പ്രസീദ്, മലപ്പുറംപശുക്കളെ വാങ്ങുന്നതിനു ബാങ്ക് വായ്പ നൽകുന്നുണ്ട്. ഇ പ്പോൾ മുദ്ര പദ്ധതിവഴി കർഷകർക്ക് മറ്റ് ഈടുകളില്ലാതെ വായ്പ എടുക്കാൻ പറ്റുമെന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത ബാങ്കുമായി ബന്ധപ്പെടുക. പാൽ വിപണനം നടത്തുന്ന ക്ഷീരസംഘം, പശുക്കളെ ചികിത്സിക്കുന്ന മൃഗാശുപത്രിയുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടു പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ നൽകണം. ഇതിനു വെറ്ററിനറി ഡോക്ടറുടെ സഹായം തേടാം.തൊഴുത്തുനിർമാണച്ചെലവ്, പശുക്കളുടെയും ഉപകരണങ്ങളുടെയും വില എന്നിവ സ്ഥിരമൂലധനമായും തീറ്റച്ചെലവ്, ആവർത്തനച്ചെലവായും കണക്കാക്കണം. പശുക്കളെ ഇൻഷുർ ചെയ്യേണ്ട തുകയും മരുന്നുകൾക്കാവശ്യമായ പണവും ആവർത്തനച്ചെലവുകളായി കണക്കാക്കണം. പാലിന്റെയും ചാണകത്തിന്റെയും വില വരവായും കണക്കാക്കിയാണ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നത്. പശുവളർത്തൽ സംബന്ധിച്ച് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പുകൾ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത് ഏറെ ഗുണം ചെയ്യും.

മിൽക്ക് ഷെ‍ഡ് പദ്ധതിയിൽപ്പെടുത്തി ക്ഷീരവികസന വകുപ്പ് 2, 5, 10 പശുക്കൾ വീതമുള്ള യൂണിറ്റുകൾക്ക് യഥാക്രമം 15,000, 50,000, 80,000 എന്ന തോതിൽ ധനസഹായം നൽകും. ഇതിനായി തൊട്ടടുത്തുള്ള ക്ഷീരവികസന ഓഫിസുമായി ബന്ധപ്പെടണം. പശുക്കളെ അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്കു കൊണ്ടുവരുമ്പോൾ പാൽ കുറയാം. കാലാവസ്ഥയിലും തീറ്റയിലും പെട്ടെന്നുള്ള മാറ്റങ്ങളാണ് ഇതിനു കാരണം. അന്യസംസ്ഥാനത്തു നൽകുന്ന തീറ്റ എന്താണെന്ന് അറിഞ്ഞ് അതേ തീറ്റതന്നെ നാട്ടിൽ വന്നതിനുശേഷം നൽകി ക്രമേണ തീറ്റയിൽ മാറ്റം വരുത്തുക. യാത്രയിലെ സമ്മർദം കുറയ്ക്കാൻ രാത്രിയിൽ മാത്രം വാഹനത്തിൽ കൊണ്ടുവരിക, മരുന്നുകൾ നൽകുക, വൈദ്യപരിശോധന നടത്തി ആവശ്യമായ മുൻകരുതലുകളെടുത്താൽ പാലുൽപാദനം കുറയുന്നത് ഒഴിവാക്കാം.പശുവിനായി തീറ്റപ്പുല്ല് സ്വന്തമായി വളർത്തണം. ഒരു പശുവിന് അഞ്ചു സെന്റ് എന്ന തോതിൽ നേപ്പിയർ ഇനം പുല്ല് കൃഷി ചെയ്യുക. പച്ചപ്പുല്ല് നൽകിയാൽ പശുവളർത്തൽ ലാഭകരമാക്കാം. പശുക്കളിലെ രോഗസാധ്യതയും കുറയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA