അനായാസം ആദായം ആടുവളർത്തൽ

hitech-goat-farm
SHARE

കുറഞ്ഞ മുതൽമുടക്കും പരിപാലനച്ചെലവും മുതൽ വിപണിയിലെ വൻ ഡിമാൻഡും ഉയർന്ന വിലയും വരെ അനുകൂല ഘടകങ്ങൾ

പരിതസ്ഥിതികളോട് വേഗം ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുകൊണ്ടും ഇടത്തരം കർഷകരുടെ സാമ്പത്തിക പരിമിതികൾക്ക് അനുയോജ്യമായതുകൊണ്ടും സ്വർണം പോലെ എപ്പോൾ വേണമെങ്കിലും പണമാക്കിമാറ്റാൻ കഴിയുമെന്നതുകൊണ്ടും നമ്മുടെ നാട്ടിൽ ആടു വളർത്തലിനു നല്ല പ്രചാരമുണ്ട്. കുറഞ്ഞ മുതൽമുടക്ക്, പരിമിതമായ പാർപ്പിട സൗകര്യം, കുറഞ്ഞ അളവിലുള്ള തീറ്റ, വേഗത്തിൽ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുള്ള പ്രസവം, ഒരു പ്രസവത്തിൽതന്നെ ഒന്നിലധികം കുട്ടികൾ, പോഷകമൂല്യമുള്ള പാൽ എന്നിവ ആടുവളർത്തലിന്റെ അനുകൂല ഘടകങ്ങളാണ്, ആട്ടിറച്ചിക്കുള്ള സ്ഥിരമായ ആവശ്യവും ഉയർന്ന വിലയും ആടുവളർത്തലിനെ കൂടുതൽ ആകർഷണീയമാക്കുന്നു.

ആടു ജനുസ്സുകൾ

ആടുകളെ പ്രധാനമായും ഇന്ത്യൻ ജനുസുകൾ എന്നും വിദേശ ജനുസുകൾ എന്നും തിരിക്കാം. ജമുനാപാരി, ബീറ്റൽ, ബാർബാറി, മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവ ഇന്ത്യൻ ജനുസുകൾക്കും സാനൻ, ആൽപൈൻ, ആഗ്ലോറൂബിയൻ, ടോഗൻബർഗ്, അങ്കോറ എന്നിവ വിദേശ ജനുസുകൾക്കും ഉദാഹരണങ്ങളാണ്.

വളർത്തൽ രീതികൾ

കെട്ടിയിട്ടു വളർത്തല്‍: ഒന്നോ രണ്ടോ ആടുകളെ വളർത്തുന്നവർക്കേ ഈ രീതി സാധ്യമാവുകയുള്ളൂ. കാർഷികവിളകൾ നശിപ്പിക്കാതിരിക്കാൻ ഈ രീതി ഏറെ ഫലപ്രദമാണ്.‌ വ്യാപനം: പകൽസമയം മുഴുവനും ആടുകളെ പറ്റമായി മേയാൻ വിട്ട് രാത്രിയിൽ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാർപ്പിക്കുന്നു.

തീവ്രം: തീറ്റയും വെള്ളവും കൂട്ടിനുള്ളിൽ തന്നെ ലഭ്യമാക്കി മുഴുവൻ സമയവും ആടുകളെ കൂട്ടിൽ നിർത്തി വളർത്തുന്നു.   

മധ്യവർത്തി: കൂട്ടിനുള്ളിൽ ആടുകൾക്കു തീറ്റ, വെള്ളം എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ദിവസേന പകൽസമയത്ത് അവയെ ഏതാനും മണിക്കൂർ പുറത്ത് മേയാനും അനുവദിക്കുന്നു.

ആട്ടിൻകൂട്

പ്രകൃതിയുടെ പ്രതികൂലാവസ്ഥയിൽനിന്നു രക്ഷ നൽകുന്ന രീതിയിൽ ആയിരിക്കണം കൂട് ഒരുക്കേണ്ടത്.   ലളിതമായ  സൗകര്യം മതി. അതതു പ്രദേശത്തു കിട്ടുന്ന   കമുക്, മുള, പന, പുല്ല്, ഓല മുതലായ വസ്തുക്കള്‍  ഉപയോഗിച്ച് ചെലവു കുറഞ്ഞ രീതിയിൽ കൂടു പണിയാം. തറയിൽനിന്ന് രണ്ടടിയെങ്കിലും ഉയരത്തിൽ തട്ട് തയാറാക്കണം. ആട്ടിൻകുട്ടികളുടെ കാല് ഇടയിൽ പോകാത്ത രീതിയിലും എന്നാൽ കാഷ്ഠം താഴെ പോകുന്ന രീതിയിലും (ഏകദേശം 2 സെ.മീ.) അകലം വേണം തട്ട് തയാറാക്കാൻ. ആട് ഒന്നിന് ഒരു ചതുരശ്ര മീറ്റർ സ്ഥലം.

തീറ്റക്രമം

പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയവയുടെ    ഇലകളും തീറ്റപ്പുല്ല് (ഗിനി, പാര, സിഒ– 3), വാഴയില എന്നിവയും  നൽകാം. ഇവ ഉയരത്തിൽ കെട്ടിയിട്ടു നൽകുന്നതാണ് നല്ലത്. ഇതിനു പുറമേ കാലിത്തീറ്റയോ പട്ടികയിൽ പറയുന്ന തീറ്റമിശ്രിതമോ നിശ്ചിതഅളവിൽ നൽകണം.

ആട്ടിൻകുട്ടി ജനിച്ച് മുപ്പതു മിനിറ്റിനകം കന്നിപ്പാൽ നൽകണം. മുപ്പതു ദിവസം വരെ അമ്മയുടെ പാൽ മാത്രം നൽകിയാൽ മതി. ഒരു മാസം പ്രായമാകുമ്പോൾ ഉയർന്ന മാംസ്യവും ഊർജവും അടങ്ങിയ സ്റ്റാർട്ടർ 50 ഗ്രാം വീതം നൽകാം. ഇതിന്റെ അളവ് ക്രമേണ കൂട്ടി (മാസം 50 ഗ്രാം വീതം) 56 മാസം പ്രായമാകുമ്പോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയിൽ നൽകാം. ആട്ടിൻകുട്ടികൾക്കു രണ്ടു മാസം മുതൽ പുല്ലും ഇലകളും നൽകാം.

ആടുകൾക്ക് അവയുടെ ശരീര തൂക്കത്തിന്റെ 5–7% എന്ന തോതിൽ ഈർപ്പരഹിത അടിസ്ഥാനത്തിൽ (Dry matter) ഭക്ഷണം കഴിക്കാനുള്ള കഴിവുണ്ട്. പ്രായപൂർത്തിയായ ഒരു ആടിന് ദിനംപ്രതി 3–5 കിലോ  പച്ചപ്പുല്ലോ, 2–3 കിലോ പച്ചിലയോ പരുഷാഹാരമായി നൽകണം.

പ്രായപൂർത്തിയായ ആടുകളുടെ തീറ്റക്രമം വിഭാഗം ശരീരഖര പരുഷ

തൂക്കം ആഹാരം ആഹാരം

വളരുന്ന കിലോ ഗ്രാം കിലോ

ആടുകൾ 15–20 300–400 1–2

മുതിർന്ന ആടുകൾ 25–35 200–300 2–4

പ്രജനനത്തിനുള്ള മുട്ടനാടുകൾ 35–50 300–500 3–5   

കറവയുള്ള ആടുകൾക്ക് സംരക്ഷണ റേഷനു പുറമേ ഓരോ ലീറ്റർ പാലിനും 400 ഗ്രാം  ഖരാഹാരം നൽകണം. ഗർഭിണിയായ 

ആടുകൾക്ക് പ്രസവത്തിനു രണ്ടു മാസം മുമ്പുതൊട്ട് 100–200 ഗ്രാം ഖരാഹാരം കൂടുതൽ ആയി നൽകണം. ദിവസവും രണ്ടു നേരമായി കൊടുക്കുന്നതാണ് നല്ലത്. കറവയും ചെനയുമില്ലാത്തവയ്ക്ക് നാലു കിലോ പ്ലാവില മാത്രം നൽകിയാൽ മതി. തീറ്റമിശ്രിതം, അരിഞ്ഞ പുല്ല്, ഇലകൾ എന്നിവ ചേർത്ത് ഗുളിക Pellet)  രൂപത്തില്‍ നൽകുന്ന Complete ration അഥവാ Total ration  പ്രചാരത്തിൽ വരുന്നുണ്ട്.

പരിചരണം

1.ആട്ടിൻ‌കുട്ടി ജനിച്ചു കഴിഞ്ഞാൽ ഉടനെതന്നെ മുഖം തുടച്ച് മൂക്കു പിഴിഞ്ഞ്, ശ്വസനം സുഗമമാക്കുക. കന്നിപ്പാൽ 30 മിനിറ്റിനകം നൽകുക. പൊക്കിൾക്കൊടിയിൽ ടിങ്ചർ‌ അയഡിൻ‌ പുരട്ടുക.

2.ആട്ടിൻകുട്ടികൾക്ക് ആദ്യ വിരമരുന്ന് നാലാഴ്ച പ്രായത്തിലും തുടർന്ന് ആറു മാസം വരെ മാസംതോറും നൽകണം.

3. ആട്ടിൻകുട്ടികൾക്കുണ്ടാകുന്ന ടെറ്റനസ് ഒഴിവാക്കുവാൻ ചെനയുള്ള ആടുകൾക്ക് ചെനയുടെ 4–ാം മാസത്തിലും 5–ാം മാസത്തിലും ടെറ്റനസ് ടോക്സോയിഡ് (TT) നൽകുക.

4. ബാഹ്യപരാദങ്ങൾക്കെതിരെ (പേൻ‌, ചെള്ള്, വട്ടൻ) മൂന്നു മാസത്തിലൊരിക്കൽ മരുന്നു ചെയ്യുക.

5. കുളമ്പുരോഗം, ആന്ത്രാക്സ്, കുരലടപ്പൻ (HS), ആടുവസന്ത (PPR) എന്നിവയ്ക്കെതിരെ യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കുക.

6. ആടുകളുടെ തീറ്റക്രമത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. കഞ്ഞി, പൊറോട്ട, പായസം,  പഴുത്ത ചക്ക എന്നിവ നൽകുന്നത് അസിഡോസിസ് എന്ന രോഗവും മരണവും ഉണ്ടാക്കിയേക്കാം.

7. പ്രസവിച്ച ആടുകളുടെയും പ്രസവിക്കാറായി നിൽക്കുന്നവയുടെയും അകിടിനു പ്രത്യേക ശ്രദ്ധ നൽകുക. അകിടിൽ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുക, അകിടിന്റെ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.

8. ദ്രവരൂപത്തിലുള്ള മരുന്നുകൾ കഴിവതും നിർബന്ധിച്ച് കൊടുക്കാതിരിക്കുക. ഇവ ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉണ്ടാകുവാനുള്ള സാധ്യത ആടുകളിൽ വളരെ കൂടുതൽ ആണ്.

9. പുതിയ ആടുകളെ വാങ്ങുമ്പോൾ 15 ദിവസമെങ്കിലും മാറ്റി പാർപ്പിച്ച് രോഗവിമുക്തി ഉറപ്പാക്കി മറ്റുള്ളവയോടൊപ്പം പാർപ്പിക്കുക.

വിലാസം: യൂണിവേഴ്സിറ്റി ഗോട്ട് ആൻ‍ഡ് ഷീപ് ഫാം, കേരള വെറ്ററിനറി ആൻ‍‍‍ഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി. ഫോൺ: 9400723398

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA